വിശുദ്ധൻ
സഭയേയും സേവനത്തേയും മറയാക്കി ചില സാമൂഹ്യവിരുദ്ധശക്തികൾ ചെയ്തുവന്ന ക്രൂരതകൾക്കെതിരെ വൈദികനായ സണ്ണിയും(കുഞ്ചാക്കോ ബോബൻ) കന്യാസ്ത്രീയായിരുന്ന സോഫിയ(മിയ)യും പ്രതികരിക്കുകയും അതിന്റെ ഫലമായി തിരുവസ്ത്രം ഉപേക്ഷിച്ച് വിവാഹിതരാകേണ്ടിവരികയും ചെയ്യുന്നു. തന്റെ കുടുംബത്തേയും വേണ്ടപ്പെട്ടവരേയും നശിപ്പിച്ചവരോട് സണ്ണി പ്രതികാരം ചെയ്യുന്നു.
ആന്റോ ജോസഫ് നിർമ്മിച്ച് വൈശാഖ് സംവിധാനം ചെയ്യുന്ന വിശുദ്ധൻ എന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബനാണ് നായക വേഷം ചെയ്യുന്നത്. നായികയായി മിയ. മല്ലു സിങ്ങിനു ശേഷം കുഞ്ചാക്കോ ബോബനും വൈശാഖും ഒന്നിക്കുന്ന ചിത്രമാണിത്.ചിത്രത്തിന്റെ തിരക്കഥയും വൈശാഖിന്റെ തന്നെ. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഹരീഷ് പേരടി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.ലാൽ,സുരാജ് വെഞാറംമൂട്,നെടുമുടി വേണു എന്നിവരാണ് മറ്റു താരങ്ങൾ.സംഗീതം ഗോപീ സുന്ദർ
Actors & Characters
Actors | Character |
---|---|
ഫാദർ സണ്ണി / സണ്ണിച്ചൻ | |
സിസ്റ്റർ സോഫിയ | |
പോക്കിരിയച്ചൻ | |
ഷാപ്പുകാരൻ | |
വലിയവീട്ടിൽ വാവച്ചൻ | |
വാവച്ചന്റെ മകൻ | |
വാവച്ചന്റെ കാര്യസ്ഥൻ | |
സ്നേഹാലയം സിസ്റ്റർ | |
കുഴിമറ്റം ജോസ് | |
തിരുമേനി | |
മോനിച്ചൻ (സണ്ണിച്ചന്റെ സഹോദരൻ) | |
സണ്ണിച്കന്റെ അമ്മ | |
ലാസറേട്ടൻ | |
റിസോർട്ട് ഉടമ | |
എസ്. ഐ. റഫീഖ് | |
ആന്റപ്പൻ | |
കഥ സംഗ്രഹം
മല്ലു സിങ്ങിനു ശേഷം കുഞ്ചാക്കോ ബോബനും വൈശാഖും ഒന്നിക്കുന്ന ചിത്രം
വൈശാഖ് ആദ്യമായി തിരക്കഥ എഴുതുന്ന ചിത്രം
റോമൻസ് എന്ന ചിത്രത്തിന് ശേഷം കുഞ്ചാക്കോ ബോബൻ പുരോഹിത വേഷത്തിൽ എത്തുന്ന ചിത്രം
നിർദ്ധനകുടുംബത്തിലെ ഏറ്റവും ഇളയ പുത്രനായിരുന്നു സണ്ണിച്ചൻ (കുഞ്ചാക്കോ ബോബൻ) മൂത്ത സഹോദരനു ദീനം വന്നപ്പോൾ സണ്ണിച്ചന്റെ അമ്മ നേർന്നതാണ് സണ്ണിച്ചനെ വൈദികനാക്കാമെന്ന്.
മുപ്പതു വർഷങ്ങൾക്ക് ശേഷം സെമിനാരി പഠനവും തുടർ പഠനവുമെല്ലാം കഴിഞ്ഞ് ഫാദർ സണ്ണി ഒരു ഇടവകയിലേക്ക് ആദ്യമായി വികാരിയച്ചനായി വരുന്നു. ഇടവകയിലെ പ്രമാണിയാണ് വലിയ വീട്ടിൽ വാവച്ചൻ (ഹരീഷ് പേരഡി) ഇടവകയിലെ സമ്പന്നനും നാട്ടിൽ വലിയൊരു ആശുപത്രിയും സ്വകാര്യ മെഡിക്കൽ കോളേജ് ഉടമയുമാണ് വാവച്ചൻ. വാവച്ചന്റെ മകൻ (കൃഷ്ണകുമാർ) തന്റെ തന്നെ ആശുപത്രിയിലെ ഡോക്ടറുമാണ്. അനാഥരെ താമസിപ്പിക്കുകയും ശ്രുശ്രൂഷിക്കുകയും ചെയ്യുന്ന ‘സ്നേഹാലയം’ എന്ന അഗതി മന്ദിരം ഇടവക പള്ളിക്കുണ്ട്. അതിന്റെ ചുമതല വഹിക്കുന്നത് മദറും (ശ്രീലതാ നമ്പൂതിരി) ശുശ്രൂഷാ കാര്യങ്ങൾ ചെയ്യുന്നത് സിസ്റ്റർ സോഫിയ(മിയ)യുമാണ്.
ഫാദർ സണ്ണി ഇടവകയിൽ സ്ഥാനമേറ്റതിനു ശേഷം ആദ്യമായി ‘സ്നേഹാലയം’ സന്ദർശിച്ചപ്പോൾ അവിടത്തെ ദൈന്യാവസ്ഥ വ്യക്തമാകുന്നു. രോഗികൾക്ക് മരുന്നില്ലാതെയൂം വേണ്ടത്ര സൌകര്യങ്ങളില്ലാതേയുമുള്ള അവസ്ഥക്ക് പരിഹാരമുണ്ടാക്കാൻ ഫാദർ സണ്ണിയും സിസ്റ്റർ സോഫിയയും ഇടവകയിൽ പിരിവിനിറങ്ങുന്നു. വലിയവീട്ടിൽ വാവച്ചന്റെ കയ്യിൽ നിന്ന് വലിയൊരു തുക ഫാ. സണ്ണി സ്നേഹലയത്തിനു വേണ്ടി പിരിച്ചെടുക്കുന്നു. ഇതിനിടയിൽ വാവച്ചന്റെ മെഡിക്കൽ കോളേജിൽ വിദ്യാർത്ഥികൾ തങ്ങൾക്ക് പഠിക്കാൻ ശവശരീരം കിട്ടാത്തതിനാൽ സമരം തുടങ്ങുന്നു.
സ്നേഹാലയത്തിലെ അന്തേവാസിയായ ത്രേസ്യ എന്ന വൃദ്ധക്ക് അസുഖം മൂർച്ഛിച്ചതിനാൽ വാവച്ചന്റെ ആശുപത്രിയിൽ അഡ്മിറ്റാക്കുന്നു. സിസ്റ്റർ സോഫിയയാണ് അവരെ പരിചരിക്കുന്നത്. സോഫിയക്ക് മറ്റൊരിടം വരെ പോകേണ്ടതുകൊണ്ട് ഒരു പകൽ ത്രേസ്യയുടെ ഒപ്പം കൂട്ടിരിക്കുന്നതിനു പള്ളിയിലെ കുഴിവെട്ടുകാരൻ ജോസ് കുഴിമറ്റ(നന്ദുലാൽ)ത്തിന്റെ മകൾ അനുവിനെ ഏർപ്പാടാക്കുന്നു ഫാ. സണ്ണി. പ്ലസ് ടു പഠനം നല്ല മാർക്കോടെ പാസ്സായെങ്കിലും തുടർ പഠനത്തിനു സാമ്പത്തികമില്ലാതെ വീട്ടു ജോലികൾ ചെയ്തു ജീവിക്കുകയാണ് അനുമോൾ. ഫാ. സണ്ണി ഇടപെട്ട് തന്റെ പരിചയത്തിലുള്ള ഒരു സുഹൃത്തിന്റെ ബാംഗ്ലൂരിലുള്ള നഴ്സിങ്ങ് കോളേജിൽ അനുവിനു നഴ്സിങ്ങ് പഠനം ഏർപ്പാടാക്കാമെന്നു വാക്കു നൽകുന്നു.
വാവച്ചന്റെ മെഡിക്കൽ കോളേജിലെ സമരം അവസാനിപ്പിക്കാൻ വാവച്ചനും മകനും കൂടി ചില പദ്ധതികൾ പ്ലാൻ ചെയ്യുന്നു. സ്നേഹാലയത്തിലെ ചികിത്സാ ചിലവുകൾ തന്റെ ആശുപത്രിയിൽ സൌജന്യമായി ചെയ്തു തരാമെന്നും പകരം സ്നേഹാലയത്തിൽ അന്തരിക്കുന്ന രോഗികളുടെ ശവശരീരം തന്റെ മെഡിക്കൽ കോളേജിനു വിട്ടു കൊടുക്കണമെന്നും വാവച്ചനും പള്ളിയുമായി വർഷങ്ങൾക്ക് മുൻപേ കരാറുണ്ടായിരുന്നു. അതുകൊണ്ടാണ് സ്നേഹാലയത്തിലെ അഗതികൾക്ക് വാവച്ചന്റെ ആശുപത്രിയിൽ ചികിത്സ നടത്തിയിരുന്നത്. എന്നാൽ ശവശരീരം കിട്ടുന്നതിനു വേണ്ടി വാവച്ചനും മകനും സ്നേഹാലയത്തിലെ അനാഥരായ രോഗികളെ മനപൂർവ്വം കൊലപ്പെടുത്തുന്നു. വൃദ്ധയായ ത്രേസ്യയെ ഡോക്ടർ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുന്നത് പരിചരിക്കാൻ വന്ന അനുമോൾ രഹസ്യമായി കാണുന്നു. അവൾ ആ രഹസ്യം സിസ്റ്റർ സോഫിയയെ വിവരമറിയിക്കുന്നു.
സിസ്റ്റർ സോഫിയക്ക് സ്നേഹാലയത്തിലേയും ആശുപത്രിയിലേയും രഹസ്യങ്ങൾ അറിയാമായിരുന്നു. അവർ വിവരങ്ങളെല്ലാം ഫാദർ സണ്ണിയെ അറിയിക്കുന്നു. വാവച്ചൻ മുതലാളി പല സ്ഥലത്തെയും തെരുവുകളിൽ നിന്ന് അനാഥരേയും ഭിക്ഷക്കാരേയും സ്നേഹാലയത്തിൽ എത്തിക്കുകയും അവരെ പിന്നീട് തന്റെ മെഡിക്കൽ കോളേജിന്റെ ആവശ്യത്തിലേക്ക് ഉപകാരപ്പെടുത്തുകയുമാണ് ചെയ്യുന്നത്. സ്നേഹാലയത്തിലെ മദറും പള്ളിയിലെ മുൻ പുരോഹിതരുമൊക്കെ വാവച്ചന്റെ ഈ ക്രൂരതക്ക് കൂട്ടുനിൽക്കുന്നു. സ്നേഹാലയത്തിൽ ജോസഫ് എന്നു പേരുള്ള വൃദ്ധനെ സണ്ണിയും സോഫിയയും സന്ദർശിക്കുന്നു. തന്റെ യഥാർത്ഥ പേരു കൃഷ്ണൻ എന്നാണെന്നും ഗുരുവായൂർ നടയിൽ ഭിക്ഷയെടുത്തു ജീവിച്ചിരുന്ന തന്നെ വാവച്ചൻ ഇവിടെ കൊണ്ടുവന്ന് ജോസഫ് എന്ന പേരു നൽകിയതാണെന്നും അയാൾ വെളിപ്പെടുത്തുന്നു. ഫാദർ സണ്ണി ഈ വിവരങ്ങളെല്ലാം ബിഷപ്പു തിരുമേനി(ശശികുമാർ)യെ അറിയിക്കുന്നു. രണ്ടു ദിവസത്തിനു ശേഷം കൃഷ്ണൻ/ജോസഫ് എന്ന രോഗി മരിക്കുന്നു. മരണത്തിനു മുൻപ് അയാൾ തന്റെ ആഗ്രഹം സോഫിയയോട് പറഞ്ഞിരുന്നു. തന്റെ ശവശരീരം ചിത കത്തിച്ച് ദഹിപ്പിക്കണമെന്ന്. അതുപ്രകാരം ശവശരീരം മെഡിക്കൽ കോളേജിനു കൊടുക്കാതെ ഫാദർ സണ്ണി തന്നെ ഒരു മകന്റെ സ്ഥാനത്തു നിന്ന് അയാളുടെ ചിത ദഹിപ്പിക്കുന്നു.
ഇത് ഇടവകയിൽ വലിയൊരു വിവാദമാകുന്നു. ശവശരീരം തനിക്ക് വിട്ടുതരാത്തതുകൊണ്ട് വാവച്ചൻ ഫാദർ സണ്ണിയുമായി തർക്കത്തിലാകുന്നു. എന്നാൽ വാവച്ചന്റെ രഹസ്യങ്ങളെല്ലാം താൻ അറിഞ്ഞു എന്നും ഇതിനെ നിയമപരമായി നേരിടുമെന്നും വാവച്ചന്റെ എല്ലാ ക്രൂരതകളും അവസാനിപ്പിക്കുമെന്നും ഫാദർ സണ്ണി വാവച്ചനെ അറിയിക്കുന്നു. ഇതിൽ കുപിതനായ വാവച്ചൻ ഫാദർ സണ്ണിയെ നശിപ്പിക്കാൻ പദ്ധതിയിടുന്നു. തന്റെ ശിങ്കിടികളെക്കൊണ്ട് നാട്ടിലെ കവലകളിലും മതിലുകളിലും ഫാദർ സണ്ണിയേയും സിസ്റ്റർ സോഫിയയേയും ചേർത്ത് അപവാദ കഥകൾ ഉണ്ടാക്കി പോസ്റ്റർ പതിക്കുന്നു. ഈ വിഷയത്തോടെ സഭ സോഫിയക്ക് മറ്റൊരിടത്തേക്ക് സ്ഥലമാറ്റത്തിനു നിർബന്ധിച്ചു. അവിടം വിട്ടു പോകുന്നതിനു മുൻപ് സിസ്റ്റർ സോഫിയ സ്നേഹാലയത്തിലെ പല രഹസ്യങ്ങളും അടങ്ങിയ ഫയലുകൾ നൽകാനും യാത്ര പറയാനും വേണ്ടി ഫാദർ സണ്ണിയെ കാണുന്നു. എന്നാൽ വാവച്ചന്റെ തന്ത്രം മൂലം വാവച്ചനും സംഘവും ചില നാട്ടുകാരും സണ്ണിയേയും സോഫിയയേയും ഒറ്റക്ക് സ്നേഹലയത്തിൽ വെച്ച് കണ്ടത് സംശയത്തിട നൽകുകയും അവരിൽ അനാശാസ്യം ആരോപിക്കുകയും ചെയ്യുന്നു. വാവച്ചൻ അവസരം മുതലെടുക്കുന്നു. ഇടവകക്കാർ സണ്ണിയെ ക്രൂരമായി മർദ്ധിക്കുന്നു.
ഈ സംഭവത്തോടെ സിസ്റ്റർ സോഫിയയോട് തിരുവസ്ത്രം ഉപേക്ഷിക്കാൻ സഭ നിർബന്ധിക്കുന്നു. എന്നാൽ അനാഥയായ തനിക്ക് പോകാൻ മറ്റൊരിടമില്ലെന്ന് സോഫിയ വിലപിക്കുന്നു. സോഫിയയെ കന്യാസ്ത്രീയായി തുടരാൻ ഫാദർ സണ്ണി ബിഷപ്പു കോടതിയിൽ ആവശ്യപ്പെടുന്നു. എന്നാൽ ഫാദർ സണ്ണിക്ക് വൈദിക വൃത്തി തുടരാമെന്നും സിസ്റ്റർ സോഫിയ തിരുവസ്ത്രം ഉപേക്ഷിക്കണമെന്നും ബിഷപ്പ് കോടതി വിധിക്കുന്നു. എങ്കിൽ അനാഥയായൊരു പെൺകുട്ടിയെ തെരുവിലേക്ക് തള്ളി വിടാൻ തന്റെ മന:സാക്ഷി അനുവദിക്കില്ലെന്നും അവളെ സംരംക്ഷിക്കാൻ മാത്രമായി താൻ വൈദികവൃത്തി ഉപേക്ഷിക്കുകയാണെന്നും ഫാദർ സണ്ണി അറിയിക്കുന്നു.
ഇരുവരും തിരുവസ്ത്രം ഉപേക്ഷിച്ച് വിവാഹിതരാകാൻ തീരുമാനിക്കുന്നു. വിവാഹശേഷം അതേ ഇടവകയിൽ തന്നെ താമസിക്കാൻ അവർ തീരുമാനിച്ചു. അത് വളരെ വലിയൊരു ദുരന്തത്തിലേക്ക് മാറുകയായിരുന്നു.
ചമയം
Video & Shooting
സംഗീത വിഭാഗം
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
ഒരു മെഴുതിരിയുടെ |
റഫീക്ക് അഹമ്മദ് | ഗോപി സുന്ദർ | ഷഹബാസ് അമൻ, മൃദുല വാര്യർ |
2 |
ഏദൻതോട്ടം പൂത്തുലഞ്ഞതോ |
റഫീക്ക് അഹമ്മദ് | ഗോപി സുന്ദർ | അൻവർ സാദത്ത് |
Contributors | Contribution |
---|---|
പ്രധാന വിവരങ്ങളും കഥാസാരവും ചേർത്തു |