മുൻഷി വേണു

Munshi Venu
Date of Death: 
Thursday, 13 April, 2017
വേണു നാരായണൻ

തിരുവനന്തപുരം വഴുതക്കാട് സ്വദേശിയായിരുന്നു മുൻഷിവേണു എന്ന വേണു നാരായണൻ. സിനിമാ സംവിധായകനാവണമെന്ന ഉദ്ദേശ്യത്തോടെ മദിരാശിയിലെത്തിയെങ്കിലും സിനിമയിൽ ഇദ്ദേഹത്തിന് അവസരങ്ങൾ ലഭിക്കുകയുണ്ടായില്ല. പിന്നീട് വിവിധ ജോലികൾ ചെയ്ത് മദിരാശിയിൽ വർഷങ്ങളോളം കഴിച്ചുകൂട്ടിയ വേണു മലയാളനാട്, സിനിമാമാസിക തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലെ റിപ്പോർട്ടർമാരുടെ സഹായിയായും, റേഡിയോ പ്രോഗ്രാമുകളുമായി ബന്ധപ്പെട്ടുമൊക്കെ പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട് മദിരാശിവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ ഇദ്ദേഹം, മുൻഷി എന്ന പ്രതിദിന ടിവി പ്രോഗ്രാമിലൂടെയാണ് ശ്രദ്ധേയനായത്. ഒരു ആക്ഷേപഹാസ്യ ഹ്രസ്വചിത്രീകരണമായ ഈ പ്രോഗ്രാമിലെ പഞ്ചായത്ത് മെംബറുടെ വേഷം രണ്ടു വർഷത്തോളം വേണു കൈകാര്യം ചെയ്തിരുന്നു. മുൻഷിയിലെ പ്രകടനം ഇദ്ദേഹത്തിന് സിനിമയിൽ ഒട്ടേറെ അവസരങ്ങൾ ലഭിക്കുന്നതിന് കാരണമായി. പച്ചക്കുതിര, ഛോട്ടാമുംബൈ, കഥ പറയുമ്പോൾ, ഇമ്മാനുവേൽ തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങളിൽ അഭിനയിച്ചു. അവിവാഹിതനായിരുന്ന വേണു പത്തു വർഷത്തിലധികം കാലം ചാലക്കുടിയിലെ ഒരു ലോഡ്ജിലായിരുന്നു താമസിച്ചിരുന്നത്.  വൃക്കരോഗത്തിൻ്റെ പിടിയിലായതോടെ ചാലക്കുടിയിലെ ഒരു പാലിയേറ്റിവ് കെയറിലെ അന്തേവാസിയായി മാറിയ വേണു 2017 ഏപ്രിൽ 13 ന് അന്തരിച്ചു.