മഹേഷ് നാരായണൻ

Mahesh Narayanan
സംവിധാനം: 4
കഥ: 4
സംഭാഷണം: 4
തിരക്കഥ: 6

ചലച്ചിത്ര സംവിധായകൻ. 1982 -ൽ കോട്ടയം ജില്ലയിലെ വൈക്കത്ത് ജനിച്ചു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽനിന്നും ഗ്രാജ്വേഷൻ കഴിഞ്ഞ മഹേഷ് തമിഴ്നാട്  M.G.R. Government Film and Television Training Institute -ൽ ചേർന്ന് പഠിച്ചു. മഹേഷ് പരസ്യ ചിത്രങ്ങളുടെ എഡിറ്ററായിട്ടാണ് ആദ്യം വർക്ക് തുടങ്ങിയത്. പിന്നീട് ഡോക്യുമെന്റ്രികളും ഷോർട്ട് ഫിലിംസും എഡിറ്റ് ചെയ്യാൻ തുടങ്ങി അങ്ങിനെയാണ് സിനിമയിലേയ്ക്കുള്ള വഴിതുറക്കുന്നത്. 2006-ൽ ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത രാത്രിമഴ -ക്ക് വേണ്ടി എഡിറ്റിംഗ് നിർവഹിച്ചുകൊണ്ടാണ് മഹേഷ് നാരായണൻ സിനിമയിലേയ്ക്ക് പ്രവേശിയ്ക്കുന്നത്. തുടർന്ന് നിരവധി ചിത്രങ്ങൾക്ക് അദ്ദേഹം എഡിറ്റിംഗ് നിർവഹിച്ചു. ബ്യുട്ടിഫുൾ, കന്യക ടാക്കീസ്, എന്നു നിന്റെ മൊയ്തീൻ.. തുടങ്ങിയ ചിത്രങ്ങളിലെ വർക്കുകൾ മഹേഷ് നാരായണന് ഈ രംഗത്ത് സ്ഥാനമുറപ്പിയ്ക്കുന്നതിന് സഹായിച്ചു. മലയാള സിനിമകൾ കൂടാതെ കമലഹാസന്റെ ബിഗ് ബജറ്റ് ചിത്രമായ വിശ്വരൂപത്തിന്റെ എഡിറ്റിംഗും മഹേഷ് നാരായണനായിരുന്നു.

മഹേഷ് നാരായണൻ എഡിറ്റിംഗിനോടൊപ്പം രചനയിലേയ്ക്കും താമസിയാതെ പ്രവേശിച്ചു. 2015-ൽ മിലി എന്ന ചിത്രത്തിന്റെ കഥ,തിരക്കഥ,സംഭാഷണം എന്നിവ നിർവഹിച്ചത് മഹേഷായിരുന്നു. അദ്ദേഹത്തിന്റെ ആദ്യ സംരംഭം തന്നെ ശ്രദ്ധിയ്ക്കപ്പെടുകയും, നിരൂപക പ്രശംസ നേടുകയും ചെയ്തു. 2017-ൽ മഹേഷ് നാരായണൻ സംവിധായകനായി ടെയ്ക്ക് ഓഫ് ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ സംവിധാന ചിത്രം. "ടെയ്ക്ക് ഓഫിന്റെ" കഥ, തിരക്കഥ, സംഭാഷണം, സംവിധാനം,എഡിറ്റിംഗ് എന്നിവയെല്ലാം നിർവഹിച്ചത് മഹേഷ് നാരായണനായിരുന്നു. ഇറാഖിലെ തിക്രിത്തിൽ ഐ സ് ഭീകരർ തടവിലാക്കിയ ഇന്ത്യൻ നേഴ്സുമാരെ രക്ഷപ്പെടുത്തിയതിന്റെ കഥപറയുന്ന "ടെയ്ക്ക് ഓഫ്" നിരൂപക പ്രശംസയ്ക്കൊപ്പം വലിയ സാമ്പത്തിക വിജയവും നേടി. മികച്ച നവാഗത സംവിധായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം മഹേഷ് നാരായണന് "ടെയ്ക്ക് ഓഫ്" നേടിക്കൊടുത്തു. മഹേഷ് നാരായണന്റെ രണ്ടാമത്തെ ചിത്രമാണ് മാലിക്.  ഫഹദ് ഹഫാസിൽ നായകനായ ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ കഥ,തിരക്കഥ,സംഭാഷണം,സംവിധാനം,എഡിറ്റിംഗ് എല്ലാം മഹേഷ് നാരായണൻ തന്നെയാണ്. 

മഹേഷിന്റെ ഭാര്യ രമ്യ. മകൾ ഇഷ.