സൂരജ് ടോം

Sooraj Tom

മലയാള ചലച്ചിത്ര സംവിധായകൻ. 1980 ആഗസ്റ്റ് 29- ന് കോട്ടയം ജില്ലയിലെ അതിരമ്പുഴയിൽ, ഇലുപ്പക്കാട്ട് തോമസ് - മേരിക്കുട്ടി ദമ്പതികളുടെ ഏഴുമക്കളിൽ ഏഴാമനായി ജനിച്ചു.  അതിരമ്പുഴ സെന്റ് അലോഷ്യസ് ഹൈസ്ക്കൂൾ, മാന്നാനം KE കോളേജ് എന്നിവിടങ്ങളിലെ പഠനത്തിന് ശേഷം സൂരജ് ടോം മൾട്ടിമീഡിയയിൽ ഡിപ്ലോമ എടുത്തു. ബി എസ് സി ഫിസിക്സിന് കോളേജിൽ പഠിയ്ക്കുന്നകാലത്ത് സ്കിറ്റുകളിലൂടെയും നാടകങ്ങളിലൂടെയും കലാ പ്രവർത്തനം ആരംഭിച്ചു. 2001 ൽ ഡിഗ്രി അവസാനവർഷം പഠിക്കുമ്പോൾ സുഹൃത്തും, സൈക്കോളജിസ്റ്റുമായ വിപിൻ. വി. റോൾഡന്റ് സംവിധാനം ചെയ്ത Let me smile എന്ന ഡോക്യുമെന്ററിക്ക് അസോസിയേറ്റ് ഡയറക്ടറും, തിരക്കഥാപങ്കാളിയും ആയിട്ടായിരുന്നു സൂരജ് ടോമിന്റെ തുടക്കം. ആദ്യ സംവിധാന സംരഭം കുപ്പിവള എന്ന ഷോർട്ട് ഫിലിമായിരുന്നു.

പിന്നീടങ്ങോട്ട് 2007 വരെ നിരവധി ഷോർട്ട് ഫിലിമുകളും, മ്യൂസിക്ക് വീഡിയോകളും, ഡോക്യുമെന്ററികളും, സീരിയലുകളുമൊക്കെ ആയിട്ടായിരുന്നു സൂരജ് ടോമിന്റെ പ്രവർത്തനം. 2007 ൽ ശ്രീനിവാസ് കറി പൗഡറിന്റെ പരസ്യചിത്രത്തിലൂടെ പരസ്യചിത്രസംവിധാനത്തിലേയ്ക്ക് അദ്ദേഹം ചുവട് മാറി. 2010 വരെ സുഹൃത്ത് റോയിയുമൊത്ത് സൂരജ് റോയ് എന്ന പേരിൽ ഇരട്ട സംവിധായകരായി നില കൊണ്ടു. 2010 ൽ ഈ കൂട്ട് കെട്ട് പിരിഞ്ഞ് സൂരജ് ടോം പ്രൊഡക്ഷൻസ് എന്ന പേരിൽ പരസ്യചിത്ര സംവിധാന രംഗത്ത് സൂരജ് തനിയെ നിലയുറപ്പിച്ചു. തുടർന്നങ്ങോട്ട് ചെറുതും, വലുതുമായ 150 ഓളം പരസ്യചിത്രങ്ങൾ ചെയ്തു. ഇതിനിടയിൽ ബാബു ജനാർദ്ധനൻ സംവിധാനം ചെയ്ത ബോംബെ മാർച്ച് 12  എന്ന സിനിമയിൽ സംവിധാന സഹായിയായി പ്രവർത്തിച്ചു. കുറച്ച് കാലം ദുബായിലെ ഒരു മീഡിയ കമ്പനിയിലും, മഴവിൽ മനോരമയുടെ പ്രൊമോ വിഭാഗത്തിലും സൂരജ് വർക്ക് ചെയ്തിരുന്നു.

2016 ൽ റിലീസ് ചെയ്ത  പാ.വ (പാപ്പനെക്കുറിച്ചും, വർക്കിയെക്കുറിച്ചും) എന്ന ചിത്രത്തിലൂടെ സൂരജ് ടോം സിനിമയിൽ സ്വതന്ത്ര സംവിധായകനായി. തുടർന്ന് 2018 ൽ അനൂപ് മേനോന്റെ തിരക്കഥയിൽ എന്റെ മെഴുതിരി അത്താഴങ്ങൾ. സംവിധാനം ചെയ്തു.  ഒരു ആന്തോളജി ചിത്രത്തിൽ അപ്പു എന്ന ഒരു ഹൃസ്വചിത്രവും സൂരജ് ടോം സംവിധാനം ചെയ്തു. വിപിൻ ആറ്റ്ലി സംവിധാനം ചെയ്ത ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ട് സൂരജ് ചലച്ചിത്രാഭിനയമേഖലയിലേയ്ക്കും കടന്നു. കൂടാതെ മനോരമ മാക്സിന്റെ ഒരു വെബ് സീരീസിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

അനിയാണ് സൂരജ് ടോമിന്റെ ഭാര്യ. രണ്ട് മക്കൾ. ദർശൻ ടോം സൂരജ്. ധ്യാൻ ടോം സൂരജ്. ഭാര്യയും, മക്കളും, അമ്മയും അടങ്ങുന്ന കുടുംബം 8 വർഷങ്ങളായ് കൊച്ചിയിലാണ് സ്ഥിരതാമസം.

ഫേസ്ബുക്ക് പ്രൊഫൈൽ 

വെബ്സൈറ്റ്