ഷാഫി

Shafi
Date of Birth: 
Sunday, 18 February, 1968
Date of Death: 
Sunday, 26 January, 2025
സംവിധാനം: 17
കഥ: 3
തിരക്കഥ: 1

മലയാള ചലച്ചിത്ര സംവിധായകൻ. എം എച്ച് റഷീദിന്റേയും നബീസുമ്മയുടേയും മകനായി എറണാകുളത്ത് ജനിച്ചു. പ്രശസ്ത സംവിധായകരായ റാഫി മെക്കാർട്ടിനിലെ റാഫിയുടെ അനുജനാണ് ഷാഫി. വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകാരണം പത്താംക്ലാസ് കഴിഞ്ഞതോടെ റാഫിയും ഷാഫിയും ജോലിക്കു പോയിത്തുടങ്ങി. മിമിക്‌സ് പരേഡുമായി നടക്കുന്നതിനാൽ പലപ്പോഴും റാഫിക്കു ജോലി നഷ്‌ടപ്പെടുമ്പോൾ ബാഗ് നിർമിക്കുന്ന അമ്മാവന്റെ കമ്പനിയിൽ ജോലി ചെയ്തിരുന്ന ഷാഫിയുടെ വരുമാനമായിരുന്നു കുടുംബത്തിന്റെ ആശ്രയം. ജോലിത്തിരക്കൊഴിയുമ്പോൾ മിമിക്രിയും മോണോ ആക്‌ടും നാടകവുമായി കലാരംഗത്തെ വിടാതെ കൂട്ടുപിടിച്ചിരുന്നു. ഇതിനിടെയാണ് അമ്മാവൻ സിദ്ദിഖ് സഹ സംവിധായകനായി സിനിമയിലെത്തിയത്. അതോടെ റാഫിയുടെയും ഷാഫിയുടെയും മോഹം സിനിമയായി. ചേട്ടൻ റാഫിക്ക് മെക്കാർട്ടിനെ പരിചയപ്പെടുത്തിയത് അനുജൻ ഷാഫിയായിരുന്നു. പിന്നീട് റാഫി -മെക്കാർട്ടിൻ കൂട്ടുകെട്ട് സിനിമ മലയാള സിനിമയിലെ ഹിറ്റ് ജോഡിയായി. സഹോദരൻ സിനിമയിൽ എത്തിയതോടെ സിനിമയായി ഷാഫിയുടെയും സ്വപ്‌നം. റാഫിയുടെ ശുപാർശയിൽ ക്ലാപ് ബോയ് ആയിട്ടാണു തുടക്കം. 1996 -ൽ രാജസേനൻ സംവിധാനം ചെയ്ത ദില്ലിവാലാ രാജകുമാരൻ എന്ന സിനിമയിൽ അസിസ്റ്റന്റ് സംവിധായകനായിട്ടായിരുന്നു ഷാഫിയുടെ തുടക്കം. പിന്നീട് രാജസസേനന്റെ ചില ചിത്രങ്ങളിലും റാഫി മെക്കാർട്ടിന്റെ സിനിമകളിലും സിദ്ദിഖിന്റെ സിനിമയിലും സഹകരിച്ചു.

2001-ൽ ജയറാം നായകനായ വൺ‌മാൻ ഷോ എന്ന സിനിമയിലൂടെയാണ് ഷാഫി സ്വതന്ത്ര സംവിധായകനാകുന്നത്. പിന്നീട് ദിലീപ് നായകനായ കല്യാണരാമൻ, മമ്മൂട്ടി നായകനായ തൊമ്മനും മക്കളുംമായാവി.. തുടങ്ങി പതിനഞ്ചിലധികം സിനിമകൾ സംവിധാനം ചെയ്തു. തൊമ്മനും മക്കളും കണ്ടിട്ട് നടൻ വിക്രമാണ് ചിത്രം തമിഴിൽ ചെയ്യാൻ ഷാഫിയെ ക്ഷണിച്ചത്. വിക്രമും അസിനും നായികാനായകന്മാരായ മജാ തമിഴകത്തും ഷാഫിക്ക് മേൽവിലാസം നൽകി.  ഷാഫി സംവിധാനം ചെയ്ത സിനിമകളിൽ ഭൂരിഭാഗവും കോമഡി ചിത്രങ്ങളായിരുന്നു. മേക്കപ്പ് മാൻ അടക്കം മൂന്ന് സിനിമകൾക്ക് ഷാഫി കഥ എഴുതി. ഷെർലക് ടോംസ് എന്ന സിനിമയിൽ കഥ,തിരക്കഥ രചിച്ചതും ഷാഫിയായിരുന്നു. ലോലിപോപ്പ്101 വെഡ്ഡിംഗ്സ് എന്നീ സിനിമകൾ നിർമ്മിച്ച് നിർമ്മാണ രംഗത്തും ഷാഫി തന്റെ കഴിവുതെളിയിച്ചു. മായാവിയിൽ സലിംകുമാർ ചെയ്ത സ്രാങ്കും ചട്ടമ്പിനാട്ടിൽ സുരാജ് വെഞ്ഞാറമൂട് ചെയ്ത ദശമൂലം ദാമുവും മലയാളത്തിന്റെ ചിരിയരങ്ങിലെ രാജാക്കാൻമാരായി ഇപ്പോഴും വാഴുകയാണ്. 
2025 ജനുവരിയിൽ ഷാഫി അന്തരിച്ചു.