മൃദുല വാര്യർ

Mridula Warrier
ആലപിച്ച ഗാനങ്ങൾ: 72

പി വി രാമൻകുട്ടി വാര്യരുടേയും വിജയലക്ഷ്മിയുടെയും മകളായി കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിൽ ജനിച്ചു. ചെറിയ പ്രായത്തിലേ സംഗീതാഭിരുചിയുണ്ടായിരുന്ന മൃദുല  പാലാ.സി. കെ. രാമചന്ദ്രന്റെയും കാവുംവട്ടം വാസുദേവന്റെയും ശിക്ഷണത്തിലാണ് കർണാടക സംഗീതം പഠിച്ചത്. വിജയ് സുർസെന്നിൽ നിന്ന് ഹിന്ദുസ്ഥാനിയും, കോട്ടക്കൽ മധുവിന്റെ ശിക്ഷണത്തിൽ കഥകളി സംഗീതവും അഭ്യസിച്ചു. സ്കൂൾ കലോത്സവങ്ങളിൽ പങ്കെടുത്തിരുന്ന മൃദുല 2001 -ൽ തൊടുപുഴയിൽ നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ലളിത ഗാനത്തി ന് ഒന്നാംസ്ഥാനം നേടിയിരുന്നു.

ടെലിവിഷൻ റിയാലിറ്റി ഷോകളിലൂടെയാണ് മൃദുല വാര്യർ ശ്രദ്ധിക്കപ്പെടുന്നത്. 2004 -ൽ പത്താംക്ലാസിൽ പഠിക്കുമ്പോളാണ് മൃദുല ഏഷ്യാനെറ്റിലെ സപ്ത സ്വരങ്ങൾ എന്ന മ്യൂസിക് റിയാലിറ്റി ഷോയിൽ ഫസ്റ്റ് റണ്ണറപ്പാകുന്നത്. തുടർന്ന് ദൂരദർശനിലെ ഒന്നാം രാഗം, കൈരളി ചാനലിലെ ഗന്ധർവ്വ സംഗീതം എന്നീ റിയാലിറ്റി ഷോകളിൽ വിജയിയായി. 2006 -ൽ അമൃത ടിവിയിലെ സൂപ്പർ സ്റ്റാർ എന്ന മ്യൂസിക് റിയാലിറ്റി ഷോയിൽ മൂന്നാം സ്ഥാനം നേടിയ മൃദുല വാര്യർ 2007 -ൽ ഏഷ്യാനെറ്റ് പ്ലസിലെ സ്റ്റാർ ഓഫ് സ്റ്റാർ വിജയിയായി. 2010 -ൽ ഏഷ്യാനെറ്റിൽ ഐഡിയ സ്റ്റാർ സിംഗർ ഫസ്റ്റ് റണ്ണറപ്പായും തിരഞ്ഞെടുക്കപ്പെട്ടു. 

2007 -ൽ ഗോൾ എന്ന ചിത്രത്തിൽ വിദ്യാസാഗറിന്റെ സംഗീതത്തിൽ പാടിക്കൊണ്ടായിരുന്നു മൃദുല വാര്യർ ചലച്ചിത്ര പിന്നണി ഗാനരംഗത്ത് തുടക്കമിടുന്നത്. ആ വർഷം തന്നെ ബിഗ് ബി എന്ന സിനിമയിലും ഒരു ഗാനം ആലപിച്ചു. കളിമണ്ണ് എന്ന ചിത്രത്തിലെ "ലാലീലാലീലെലോ..എന്ന ഗാനത്തിന് 2013 -ലെ മികച്ച ഗായികയ്ക്കുള്ള സംസ്ഥാന സർക്കാറിന്റെ സ്പെഷൽ ജൂറി പുരസ്ക്കാരം ലഭിച്ചു. അറുപതോളം സിനിമകളിൽ പിന്നണി പാടിയിട്ടുള്ള മൃദുല വാര്യർ 2022 -ലെ  മികച്ച പിന്നണി ഗായികയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം പത്തൊൻപതാം നൂറ്റാണ്ട് എന്ന സിനിമയിലെ "മയിൽ പീലി ഇളകുന്നു.. എന്ന ഗാനത്തിലൂടെ കരസ്ഥമാക്കി. ചലച്ചിത്ര ഗാനങ്ങൾ കൂടാതെ നിരവധി ആൽബം സോംഗുകളും മൃദുല പാടിയിട്ടുണ്ട്.

മൃദുല വാര്യരുടെ ഭർത്താവ് അരുൺ തൃശൂർ ഒല്ലൂർ വൈദ്യരത്നം കോളജിൽ കുട്ടികളുടെ വിഭാഗത്തിൽ അസോ. പ്രഫസറാണ്. ഒരു മകൾ മൈത്രേയി.