ശ്രീകാന്ത് മുരളി

Sreekanth Murali

സംവിധായകനായും നടനായും പേരെടുത്ത ശ്രീകാന്ത് മുരളി പ്രഗല്‍ഭനായ ഒരു പരസ്യചിത്ര സംവിധായകന്‍ കൂടിയാണ്. 1971 ഒക്ടോബര്‍ 3ന് എറണാകുളം ജില്ലയുടെ കിഴക്കേ അറ്റത്തുള്ള ആലപുരം എന്ന ഗ്രാമത്തില്‍ ജനനം. കുറവിലങ്ങാട് ദേവമാതാ കോളെജിലെ പഠനത്തിനു ശേഷം കൈരളി ചാനലിൽ പ്രോഗ്രാം പ്രോഡ്യൂസർ ആയിരുന്ന ശ്രീകാന്ത് മുരളി 250 ഓളം പരസ്യങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. 10 വര്‍ഷത്തോളം പ്രിയദര്‍ശന്റെ സംവിധാന സഹായിയായും അസോസിയേറ്റ് ആയും പ്രവര്‍ത്തിച്ചത് ശ്രീകാന്തിലെ സംവിധായകനെ രൂപപ്പെടുത്തി എടുക്കുന്നതില്‍ നിര്‍ണ്ണായകമായി.

എന്നാല്‍ സംവിധായകന്‍ എന്ന നിലയില്‍ അറിയപ്പെടുന്നതിന് മുന്നേ അപ്രതീക്ഷിതമായി നടന്‍ ആയിട്ടാണ് മലയാളി മനസ്സില്‍ ശ്രീകാന്ത് സ്ഥാനം നേടുന്നത്. ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലെ ഒരേ ഒരു രംഗത്ത്‌ വരുന്ന വക്കീല്‍ വേഷം മികച്ച പ്രശംസ ആണ് ശ്രീകാന്തിന് നേടിക്കൊടുത്തത്. സവിശേഷമായ സംഭാഷണ ശൈലിയും സ്വാഭാവികമായ അഭിനയവും വഴി കുറെ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയിട്ടുണ്ട് അദ്ദേഹം. തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ലൂക്കാ തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങള്‍ ശ്രദ്ധേയം ആയിരുന്നു. 2017ല്‍  സന്തോഷ് ഏച്ചിക്കാനത്തിന്‍റെ രചനയില്‍ എബി എന്ന ചിത്രത്തിലൂടെയാണ് ശ്രീകാന്ത് മുരളി എന്ന സ്വതന്ത്ര ചലച്ചിത്ര സംവിധായകന്‍റെ ജനനം. സിനിമയില്‍ ക്യാമറയ്ക്ക് മുന്നിലും പിന്നിലുമായി തിരിക്കേറി നില്‍ക്കുമ്പോഴും ടെലിവിഷന്‍ ഷോകളും പരസ്യങ്ങളും അടക്കം വിവിധ വിഷ്വല്‍ മീഡിയ മേഖലകളില്‍ സജീവമാണ് മീഡിയാ സ്കേപ്’ എന്ന പരസ്യകമ്പനിയുടെ ഉടമകൂടിയായ ശ്രീകാന്ത് മുരളി.

ഗായികയായ സംഗീത ആണ് ശ്രീകാന്തിന്‍റെ ജീവിത പങ്കാളി.