ആലങ്കോട് ലീലാകൃഷ്ണൻ
വെങ്ങേത്ത് ബാലകൃഷ്ണൻ നമ്പ്യാരുടെയും മണപ്പാടി ലക്ഷ്മിക്കുട്ടി അമ്മയുടെയും മകനായി മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിലെ ആലങ്കോട് ഗ്രാമത്തിലാണ് ജനിച്ചത്. സ്കൂൾ പഠനകാലത്ത് തന്നെ ലീലാകൃഷ്ണൻ കഥകളും കവിതകളും എഴുതിയിരുന്നു. കഥാപ്രസംഗ കലാകാരനായാണ് ലീലാകൃഷ്ണൻ ആദ്യമായി വേദിയിൽ കയറുന്നത്.
ഏകാന്തം, വള്ളുവനാടൻ, പൂരക്കാഴ്ചകൾ, നിളയുടെ തീരങ്ങളിലൂടെ, പി.യുടെ പ്രണയ പാപങ്ങൾ, താത്രിക്കുട്ടിയുടെ സ്മാർത്തവിചാരം എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാനകൃതികൾ. ജയരാജ് സംവിധാനം ചെയ്ത തിളക്കം എന്ന സിനിമയുടെ കഥ ലീലാകൃഷ്ണന്റേതായിരുന്നു. കാവ്യം, ഏകാന്തം എന്നീ സിനിമകൾക്ക് അദ്ദേഹം തിരക്കഥ, സംഭാഷണം എന്നിവ രചിച്ചിട്ടുണ്ട്. ഏഴിലധികം സിനിമകൾക്ക് ഗാനരചനയും നിർവഹിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ നിളയുടെ തീരങ്ങളിലൂടെ എന്ന കൃതി ദൂരദർശൻ ഡോക്യുമെന്ററി പരമ്പരയാക്കിയിരുന്നു. പ്രേംജി പുരസ്‌കാരം, കുഞ്ഞുണ്ണിമാഷ് പുരസ്‌കാരം അബുദാബി യുവകലാ സാഹിതിയുടെ കാമ്പിശ്ശേരി പുരസ്‌കാരം തുടങ്ങിയ ഒട്ടേറെ ബഹുമതികൾക്ക് അർഹനായിട്ടുള്ള ലീലാകൃഷ്ണൻ തുഞ്ചൻ സ്മാരക ട്രസ്റ്റ് അംഗമാണ്.
1981 -ൽ എം.ഇ.എസ്. പൊന്നാനി കോളേജിൽ നിന്ന് വാണിജ്യ ശാസ്ത്രത്തിൽ ബിരുദം നേടിയ ലീലാകൃഷ്ണൻ 1983 -ൽ കേരള ഗ്രാമീൺ ബാങ്കിൽ ഉദ്യോഗസ്ഥനായി ജോലിയിൽ പ്രവേശിച്ചു. മുപ്പത്തിഏഴ് വർഷത്തെ ഔദ്യോഗിക ജീവിതത്തിന് ശേഷം 2020 -ൽ അദ്ദേഹം വിരമിച്ചു.
ആലങ്കോട് ലീലാകൃഷ്ണന്റെ ഭാര്യ ബീന അദ്ധ്യാപികയാണ്. മക്കൾ കവിത, വിനയകൃഷ്ണൻ.