റാം സുരേന്ദർ

Ram Surendar
സംഗീതം നല്കിയ ഗാനങ്ങൾ: 10
ആലപിച്ച ഗാനങ്ങൾ: 1

തൃശൂർ ‌ഇരിഞ്ഞാലക്കുട സ്വദേശി. വി കെ സുരേന്ദ്രനാഥും ലളിതയുമാണ് റാം സുരേന്ദറിന്റെ മാതാപിതാക്കൾ. ഗവണ്മെന്റ് മോഡൽ ഹൈസ്കൂൾ, ഇരിഞ്ഞാലക്കുടയിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം തൃശൂരിലെ ക്രൈസ്റ്റ് കോളേജിൽ നിന്ന് പ്രീഡിഗ്രിയും തുടർന്ന് സ്വകാര്യ കോളേജിൽ നിന്നു എക്കണോമിക്സിൽ ബിരുദവും നേടി.ടെക്നിക്കലായി സാനിറ്ററി  ഇൻസ്പെക്റ്റർ കോഴ്സും പൂർത്തിയാക്കി. വോയിസ് ഓഫ് ട്രിച്ചൂരെന്ന തൃശൂരിലെ പ്രഗൽഭമായ സംഗീത ട്രൂപ്പിൽ പിൽക്കാലത്തെ പ്രശസ്ത സംഗീത സംവിധായകരായ ജോൺസൻമാഷിനും ഔസേപ്പച്ചനുമൊപ്പമൊക്കെ മാൻഡൊലിനും ഗിറ്റാറുമൊക്കെ വായിക്കുകയും ഓർക്കസ്ട്രേഷൻ കണ്ടക്റ്റ് ചെയ്തിരുന്നതുമായ ശ്രീമാൻ ആറ്റ്ലി ഡിക്കൂഞ്ഞയേയും വയലിനിസ്റ്റ് നന്ദൻ മാഷിനേയുമാണ് രാംസുന്ദർ സംഗീതത്തിലെ തന്റെ മാനസഗുരുക്കന്മാരായി കണക്കാക്കുന്നത്. ഏകദേശം 10 വർഷക്കാലം റാം ആറ്റ്ലി ഓർക്കസ്ട്രയിൽ കീബോർഡ് പ്ലേയറായിരുന്നു.ഗാനമേളകളിലും മറ്റും കീബോർഡ് വായിച്ചു കൊണ്ടാണ് പ്രൊഫഷണലായി തുടക്കമിടുന്നത്.

2013ൽ സുഹൃത്തായ ലിൻസൺ ആന്റണി സംവിധാനം ചെയ്ത ഹൗസ്ഫുള്ളിലെ പാട്ടുകൾക്ക് സംഗീത സംവിധാനം നിർവ്വഹിച്ചു കൊണ്ടാണ് റാം മലയാള സിനിമയിൽ തുടക്കമിടുന്നത്. ഒരു പാട്ട് സംഗീതം ചെയ്യാനായിരുന്നു തുടക്കത്തിലെ ധാരണയെങ്കിലും ചിത്രത്തിലെ മൂന്ന് പാട്ടുകളും ചിത്രത്തിന്റെ പശ്ചാത്തല സംഗീതവും നിർവ്വഹിച്ചു. തുടർന്ന് റൊംബ നല്ലവനെന്ന തമിഴ് സിനിമക്കും കൊ-സു ലു നി എന്ന ബർമ്മീസ് ചിത്രത്തിനും സംഗീത സംവിധാനം നിർവ്വഹിച്ചു. യൂസഫ് ലെൻസ്മാൻ വഴിയാണ് സന്തോഷ് ശിവൻ ചിത്രമായ ജാക്ക് & ജില്ലിൽ ഗാനങ്ങക്ക് സംഗീതമൊരുക്കാൻ അവസരമാകുന്നത്. ബി കെ ഹരിനാരായണെഴുതി ചിത്രത്തിലെ നായികയായ മഞ്ജുവാര്യർ തന്നെ ആലപിച്ച കിം കിം കിം എന്ന ഗാനം ഹിറ്റുചാർട്ടുകളിലിടം നേടി. ഗോപി സുന്ദറും ജേക്സ് ബിജോയും കൂടി ഉൾപ്പെടുന്ന,മൂന്ന് സംഗീത സംവിധായകരുള്ള ജാക്ക് & ജില്ലെന്ന ചിത്രത്തിലെ അഞ്ച് പാട്ടുകളിൽ മൂന്ന് പാട്ടുകളും സംഗീതം നിർവ്വഹിച്ചിരിക്കുന്നത് റാം സുന്ദറാണ്.

വിലാസം : ശക്തിനഗർ, ഇരിഞ്ഞാലക്കുട, തൃശൂർ 680125