മഞ്ജു വാര്യർ

Manju Warrier
Date of Birth: 
Sunday, 10 September, 1978
ആലപിച്ച ഗാനങ്ങൾ: 3

മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാൾ. 1978 സെപ്റ്റംബർ 10 നു തമിഴ്നാട്ടിലെ നാഗർകോവിലിൽ ഗിരിജാ വാര്യരുടെയും മാധവ വാര്യരുടെയും  മകളായി ജനിച്ചു.  കണ്ണൂർ ചിന്മയ വിദ്യാലയത്തിലും ചൊവ്വ ഹയർസെക്കണ്ടറി സ്കൂളിലുമായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ മഞ്ജു  രണ്ടുതവണ കേരള സ്കൂൾ യുവജനോത്സവത്തിൽ  കലാതിലകമായി തെരഞ്ഞെടുക്കപ്പെട്ടു.  പിന്നീട്  കണ്ണൂർ എസ് എൻ കോളേജിൽ നിന്നും കോളജ് വിദ്യാഭാസം പൂർത്തിയാക്കി.

നൃത്തരംഗത്തുനിന്നും ചലച്ചിത്രലോകത്തെത്തിയ മഞ്ജു, പതിനേഴാം വയസ്സിൽ സാക്ഷ്യം എന്ന ചിത്രത്തിലൂടെയാണ് മലയാളസിനിമയുടെ ഭാഗമായത്. 1996 ൽ സുന്ദർദാസ് സംവിധാനം ചെയ്ത സല്ലാപം എന്ന ചിത്രത്തിലൂടെ നായിക വേഷത്തിലെത്തി. ഈ പുഴയും കടന്ന് എന്ന ചിത്രത്തിലെ അഭിനയം മികച്ച നടിക്കുള്ള സംസ്ഥാന സർക്കാറിന്റെ പുരസ്‌കാരം മഞ്ജുവിന് നേടിക്കൊടുത്തു. കണ്ണെഴുതി പൊട്ടും തൊട്ട് എന്ന സിനിമയിലെ അഭിനയം ദേശീയ പുരസ്‌കാര സമിതിയുടെ പ്രത്യേക പരാമർശത്തിന് അര്‍ഹയാക്കി. സിനിമയില്‍ വന്ന് മൂന്നുവർഷത്തിനുള്ളിൽ തൂവല്‍ക്കൊട്ടാരം, ആറാം തമ്പുരാന്‍, കന്മദം, ദയ, കളിയാട്ടം, സമ്മർ ഇൻ ബെത്‌ലഹേം, പത്രം തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങളിലെ ശക്തമായ വേഷങ്ങള്‍ അടക്കം ഇരുപതോളം മലയാളചിത്രങ്ങളിൽ അഭിനയിച്ചു പ്രേക്ഷകരുടെയും നിരൂപകരുടെയും അംഗീകാരം നേടിയ നായികയായി മാറി.

ദിലീപുമായുള്ള വിവാഹത്തിനു ശേഷം അഭിനയ രംഗത്ത് നിന്നും നീണ്ട പതിനാല് വര്ഷം വിട്ടുനിന്ന മഞ്ജു, വിവാഹമോചിതയായ ശേഷം കല്യാണ്‍ ജ്വല്ലറിയുടെ പരസ്യത്തില്‍ ഇതിഹാസ നടന്‍ അമിതാബ് ബച്ചന്‍റെ കൂടെ അഭിനയിച്ചുകൊണ്ടാണ് ക്യാമറയ്ക്ക് മുന്നിലേക്ക്‌ തിരിച്ചെത്തിയത്‌. തുടര്‍ന്ന് ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെ സിനിമയിലെ തന്‍റെ രണ്ടാം ഇന്നിങ്ങിന്സിനു തുടക്കമിട്ട മഞ്ജു ഇത്രയും വര്‍ഷത്തെ ഇടവേള തന്‍റെ ജനപ്രീതിയെ തെല്ലും ബാധിച്ചിട്ടില്ല എന്ന് തുടര്‍ന്നുവന്ന വര്‍ഷങ്ങളില്‍ തെളിയിച്ചുകൊണ്ട് മലയാളത്തിലെ ഏറ്റവും താരമൂല്യം ഉള്ള നടിയായി ജൈത്രയാത്ര തുടരുന്നു. എന്നും എപ്പോഴും, റാണി പത്മിനി, ഒടിയന്‍, ഉദ്ദാഹരണം സുജാത, ലൂസിഫര്‍, ദി പ്രീസ്റ്റ് തുടങ്ങിയവയാണ് ഇക്കാലയളവിലെ മഞ്ജുവിന്റെ ചില ശ്രദ്ധേയ ചിത്രങ്ങള്‍.

ചെമ്പഴുക്കാ ചെമ്പഴുക്കാ എന്ന ഗാനത്തിലൂടെ സിനിമ ഗാനാലാപനത്തിലും മഞ്ജു കഴിവ് തെളിയിച്ചു. ജാക്ക് ആൻഡ് ജിൽ എന്ന സിനിമയിൽ ആലപിച്ച കിം കിം കിം എന്ന പാട്ട് വൈറൽ ആയി. 

സംവിധായകനും അഭിനേതാവുമായ  മധു വാര്യർ സഹോദരൻ ആണ്. മകൾ മീനാക്ഷി.

ഫേസ്ബുക്ക് പേജ്