വൈക്കം മുഹമ്മദ് ബഷീർ
വൈക്കം മുഹമ്മദ് ബഷീർ
നോവലിസ്റ്റ്, കഥാകൃത്ത്, തിരക്കഥാകൃത്ത്, അഭിനേതാവ്
"ബേപ്പൂർ സുൽത്താൻ" എന്ന് അപരനാമം. സാധാരണക്കാരന്റെ ഭാഷയും വിമർശ്ശനാത്മകമായ രചനയും സംയോജിച്ച "ബഷീർ ശൈലി" തന്നെ മലയാളഭാഷയിൽ സൃഷ്ടിച്ച ജനകീയസാഹിത്യകാരനാണ് "ബഷീർ" അഥവാ "വൈക്കം മുഹമ്മദ് ബഷീർ".
തിരുവിതാങ്കൂർ നാട്ടുരാജ്യത്തിലെ വൈക്കം താലൂക്കിലെ തലയോലപ്പറമ്പിൽ 1908 ജനുവരി 21ന് ബഷീർ ജനിച്ചു. കായി അബ്ദുർറഹ്മാന്റെയും കുഞ്ഞാത്തുമ്മയുടേയും ആറു മക്കളിൽ മൂത്തവനായിരുന്നു ബഷീർ. അബ്ദുൾഖാദർ, പാത്തുമ്മ, ഹനീഫ, ആനുമ്മ, അബൂബക്കർ എന്നിവരായിരുന്നു സഹോദരങ്ങൾ.
സാഹിത്യവും ജീവിതവും
തലയോലപ്പറമ്പിലെ മലയാളം പള്ളിക്കൂടത്തിലും വൈക്കം ഇംഗ്ളീഷ് സ്കൂളിലുമായിരുന്നു ആദ്യകാല വിദ്യാഭ്യാസം. കഥകളെ വെല്ലുന്ന ജീവിതകഥയാണ് വൈക്കം മുഹമ്മദ് ബഷീറിന്റേത്. അഞ്ചാം തരത്തിൽ പഠിക്കവേ ഗാന്ധിജിയെക്കാണാൻ കോഴിക്കോട്ടേക്ക് ഒളിച്ചോടിയ ആളാണ്. അത് ഇന്ത്യൻ സ്വാതന്ത്ര്യസമരവീഥിയിലേക്കുള്ള വഴിത്തിരിവായി. 1930ൽ കോഴിക്കോട്ട് ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുത്ത് ജയിലിലായെങ്കിലും പിൽക്കാലത്ത് വിപ്ലവാത്മകമായ ചിന്തയും പ്രവർത്തിയും എഴുത്തുമായിരുന്നു സ്വാതന്ത്ര്യസമരത്തിലും ബഷീറിന്റെ ആയുധം. "പ്രഭ" എന്ന തൂലികാനാമത്തിൽ സ്വന്തം വിപ്ലവപ്രസ്ഥാനത്തിന്റെ മുഖപ്പത്രമായ "ഉജ്ജീവന"ത്തിലെഴുതിയ ലേഖനങ്ങളാണ് ആദ്യകൃതികൾ.
പ്രസ്തുത വാരിക കണ്ടുകെട്ടപ്പെട്ടതിനെത്തുടർന്ന് ഇന്ത്യയിലെമ്പാടും പലവേഷങ്ങളിൽ വിവിധ ജോലികൾ ചെയ്ത് ബഷീർ സഞ്ചരിച്ചു. സന്യാസിയായും സൂഫിയായും വീട്ടുജോലിക്കാരനായും ഇന്ദ്രജാലക്കാരന്റെ സഹായിയായുമെല്ലാം വിവിധ നഗരങ്ങളിൽ ജീവിച്ചു. കറാച്ചിയിൽ ഹോട്ടൽ നടത്തിയിരുന്ന ബഷീർ ലാഹോറിലെ സിവിൽ മിലിറ്ററി ഗസറ്റ് പത്രത്തിൽ കോപ്പി ഹോൾഡറായും ജോലിചെയ്തിരുന്നു. പല തരത്തിലും തലത്തിലുമുള്ള കഥാപാത്രങ്ങളെ ബഷീർ സന്ധിക്കുന്നത് ആ ജീവിതഘട്ടത്തിലാണ്. ആ യാത്ര അറേബ്യയിലേക്കും ആഫ്രിക്കയിലേക്കും നീണ്ടു. ഭാരതത്തിലേയും വിദേശത്തേയും പല ഭാഷകളും ജീവിതരീതികളും പരിചയിച്ചു. ഒരു ദശാബ്ദത്തോളം നീണ്ട ആ ലോകസഞ്ചാരത്തിൽ ബഷീർ കണ്ടറിഞ്ഞ മനുഷ്യജീവിതം ബഷീറിലെ എഴുത്തുകാരനെ സ്വാധീനിച്ചിട്ടുണ്ട്. അനുഭവങ്ങളുടെ തീക്ഷ്ണത എഴുത്തിലൂടെ വായനക്കാരനിലേക്ക് ബഷീർ പകർന്നു. ബഡുക്കൂസ്, ലൊഡുക്കൂസ്, ച്ചിരിപ്പിടിയോളം, ബുദ്ദൂസ്, ഉമ്മിണിശ്ശ, ഇമ്മിണി ബല്യ ഒന്ന് തുടങ്ങിയ വാക്കുകളും പ്രയോഗങ്ങളും ബഷീർ കൃതികളുടെ പ്രത്യേകതയാണ്.
"ജയകേസരി"യിൽ പ്രസിദ്ധീകരിച്ച "തങ്കം" ആയിരുന്നു ബഷീറിന്റെ ആദ്യകഥ. പ്രേമലേഖനം, ബാല്യകാലസഖി, ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന്, ആനവാരിയും പൊൻകുരിശും, മതിലുകൾ, പാത്തുമ്മയുടെ ആട്, സ്ഥലത്തെ പ്രധാന ദിവ്യൻ തുടങ്ങിയവയാണ് പ്രശസ്തമായ ബഷീർ നോവലുകൾ. ഭൂമിയുടെ അവകാശികൾ, വിശ്വവിഖ്യാതമായ മൂക്ക്, ജന്മദിനം, വിശപ്പ് തുടങ്ങി ധാരാളം കഥാസമാഹാരങ്ങളും ലേഖനങ്ങളും സിനിമാ-നാടക രചനകളുമെല്ലാം ബഷീറിന്റേതായുണ്ട്.
ജയിൽപ്പുള്ളികളും, ഭിക്ഷക്കാരും, വേശ്യകളും, പട്ടിണിക്കാരും, സ്വവർഗ്ഗാനുരാഗികളും നിറഞ്ഞ ഒരു ഫാന്റസിയായിരുന്നു ബഷീറിന്റെ ലോകം. ഇത്തരം കഥാപാത്രങ്ങളുടെ ചിന്തകൾക്കോ, വികാരങ്ങൾക്കോ അതുവരെയുള്ള സാഹിത്യത്തിൽ സ്ഥാനമുണ്ടായിരുന്നില്ല. സമൂഹത്തിനു നേരെയുള്ള വിമർശനം നിറഞ്ഞ ചോദ്യങ്ങൾ അദ്ദേഹം ഹാസ്യത്തിലൊളിപ്പിച്ചു വച്ചു. എട്ടുകാലി മമ്മൂഞ്ഞ്, മണ്ടൻ മുത്തപ്പ, ഒറ്റക്കണ്ണൻ പോക്കറ്, ആനവാരി രാമൻ നായർ, പൊൻകുരിശ് തോമ, തുരപ്പൻ അവറാൻ തുടങ്ങി സാഹിത്യലോകത്തിന് അപരിചിതമായിരുന്ന കഥാപാത്രനാമങ്ങൾ ജനഹൃദയങ്ങളിലുറച്ചു. മനുഷ്യർ മാത്രമല്ല, ആട്, പട്ടി, പൂച്ച, കാക്ക തുടങ്ങിയ ജീവികളും ജീവനില്ലാത്ത മതിലുകളും വരെ ബഷീറിന്റെ കഥാപാത്രങ്ങളായി വന്നു.
സംഗീതത്തെയും ബഷീർ ഏറെ ഇഷ് ടപ്പെട്ടിരുന്നു. ഗസലുകളോടായിരുന്നു താൽപര്യം. "സിന്ദഗി" എന്ന ചിത്രത്തിൽ കുന്ദൻലാൽ ആലപിച്ച 'സോജാ രാജകുമാരി' ബഷീറിന്റെ ഇഷ്ടഗാനങ്ങളിൽ ഒന്നാണ്.
1994 ജൂലൈ 5ന് ബഷീർ അന്തരിച്ചു.
സിനിമകൾ
- 1964ൽ ബഷീറിന്റെ "നീലവെളിച്ചം" എന്ന മൂലകഥ ബഷീറിന്റെ തന്നെതിരക്കഥയിൽ എ വിൻസന്റ് "ഭാർഗ്ഗവീനിലയം" എന്നചലച്ചിത്രമാക്കി.ചന്ദ്രതാരയാണ് ഈ ചിത്രം നിർമ്മിച്ചത്. മധു ആയിരുന്നു നായകവേഷത്തിൽ. 2021ൽ "നീലവെളിച്ചം" അതേ പേരിൽ ആഷിക് അബുചലച്ചിത്രമാക്കുന്നു.
- 1967ൽ സംവിധായകൻ ജെ ശശികുമാർ "ബാല്യകാലസഖി" സിനിമയാക്കി. 2014ൽപ്രമോദ് പയ്യന്നൂർ അതേ പേരിൽ മമ്മൂട്ടിയെ നായകനാക്കി വീണ്ടും സിനിമ ചെയ്തു.
- 1975ൽ തോപ്പിൽ ഭാസി "മുച്ചീട്ടുകളിക്കാരന്റെ മകൾ" എന്ന നോവലും 1985ൽ പി എബക്കർ "പ്രേമലേഖനം" എന്ന നോവലും സിനിമകളാക്കി.
- ബഷീറിന്റെ "മതിലുകൾ" എന്ന നോവൽ 1989ൽ അടൂർ ഗോപാലകൃഷ്ണൻസിനിമയായിട്ടുണ്ട്.വൈക്കം മുഹമ്മദ് ബഷീർ ആയി "മതിലുകളി"ൽഅഭിനയിച്ചതിന് മമ്മൂട്ടിക്കു മികച്ച നടനുള്ള ദേശീയ പുരസ്കാരംലഭിക്കുകയുണ്ടായി.ശശിനാസ്, കഥവീട് തുടങ്ങിയ സിനിമകളും ബഷീർസൃഷ്ടികളെ അധികരിച്ച് ഉണ്ടായവയാണ്.
- "ധ്വനി" എന്ന സിനിമയിൽ ബഷീർ അഭിനയിച്ചിട്ടുമുണ്ട്.
കുടുംബം
1957 ഡിസംബർ 18ന് തന്‍റെ 50ആം വയസ്സിലായിരുന്നു ബഷീറിന്റെ വിവാഹം. അരീക്കാടൻ കോയക്കുട്ടി മാസ്റ്ററുടെയും പുതുക്കുടി പറമ്പിൽ തൊണ്ടിയിൽഖദീജയുടെയും ഏഴു മക്കളിൽ മൂത്തവളായ ഫാത്തിമ ബീവിയെയാണ് അദ്ദേഹംവിവാഹം കഴിച്ചത്. ഫാത്തിമയുടെ 'ഫാ'യും ബീവിയുടെ 'ബി'യും ചേർത്ത് ഫാബിബഷീർ എന്ന പേരിലാണ് ഫാത്തിമ ബീവി പിന്നീട് അറിയപ്പെട്ടത്. കോഴിക്കോടിനടുത്ത് ബേപ്പൂർ എന്ന സ്ഥലത്ത് വയലാലിൽ എന്ന വീട്ടിലായിരുന്നുബഷീർ ശിഷ്ടകാലം ജീവിച്ചത്. ബഷീറിനൊപ്പമുണ്ടായിരുന്ന 36 വർഷം നീണ്ടജീവിതത്തെക്കുറിച്ച് ഫാബി എഴുതിയ 'ബഷീറിന്റെ എടിയേ' എന്ന ആത്മകഥപ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.
അവാർഡുകൾ
കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ് (1970), കേരള സാഹിത്യ അക്കാദമിഫെല്ലോഷിപ് (1981), കാലിക്കറ്റ് സർവകലാശാലയുടെ ഡോക്ടർ ഓഫ് ലെറ്റേഴ്സ്ബിരുദം (1987), സംസ്കാരദീപം അവാർഡ് (1987), പ്രേംനസീർ അവാർഡ് (1992) ലളിതാംബിക അന്തർജനം അവാർഡ് (1992), മുട്ടത്തുവർക്കി അവാർഡ് (1993), വള്ളത്തോൾ പുരസ്കാരം (1993) എന്നിവ അദ്ദേഹത്തെ തേടിയെത്തി.
1985ൽ "മതിലുകൾ" എന്ന സിനിമയിലൂടെ മികച്ച കഥയ്ക്കുള്ള കേരള സംസ്ഥാന സിനിമാ പുരസ്കാരം ബഷീറിനു ലഭിച്ചു.
1982 ൽ രാജ്യം വൈക്കം മുഹമ്മദ് ബഷീറിനെ പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു.