തരുൺ മൂർത്തി
വൈക്കം സ്വദേശി. വൈക്കം പുളിഞ്ചുവട് ആഞ്ഞിലിക്കടവിൽ മധുവിന്റെയും വിനുവിന്റെയും മകനായി ജനനം. രണ്ടാം ക്ലാസ് മുതൽ കഥകളി അഭ്യസിച്ച് തുടങ്ങി, നാലാം വർഷം തന്നെ കഥകളിയിൽ അരങ്ങേറ്റം നടത്തി. കലാമണ്ഡലം ജയപ്രകാശ്, ആർ എൽ വി രഘുനാഥ് എന്നിവരാണ് ഗുരുക്കന്മാർ. കൊച്ചിൻ ഷിപ്‌യാർഡിലെ ഉദ്യോഗസ്ഥനായിരുന്നു അച്ഛൻ. അവിടുത്തെ കലാപ്രവർത്തനങ്ങൾക്ക് പുറമേ വൈക്കം മനീഷ എന്ന നാടക ക്ലബ്ബിന്റെ അംഗം കൂടിയായിരുന്ന അച്ഛൻ അമച്വർ നിരവധി നാടകങ്ങൾ എഴുതി സംവിധാനം ചെയ്തു. അച്ഛൻ തന്നെയായിരുന്നു കലാരംഗത്ത് തരുണിന്റെ ആദ്യ ഗുരു. കഥകളിക്ക് പുറമേ കുട്ടിക്കാലത്ത് തന്നെ മിമിക്രി, മോണോ ആക്റ്റ് തുടങ്ങിയ കലാപരിപാടികളിലും സജീവമായിരുന്നതിനാൽ സ്കൂൾ കലോത്സവങ്ങളിലൂടെ തരുൺ ശ്രദ്ധേയനായി.
ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കാനാഗ്രഹിച്ചെങ്കിലും കമ്പ്യൂട്ടർ സയൻസിൽ എഞ്ചിനീയറിംഗ് ബിരുദമാണ് പൂർത്തിയാക്കിയത്. തുടർന്ന് മാസ്റ്റർബിരുദമായ എംടെക്കും കരസ്ഥമാക്കി നാലോളം വർഷങ്ങൾ കമ്പ്യൂട്ടർ സയൻസിൽ അസിസ്റ്റന്റ് പ്രൊഫസറായി അധ്യാപന രംഗത്ത് പ്രവർത്തിച്ചു. തിരക്കഥകളെഴുതി ഷോർട്ഫിലിമുകളുമായാണ് വിഷ്വൽ മേഖലയിൽ തുടക്കമിടുന്നത്. തുടർന്ന് പരസ്യ ചിത്രങ്ങൾ നിർമ്മിക്കാനായി സ്വന്തം കമ്പനിക്ക് തുടക്കമിട്ടു. മറ്റ് സിനിമാ സംവിധായകരെ അസിസ്റ്റ് ചെയ്യാതെ ആണ് തരുൺ തന്റെ സ്വന്തം ചിത്രമായ ഓപ്പറേഷൻ ജാവയിലൂടെ സ്വതന്ത്ര സംവിധായകനായി മാറുന്നത്.
എഴുത്തുകാരനും സംവിധായകനുമായ പി ബാലചന്ദ്രൻ തരുണിന്റെ കലാജീവിതത്തിൽ ഏറെ സ്വാധീനം ചെലുത്തിയ വ്യക്തിയാണ്. പി ബാലചന്ദ്രന്റെ ചെണ്ട എന്ന നാടകം തരുണും സംഘവും സ്കൂൾ യുവജനോത്സവ വേദികളിൽ അവതരിപ്പിച്ച് കയ്യടി നേടിയിട്ടുണ്ട്. വൈക്കംകാരനായിരുന്നു പി ബാലചന്ദ്രനെന്നതും കൊണ്ടും അച്ഛന്റെ നാടകപരിചയവുമൊക്കെ പി ബാലചന്ദ്രനിലേക്ക് തരുണിനെ അടുപ്പിക്കാൻ കാരണമായിട്ടുണ്ട്.
കഥകളി പ്രൊഫഷണലായി അവതരിപ്പിക്കുന്ന തരുൺ കലാമണ്ഡലം ഗോപിയുടെ കൂടെ കഥകളി വേഷം അവതരിപ്പിച്ചിട്ടുണ്ട്.
കോളേജ് അധ്യാപികയായ രേവതി റോയ് ആണ് തരുണിന്റെ ജീവിത പങ്കാളി. ഒരു മകനുമുണ്ട്.
തരുണിന്റെ ഫേസ്ബുക്ക് പ്രൊഫൈലിവിടെ