ഗുരു സോമസുന്ദരം

Guru Somasundaram

1975 സെപ്റ്റംബർ 3 ന് മധുരയിൽ ജനിച്ചു. മധുരയിലും തഞ്ചാവൂരിലുമായിരുന്നു സ്കൂൾ വിദ്യാഭ്യാസം. ചെന്നൈ വണ്ടലൂരിലെ ക്രെസന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ നേടിയ ഗുരു സോമസുന്ദരം പിന്നീട് ടിവിഎസിൽ ജൂനിയർ എക്സിക്യൂട്ടീവായി ജോലി ചെയ്തു. 2002 ൽ ചെന്നൈയിലെ പ്രശസ്തമായ തിയേറ്റർ ഗ്രൂപ്പായ 'Koothu- P- Pattarai' യിൽ ചേർന്ന് നാടക പരിശീലനവും അഭിനയവും തുടങ്ങിയതാണ് ജീവിതത്തിൽ വഴിത്തിരിവായത്. 2003 ൽ ഈ നാടകസംഘം അവതരിപ്പിച്ച ചന്ദ്രഹരി എന്ന നാടകത്തിെലെ കേന്ദ്രകഥാപാത്രത്തെ ഇദ്ദേഹം അവതരിപ്പിച്ചത് കാണാനിടയായ തമിഴ് സംവിധായകൻ ത്യാഗരാജൻ കുമാരരാജ തന്റെ സിനിമയിൽ ഒരു വേഷം ഇദ്ദേഹത്തിന് വാഗ്ദാനം ചെയ്യുകയും അതിൻപ്രകാരം 2011 ൽ പുറത്തിറങ്ങിയ ആരണ്യകാണ്ഡം എന്ന തമിഴ് ചിത്രത്തിൽ അഭിനയിക്കാൻ അവസരം ലഭിക്കുകയും ചെയ്തു. നിരൂപക പ്രശംസ നേടുകയും രണ്ട് ദേശിയ അവാർഡുകൾ കരസ്ഥമാക്കുകയും ഈ ചിത്രത്തിൽ ഗുരു സോമസുന്ദരത്തിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് 'കടൽ, പാണ്ഡ്യനാട്, തൂങ്കാവനം, പേട്ട, ജയ് ഭീം' തുടങ്ങി ഒട്ടേറെ തമിഴ് സിനിമകളിൽ വേഷമിട്ടു. 2016 ൽ റിലീസായ ജോക്കർ എന്ന ചിത്രത്തിലെ കേന്ദ്രകഥാപാത്രമായുള്ള പ്രകടനം ഏറെ പ്രശംസ പിടിച്ചു പറ്റിയ ഒന്നായിരുന്നു. 
    2013 ൽ പുറത്തിറങ്ങിയ 5 സുന്ദരികൾ എന്ന ആന്തോളജി സിനിമയിൽ ഷൈജു ഖാലിദ് സംവിധാനം ചെയ്ത സേതുലക്ഷ്മി എന്ന ഖണ്ഡത്തിൽ ഒരു ഫോട്ടോഗ്രാഫറുടെ കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് മലയാള സിനിമയിലെത്തിയ ഗുരു പിന്നീട് 2015 ൽ റിലീസായ കോഹിനൂർ എന്ന ചിത്രത്തിലും അഭിനയിച്ചു. ബേസിൽ ജോസഫ് സംവിധാനം ചെയ്ത് 2021 ൽ റിലീസായ മിന്നൽ മുരളി എന്ന സിനിമയിൽ 'ഷിബു' എന്ന ഒരു മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചതും ഇദ്ദേഹമാണ്. 
    നിലവിൽ തമിഴ്നാട്ടിലെ തിരുവണ്ണാമലൈയിലാണ് താമസം.