വനിത കൃഷ്ണചന്ദ്രൻ
തെന്നിന്ത്യൻ ചലച്ചിത്ര നടി. 1966 മാർച്ചിൽ തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ ഗണേശൻ - കമല ദമ്പതികളുടെ മകളായി ജനിച്ചു. അച്ഛൻ ഗണേശൻ മലപ്പുറം മഞ്ചേരി സ്വദേശിയായിരുന്നു. അമ്മ തമിഴ് നാട്ടുകാരിയും. തിരുച്ചിറപ്പള്ളി ആർ എസ് കെ ഹയർ സെക്കന്ററി സ്ക്കൂളിലായിരുന്നു വനിതയുടെ പ്രാഥമിക വിദ്യാഭ്യാസം. തന്റെ പതിമൂന്നാമത്തെ വയസ്സിലാണ് വനിത സിനിമാഭിനയം തുടങ്ങുന്നത്. 1979- ൽ ഇറങ്ങിയ "പാതെ മാറിനാൽ" എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു തുടക്കം. സിനിമയിൽ തിരക്കുകൂടിയതിനാൽ പത്താം ക്ലാസ്സോടു കൂടി വനിത തന്റെ പഠനം അവസാനിപ്പിച്ചു.
മലയാളത്തിൽ 1980-ൽ ചന്ദ്രബിംബം എന്ന സിനിമയിലൂടെയായിരുന്നു വനിത തുടക്കം കുറിയ്ക്കുന്നത്. വികടകവി എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെയും ചക്രവാളം ചുവന്നപ്പോൾ എന്ന ചിത്രത്തിൽ മോഹൻലാലിന്റെയും നായികയായി അഭിനയിച്ചു. മലയാളം, തമിഴ്, ഭാഷകളിലായി 150-ൽ അധികം സിനിമകളിൽ വനിത അഭിനയിച്ചിട്ടുണ്ട്. ഭൂരിഭാഗവും ക്യാരക്ടർ റോളുകളിലായിരുന്നു. ചില തെലുങ്കു, കന്നഡ സിനിമകളിലും അവർ അഭിനയിച്ചിട്ടുണ്ട്. പ്രശസ്തഗായകൻ കൃഷ്ണചന്ദ്രനെ വിവാഹം ചെയ്തതിനുശേഷം വനിത കുറച്ചുകാലം സിനിമാഭിനയത്തിൽ നിന്നും വിട്ടുനിന്നു. അതിനുശേഷം ടെലിവിഷൻ സീരിയലുകളിലൂടെയാണ് തിരിച്ചുവന്നത്. മലയാളത്തിലും തമിഴിലുമായി അവർ നിരവധി സീരിയലുകളിൽ അഭിനയിച്ചു. സീരിയലുകളോടൊപ്പം സിനിമകളിലും വനിത അഭിനയിക്കാൻ തുടങ്ങി.
വനിത - കൃഷ്ണചന്ദ്രൻ ദമ്പതികൾക്ക് ഒരു മകളാണുള്ളത്. പേര് അമൃതവർഷിണി.