ഉണ്ണി മുകുന്ദൻ

Unni Mukundan
Date of Birth: 
ചൊവ്വ, 22 September, 1987
എഴുതിയ ഗാനങ്ങൾ: 2
ആലപിച്ച ഗാനങ്ങൾ: 9

മലയാള ചലച്ചിത്ര നടൻ. 1987 സെപ്റ്റംബറിൽ മുകുന്ദൻ നായരുടെയും റോജി മുകുന്ദന്റെയും മകനായി തൃശ്ശൂരിൽ ജനിച്ചു. ഉണ്ണികൃഷ്ണൻ മുകുന്ദൻ എന്നാണ് യഥാർത്ഥ നാമം. അച്ഛന് ഗുജറാത്തിലായിരുന്നു ജോലി എന്നതിനാൽ ഉണ്ണി പഠിച്ചതും വളർന്നതും അവിടെയായിരുന്നു. 2002- ൽ ഇറങ്ങിയ നന്ദനം എന്നെ ചിത്രത്തിന്റെ തമിഴ് റീമേക്കായ സീദൻ- ലൂടെയാണ് ചലച്ചിത്രലോകത്തേയ്ക്ക് കടക്കുന്നത്. ഉണ്ണി മുകുന്ദന്റെ മലയാളത്തിലെ ആദ്യ ചിത്രം മമ്മൂട്ടി നായകനായ ബോംബെ മാർച്ച് 12  ആയിരുന്നു. ആ സിനിമയിലെ അഭിനയത്തിന് നിരവധി അവാർഡുകൾ ലഭിച്ചിരുന്നു.

 തുടർന്ന് ബാങ്കോക് സമ്മർതൽസമയം ഒരു പെൺകുട്ടി എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. 2012- ൽ വൈശാഖ് സംവിധാനം ചെയ്ത മല്ലൂസിംഗ് എന്ന ചിത്രത്തിൽ നായകനായി. മല്ലുസിങ്ങിന്റെ  വലിയ വിജയം ഒരുപിടി സിനിമകളിൽ നായകവേഷം ചെയ്യാൻ ഉണ്ണി മുകുന്ദന്  പിന്നീട് അവസരമൊരുക്കി. അവയിൽ ഭൂരിപക്ഷം ചിത്രങ്ങളും സാമ്പത്തികമായി പരാജയപ്പെട്ടു. പിന്നീട് 2014- ൽ ലാൽജോസ് സംവിധാനം ചെയ്ത വിക്രമാദിത്യൻ എന്ന ചിത്രത്തിൽ ദുൽഖർ സൽമാനൊപ്പം ഉണ്ണി മുകുന്ദൻ നായകനായി. ആ സിനിമ വലിയ വിജയമാകുകയും ഉണ്ണിയുടെ അഭിനയം നിരൂപക പ്രശംസനേടുകയും ചെയ്തു. തുടർന്ന് നായകനായും ഉപനായകനായും വില്ലനായുമെല്ലാം മുപ്പതിലധികം സിനിമകളിൽ അദ്ധേഹം അഭിനയിച്ചു. 2017- ൽ ക്ലിന്റ് എന്ന സിനിമയിൽ ക്ലിന്റിന്റെ അച്ഛന്റെ  മുപ്പത്തി അഞ്ച് വയസ്സുമുതൽ എഴുപത്തി അഞ്ച് വയസ്സുവരെയുള്ള പ്രായത്തിലുള്ള വേഷമാണ് ഉണ്ണി മുകുന്ദൻ അവതരിപ്പിച്ചത്. മികച്ച നടനുള്ള രാമു കാര്യാട്ട് അവാർഡ് ക്ലിന്റിലെ അഭിനയം നേടിക്കൊടുത്തു. 

ഉണ്ണി മുകുന്ദന്റെ തെലുങ്കു സിനിമയിലേയ്ക്കുള്ള പ്രവേശനം ജനത ഗാരേജ് എന്ന ചിത്രത്തിലൂടെയായിരുന്നു. വില്ലൻ വേഷത്തിലായിരുന്നു ഈ സിനിമയിൽ അഭിനയിച്ചത്. 2018- ൽ അനുഷ്ക ഷെട്ടി നായികയായ ഭാഗ്മതി- യിൽ അനുഷ്കയുടെ ജോടിയായി അഭിനയിച്ചു. 2019- ൽ മമ്മൂട്ടി നായകനായ മാമാങ്കം (2019) സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു.

നല്ലൊരു ഗായകൻ കൂടിയായ ഉണ്ണി മുകുന്ദൻ അച്ചായൻസ്ചാണക്യതന്ത്രം, എന്നീ സിനിമകളുൾപ്പെടെ അഞ്ചോളം സിനിമകളിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. അച്ചായൻസിൽ ഒരു ഗാനം എഴുതിയിട്ടുമുണ്ട്.