ശ്രീബാലാ കെ മേനോൻ

Sreebala K Menon

മലയാള ചലച്ചിത്ര സംവിധായിക, സാഹിത്യകാരി. മഡ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ പി ജി കഴിഞ്ഞ ശ്രീബാല, തിരുവനന്തപുരം സി ഡിറ്റിൽ നിന്നും സയൻസ് ആൻഡ് ഡവലപ്പ്മെന്റ് കമ്യൂണിക്കേഷനിൽ പരിശീലനം നേടിയിട്ടുണ്ട്. 2001-ൽ നരേന്ദ്രൻ മകൻ ജയകാന്തൻ വക എന്ന സിനിമയിൽ സംവിധായകൻ സത്യൻ അന്തിക്കാടിന്റെ അസിസ്റ്റന്റ് സംവിധായികയായിട്ടായിരുന്നു ശ്രീബാലയുടെ തുടക്കം. തുടർന്ന്  അദ്ദേഹത്തിന്റെ തന്നെ അച്ചുവിന്റെ അമ്മ, രസതന്ത്രം, വിനോദയാത്ര എന്നീ സിനിമകളിലും അസിസ്റ്റന്റായി പ്രവർത്തിച്ചു. 2009-ൽ സത്യൻ അന്തിക്കാടിന്റെ ഭാഗ്യദേവതയിലൂടെ അസോസിയേറ്റ് സംവിധായികയായി. തുടർന്ന് സത്യൻ അന്തിക്കാടിന്റെ തന്നെ ഭാഗ്യദേവത, കഥ തുടരുന്നു, സ്നേഹവീട്, ഒരു ഇന്ത്യൻ പ്രണയകഥ, പുതിയ തീരങ്ങൾ എന്നീ സിനിമകളിലും അസോസിയേറ്റ് സംവിധായികയായി പ്രവർത്തിച്ചു. 2009-ൽ  സന്തോഷ് ഏച്ചിക്കാനത്തിന്റെ 'പന്തിഭോജനം' എന്ന ചെറുകഥയെ ആസ്പദമാക്കി ശ്രീബാല സംവിധാനം ചെയ്ത പന്തിഭോജനം എന്ന ഹ്രസ്വ ചിത്രം ഭക്ഷണത്തിന്റെ ജാതിയെ പറ്റി പറഞ്ഞു കൊണ്ട് ശ്രദ്ധേയമായി.

ശ്രീബാല കെ മേനോൻ സ്വതന്ത്ര സംവിധായികയാകുന്നത് 2015-ലാണ് ദിലീപിനെ നായകനാക്കി ലൗ 24*7 എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയ്ക്ക് കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയതും ശ്രീബാലതന്നെയായിരുന്നു. 2015-ലെ മികച്ച പുതുമുഖ സംവിധായികയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡിന് ശ്രീബാല അർഹയായി.  സിനിമ സംവിധായിക എന്നതുകൂടാതെ നല്ലൊരു എഴുത്തുകാരി കൂടിയാണ് ശ്രീബാല കെ മേനോൻ. അവർ രചിച്ച "19 കനാൽ റോഡ് " , സിൽവിയപ്ലാത്തിന്റെ മാസ്റ്റർപീസ്..  എന്നീ പുസ്തകങ്ങൾ 2005-ലെ  കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയിട്ടുണ്ട്. "റീഡ് മി ബുക്ക്സ്" എന്ന പുസ്തക പ്രസാക സ്ഥാപനത്തിന്റെ ഉടമ കൂടിയാണ് ശ്രീബാല കെ മേനോൻ.