സക്കരിയ മുഹമ്മദ്

Zakariya Mohammed
Date of Birth: 
Wednesday, 19 February, 1986
സക്കറിയ മുഹമ്മദ്
Zakariya Mohammed
സംവിധാനം: 2
കഥ: 2
സംഭാഷണം: 3
തിരക്കഥ: 3

മുഹമ്മദിന്റെയും സുലൈഖയുടെയും മകനായി മലപ്പുറം ജില്ലയിലെ വളാഞ്ചേരിയിൽ  ജനിച്ചു. വളാഞ്ചേരി മർക്കസ് കോളേജിൽ നിന്ന് ഫങ്ഷണൽ ഇംഗ്ലീഷിൽ ബിരുദവും, തുടർന്ന് കോഴിക്കോട് സാഫി (SAFI) ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസത്തിൽ ബിരുദാനന്തര ബിരുദവും പൂർത്തിയാക്കിയ സക്കരിയ, കോഴിക്കോട്ടെ മീഡിയ വൺ അക്കാദമിയിൽ അസിസ്റ്റന്റ് പ്രൊഫസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

പരസ്യനിർമ്മാണ രംഗത്തും സഹസംവിധായകനായും പ്രവർത്തിച്ചുകൊണ്ടാണ് അദ്ദേഹം സിനിമയിലേക്കുള്ള ചുവടുവെപ്പുകൾ നടത്തിയത്. 'റിവോൾവ്' (Revolve) എന്ന ഹ്രസ്വചിത്രത്തിലൂടെ സംവിധാന രംഗത്തേക്ക് പ്രവേശിച്ച സക്കറിയ, 2018 -ൽ പുറത്തിറങ്ങിയ സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. ആ സിനിമയുടെ കഥ,തിരക്കഥ,സംഭാഷണം രചിച്ചതും സക്കരിയ ആയിരുന്നു. മലപ്പുറത്തിന്റെ പശ്ചാത്തലത്തിൽ ഫുട്ബോളിനെയും മനുഷ്യബന്ധങ്ങളെയും കോർത്തിണക്കി ഒരുക്കിയ ഈ ചിത്രം വലിയ ജനപ്രീതിയും നിരൂപക പ്രശംസയും പിടിച്ചുപറ്റി. അതിനുശേഷം ഹലാൽ ലൗ സ്റ്റോറി എന്ന ചിത്രം കഥ,തിരക്കഥ,സംഭാഷണം എഴുതി സംവിധാനം ചെയ്തു. തുടർന്ന് മോമോ ഇൻ ദുബായ് എന്ന സിനിമ നിർമ്മിച്ചുകൊണ്ട് സിനിമാ നിർമ്മാണരംഗത്തേക്കും കടന്നു. തുടർന്ന് ആയിഷ എന്ന സിനിമയും അദ്ദേഹം നിർമ്മിച്ചു. മോമോ ഇൻ ദുബായ്‌യുടെ തിരക്കഥയും സംഭാഷണവും എഴുതിയതും സക്കരിയ തന്നെയായിരുന്നു. വൈറസ്കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പ എന്നീ സിനിമകളിൽ അദ്ദേഹം അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.

തന്റെ ആദ്യ ചിത്രമായ 'സുഡാനി ഫ്രം നൈജീരിയ'യിലൂടെ മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരവും, മികച്ച നവാഗത സംവിധായകനും മികച്ച തിരക്കഥയ്ക്കുമുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും സക്കരിയ സ്വന്തമാക്കി.