അമൽ നീരദ്

Amal Neerad

കൊല്ലത്ത് ജനനം എങ്കിലും പഠിച്ചതും വളർന്നതും കോട്ടയത്തും കൊച്ചിയിലുമായി. മഹാരാജാസ് കോളേജിലെ പ്രൊഫസറായിരുന്ന ഓമനക്കുട്ടൻ ആണ് അച്ഛൻ. കുട്ടിക്കാലം മുതൽ തന്നെ കടുത്ത സിനിമാപ്രേമിയായിരുന്ന അമൽ സ്കൂളിലും കോളേജിലും ഉയർന്ന മാർക്ക് നേടിയാണ് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. മഹാരാജാസ് കോളേജിൽത്തന്നെ ബിരുദത്തിനു ചേർന്നു. 1992-93-94 അക്കാദമിക് വർഷങ്ങളിൽ രണ്ട് പ്രാവശ്യത്തോളം തുടർച്ചയായി കോളേജ് യൂണിയൻ ചെയർമാനുമായിരുന്നു. തുടർച്ചയായി ക്ലാസുകൾ കട്ട് ചെയ്തും സിനിമ കണ്ടു നടന്നെങ്കിലും കോളേജിലെ തന്നെ മികച്ച മാർക്കോടെയാണ് അക്കാദമിക് ബിരുദം പൂർത്തിയാക്കിയത്. സിനിമയും ഫോട്ടോഗ്രഫിയും താല്പര്യമുണ്ടായിരുന്ന അമൽ എം ജി യൂണിവേഴ്സിറ്റിയിൽ ഫോട്ടോഗ്രഫി മത്സരത്തിൽ മൂന്ന് വർഷം തുടർച്ചയായി വിജയിയുമായി. മികച്ച അക്കാദമിക്ക് കഴിവുകൾ ഉണ്ടായിരുന്നെങ്കിലും ബിരുദത്തിനു ശേഷം കൽക്കത്തയിലെ സത്യജിത് റായ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ മാസ്റ്റർ ബിരുദത്തിനുള്ള പ്രവേശനപ്പരീക്ഷയിൽ പരാജയപ്പെട്ടു. രണ്ടാമത് എഴുതിയാണ് പ്രവേശനം നേടിയെടുക്കുന്നത്. തുടർന്ന് ഛായാഗ്രഹണത്തിൽ ബിരുദാനന്തരബിരുദത്തിനു പഠിക്കാൻ ചേർന്ന അമലിന് മൂന്നാം വർഷം സ്കോളർഷിപ്പോടെ ബെർലിൻ ഫിലിം സ്കൂളിൽ ചെന്ന് പഠിക്കാനും സാധിച്ചു. ബാബേൽ ബെർഗ് സ്റ്റുഡിയോയിൽ കോഴ്സ് ചെയ്യാൻ സാധിച്ച അമൽ അന്ന് എഴുതി സംവിധാനം ചെയ്ത ഫോർത്ത് വേൾഡ് എന്ന ഹ്രസ്വചിത്രം ഇന്ത്യയിൽ വച്ചു നടന്ന ജർമ്മൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കയുണ്ടായി. ഡിപ്ലോമയുടെ ഭാഗമായി ചെയ്ത മീന- ഝാ എന്ന ഹ്രസ്വചിത്രത്തിലെ ഛായാഗ്രഹണത്തിന് ദേശീയ അവാർഡ് ലഭ്യമായിരുന്നു. 

പ്രസിദ്ധ ബോളിവുഡ് സംവിധായകനായിരുന്ന രാംഗോപാൽ വർമ്മയുടെ ചിത്രങ്ങളിലൂടെയാണ് അമൽ നീരദ് ഒരു സ്വതന്ത്ര ഛായാഗ്രാഹകനായി സിനിമയിൽ തുടക്കമിടുന്നത്.  ജയിംസ്, ശിവ, ഡർനാ സരൂരി ഹേ തുടങ്ങിയ ബോളിവുഡ് ചിത്രങ്ങൾക്ക് അമൽ ക്യാമറ ചലിപ്പിച്ചു. രഞ്ജിത്ത് സംവിധാനം ചെയ്ത ബ്ലാക്ക് ആണ് ആദ്യ മലയാള ചിത്രം.