രാഹുൽ സുബ്രഹ്മണ്യൻ
എറണാകുളം ചോറ്റാനിക്കര സ്വദേശി. സുബ്രഹ്മണ്യം ഉണ്ണിയുടേയും ജയശ്രീയുടെയും മകനായി 1989 നവംബർ 26ന് ജനനം. സഹോദരി ടിവി അവതാരകയും പിന്നീട് മലയാള സിനിമയിൽ പ്രശസ്തിയാർജ്ജിച്ച അഭിനേത്രിയും ഗായികയുമായ രമ്യ നമ്പീശനാണ്. കുട്ടിക്കാലം മുതൽ തന്നെ സഹോദരിക്കൊപ്പം സംഗീതം അഭ്യസിച്ചിരുന്ന രാഹുൽ സ്കൂൾ കോളേജ് വിദ്യാഭ്യാസത്തിനു ശേഷം സിനിമയിൽ പാടുന്നതിനുള്ള സംഗീത ശ്രമങ്ങൾ നടത്തുകയും ഷാൻ റഹ്മാന്റെ സംഗീതത്തിൽ വിനീത് ശ്രീനിവാസന്റെ തട്ടത്തിൻ മറയത്ത് എന്ന സിനിമയിൽ അനുരാഗം എന്ന ഗാനം പാടിക്കൊണ്ട് മലയാള സിനിമയിൽ തുടക്കമിടുകയുമായിരുന്നു. തുടർന്ന് ബംഗളൂരിൽ ഹ്യൂമൻ റിസോഷ്സസ് ഓഫീസറായി ജോലി ചെയ്തിരുന്ന രാഹുൽ സിനിമയോടുള്ള പാഷൻ മൂലം ജോലി ഉപേക്ഷിച്ച് കൊച്ചിൻ മീഡിയ സ്കൂളിൽ സൗണ്ട് എഞ്ചിനീയറിംഗ് കോഴ്സിനായി ജോയിൻ ചെയ്തു. അവിടെ നിന്നുണ്ടായ സൗഹൃദമാണ് രാഹുലിനെ ഒരു ഗായകനിൽ നിന്ന് സംഗീത സംവിധായകനെന്ന നിലയിലേക്ക് മാറ്റിയെടുത്തത്.
മീഡിയ സ്കൂളിൽ വച്ച് പരിചയപ്പെട്ട റോജിൻ തോമസ്, ഷാനിൽ മുഹമ്മദെന്നിവർക്കൊപ്പം ഹ്രസ്വചിത്രങ്ങൾ ഒരുക്കി, മനോരമയുടെ യുവ ഒരുക്കിയ ഷോർട് ഫിലിം ഫെസ്റ്റിൽ ഇവരുടെ "വൺറുപ്പി ടിപ്പെന്ന" ഹ്രസ്വചിത്രം അവാർഡിനർഹമായി. തുടർന്ന് ഇവർ ഒരുമിച്ച് പൂർത്തിയാക്കിയ സ്ക്രിപ്റ്റ് ഫ്രൈഡേ ഫിലിംസിലൂടെ റോജിനും ഷാനിലും സംവിധായകരായും രാഹുൽ സംഗീതസംവിധായകനായും അവരുടെ ആദ്യ ചിത്രമായ "ഫിലിപ്പ് & ദി മങ്കിപ്പെന്നായി" പുറത്തിറങ്ങി ശ്രദ്ധേയമായി. തുടർന്ന് ഈ ടീം തന്നെ സഹകരിച്ച് റോജിൻ സംവിധായകനായി ജോ&ദ ബോയ് എന്ന സിനിമയും പുറത്തിറക്കി. തുടർന്ന് മോഹൻലാൽ നായകനായ 1971 ബിയോണ്ട് ദ ബോർഡേർസ്, ആകാശവാണി, മേപ്പടിയാൻ തുടങ്ങിയ സിനിമകൾക്കൊക്കെ സംഗീതമൊരുക്കി.
റോജിന്റെ മൂന്നാമത്തെ ചിത്രമായ #ഹോം ഫ്രൈഡേ ഫിലിംസ് വഴി തന്നെ ആമസോണിൽ ഓടിടി ആയി റിലീസ് ചെയ്യപ്പെട്ടു. അതിലും രാഹുൽ സംഗീതസംവിധാനവും പശ്ചാത്തലസംഗീതവും ഒരുക്കി, ഒപ്പം ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്റ്ററുമായിരുന്നു. റോജിന്റെ എല്ലാ സിനിമകളിലും ക്രിയേറ്റീവ് ഡയറക്റ്ററായി സഹകരിക്കുന്നു.
സംഗീതസംവിധാനത്തോടൊപ്പം ഗായകനായും സജീവമായ രാഹുൽ കൊച്ചിയിൽ പോയറ്റിക് പ്രിസം & പിക്സൽസ് എന്ന പേരിൽ മ്യൂസിക് റെക്കോർഡിംഗ് & സിനിമ സ്റ്റുഡിയോയും നടത്തുന്നു. #ഹോമിലെ പല ഗാനങ്ങളും റെക്കോർഡ് ചെയ്യപ്പെട്ടതും ആനിമേഷൻസും DI കളറിംഗുമൊക്കെ ഈ സ്റ്റുഡിയോയിലായിരുന്നു പൂർത്തിയാക്കിയത്.
രാഹുലിന്റെ ഫേസ്ബുക്ക് പ്രൊഫൈൽ | ഇൻസ്റ്റഗ്രാം പേജ്