ബാല

Bala

തെന്നിന്ത്യൻ ചലച്ചിത്ര നടൻ. ചെന്നൈയിലാണ് ബാല ജനിച്ചത്. പ്രശസ്ത സംവിധായകൻ ജയകുമാറിന്റെ മകനാണ് ബാല. ബാലകുമാർ എന്നായിരുന്നു ബാലയുടെ യഥാർത്ഥ നാമം. ബാലയുടെ മുത്തശ്ശന്റെ ഉടമസ്ഥതയയിലുള്ളതായിരുന്നു അരുണാചലം സ്റ്റുഡിയൊ. ബാലയുടെ സഹോദരൻ ശിവ ചലച്ചിത്ര ഛായാഗ്രാഹകനാണ്. 2003-ൽ  Anbu എന്ന തമിഴ് സിനിമയിലൂടെയാണ് ബാല അഭിനയ രംഗത്തേയ്ക്കെത്തുന്നത്. 2006-ൽ കളഭം എന്ന ചിത്രത്തിലൂടെയാണ് ബാല മലയാളത്തിലെത്തുന്നത്. തുടർന്ന് നിരവധി മലയാളസിനിമകളിൽ അദ്ദേഹം അഭിനയിച്ചു. 2009-ൽ പൃഥ്വിരാജ് നായകനായ പുതിയ മുഖം എന്ന ചിത്രത്തിൽ ബാലയുടെ വില്ലൻ വേഷം പ്രേക്ഷക പ്രീതി നേടി. ബിഗ് ബി, എന്നു നിന്റെ മൊയ്തീൻ, പുലിമുരുകൻ, ലൂസിഫർ എന്നീ ചിത്രങ്ങളിലെല്ലാം ബാല ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.

ബാല സംവിധായകനായത്  2012-ൽ റിലീസ് ചെയ്ത ദി ഹിറ്റ് ലിസ്റ്റ് എന്ന സിനിമയിലൂടെയാണ്. ആ സിനിമയുടെ കഥയും തിരക്കഥയും രചിച്ചത് ബാലയായിരുന്നു. നാല്പതോളം മലയാള സിനിമകളിൽ ബാല അഭിനയിച്ചിട്ടുണ്ട്. 2010 ഓഗസ്റ്റിലായിരുന്നു ബാലയുടെ വിവാഹം. ഐഡിയ സ്റ്റാർസിംഗർ ഫെയിം ഗായിക അമൃത സുരേഷിനെയാണ് ബാല വിവാഹം ചെയ്തത്. ബാല - അമൃത ദമ്പതികൾക്ക് ഒരു മകളാണുള്ളത്. പേര് അവന്തിക ബാലകുമാർ. 2019-ൽ ബാലയും അമൃതയും വിവാഹ മോചിതരായി.