രൂപേഷ് പീതാംബരൻ
മലയാള ചലച്ചിത്ര സംവിധായകൻ, അഭിനേതാവ്. 1985 ഓഗസ്റ്റ് 22 ന് ചലച്ചിത്ര നിർമ്മാതാവായിരുന്ന പീതാംബരന്റെ മകനായി എറണാംകുളം ജില്ലയിലെ പെരുമ്പാവൂരിൽ ജനിച്ചു. 1995 ൽ സ്ഫടികം എന്ന ചിത്രത്തിൽ മോഹൻലാലിന്റെ ബാല്യകാലം അവതരിപ്പിച്ചുകൊണ്ടായിരുന്നു രൂപേഷ് സിനിമാഭിനയത്തിന് തുടക്കമിട്ടത്. അതിനുശേഷം 1996 ൽ ദൂരദർശനിൽ സംപ്രേക്ഷണം ചെയ്ത പ്രണവം എന്ന സീരിയലിൽ അഭിനയിച്ചു. രൂപേഷ് വിദ്യാഭ്യാസത്തിനു ശേഷം ഐ ടി പ്രൊഫഷണലായി ബാംഗ്ലൂരിൽ കുറച്ചുകാലം ജോലിചെയ്തു. സിനിമയോടുള്ള താത്പര്യം മൂലം അദ്ദേഹം ജോലി രാജിവെച്ച് ചലച്ചിത്രലോകത്തേയ്ക്കിറങ്ങി.
രൂപേഷ് പീതാംബരൻ സംവിധായകനായിട്ടാണ് സിനിമയിലേയ്ക്ക് തിരിച്ചുവന്നത്. 2012 ൽ ദുൽഖർ സൽമാൻ നായകനായ തീവ്രം ആയിരുന്നു രൂപേഷ് സംവിധാനം ചെയ്ത ആദ്യ ചിത്രം. 2015 ൽ യൂ ടൂ ബ്രൂട്ടസ് എന്ന ചിത്രം സംവിധാനം ചെയ്തു. രണ്ടു സിനിമകളുടെയും കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചത് രൂപേഷ് തന്നെയായിരുന്നു. വലിയൊരു ഇടവേളയ്ക്ക് ശേഷം ഒരു മെക്സിക്കൻ അപാരത എന്ന സിനിമയിലൂടെ രൂപേഷ് അഭിനയരംഗത്തേയ്ക്ക് തിരിച്ചുവന്നു. തുടർന്ന് രണ്ട് ചിത്രങ്ങളിൽ കൂടി അദ്ദേഹം അഭിനയിച്ചു.