വിനോദ് കോവൂർ

Vinod Kovoor
Date of Birth: 
Thursday, 17 July, 1969
ആലപിച്ച ഗാനങ്ങൾ: 1

എം.സി ഉണ്ണിയുടേയും പി.കെ അമ്മാളുവിന്റേയും മൂന്നാമത്തെ മകനായി കോഴിക്കോട് ജില്ലയിലെ കോവൂരിൽ ജനിച്ചു. സ്കൂൾ പഠനകാലത്തു തന്നെ മിമിക്രി, മോണോ ആക്റ്റ്, സംഗീതം തുടങ്ങിയ നിരവധി മത്സരങ്ങളിൽ സമ്മാനം നേടി. നാലാം ക്ലാസിൽ പഠിക്കുമ്പോൾ ഓൾ കേരള കാമ്പിശ്ശേരി നാടകമത്സരത്തിൽ മികച്ച ബാലതാരമായി വിനോദ് തിരഞ്ഞെടൂക്കപ്പെട്ടിരുന്നു. പിന്നീട് കരിനിഴൽ, പാട്ടബാക്കി, ചന്ദ്രോത്സവം എന്നിങ്ങനെയുള്ള കുറേ വലിയ നാടകങ്ങളിൽ ബാലതാരമായി അഭിനയിച്ചു. സ്കൂൾ പഠനത്തിനുശേഷം സമൂറിയൻസ് ഗുരുവായൂരപ്പൻ കോളേജിലായിരുന്നു വിനോദ് കോവൂരിന്റെ തുടർ വിദ്യാഭ്യാസം. കോഴിക്കോട് യൂണിവേഴ്സിറ്റിയിലൂടെ ബി സോൺ, ഇന്റർസോൺ മത്സരങ്ങളിൽ വിജയം നേടി. സംസ്ഥാന സർക്കാരിന്റെ കേരളോത്സവ നാടകമത്സരത്തിൽ തുടർച്ചയായി നാലുവർഷം മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. മഴ തന്നെ മഴ, ജാലകം, പകർന്നാട്ടം. അവസാന ചുംബനം എന്നിവയായിരുന്നു നാടകങ്ങൾ. നാടക പ്രവർത്തകൻ ജയപ്രകാശ് കൂളൂരിന്റെ ശിഷ്യനായിരുന്നു വിനോദ് കോവൂർ.

ടോം ആൻഡ് ജെറി എന്ന പേരിൽ വിനോദ് കോവൂരും കൂട്ടുകാരനും കൂടി ഒരു മിമിക്രി ട്രൂപ്പ് ആരംഭിച്ചു. കോഴിക്കോട്ടെ ആദ്യ മിമിക്രി ട്രൂപ്പായിരുന്നു ടോം ആൻഡ് ജെറി. അതിനുശേഷമാണ് ചാനൽ പ്രോഗ്രാമുകളിൽ അരങ്ങേറുന്നത്. അമൃത ടിവിയിലായിരുന്നു തുടക്കം. അമൃതയിലെ സൂപ്പർ ടാലന്റ്, സൂപ്പർ ഡ്യൂപ്പ് 2 എന്നീ രണ്ട് റിയാലിറ്റി ഷോകളിലൂടെയാണ് വിനോദ് കോവൂർ പ്രേക്ഷക ശ്രദ്ധ നേടുന്നത്.

സൂര്യാ ടിവിയിലെ കായംങ്കുളം കൊച്ചുണ്ണി, ദൂരദർശനിലെ നർമ്മം, കുഞ്ഞാടുകൾ എന്നിവയൊക്കെയായിരുന്നു വിനോദ് കോവൂർ അഭിനയിച്ച ആദ്യകാല സീരിയലുകൾ. കൂടാതെ സൂര്യ ടിവിയിലെ കളിക്കളം എന്ന പ്രോഗ്രാമിന്റെ അവതാരകനായി. സൂര്യയിലെ തന്നെ വിസ്മയതാരം എന്ന റിയാലിറ്റി ഷോയിൽ പങ്കെടുത്തു, കൈരളി ടിവിയിലെ കാർട്ടൂൺ ആനിമേഷനായിരുന്ന "നമ്പൂതിരി ഫലിതങ്ങളിലെ" എല്ലാ കഥാപാത്രങ്ങൾക്കും ശബ്ദം കൊടുത്തത് വിനോദ് കോവൂരായിരുന്നു. മീഡിയ വൺ ചാനലിലെ എം 80 മൂസ എന്ന കോമഡി സീരിയലിലെ എം 80 മൂസ എന്ന കഥാപാത്രമാണ് വിനോദ് കോവൂരിനെ പ്രശസ്തനാക്കിയത്. എം 80 മൂസയുമായി ഇന്ത്യക്കകത്തും പുറത്തുമായി നിരവധി വേദികളിൽ പ്രോഗ്രാം അവതരിപ്പിച്ചിട്ടുണ്ട്. മഴവിൽ മനോരമയിലെ മറിമായം സീരിയലിൽ പതിമൂന്ന് വർഷത്തിലധികമായി മൊയ്തു എന്നകഥാപാത്രത്തെ വിനോദ് കോവൂർ അവതരിപ്പിക്കുന്നുണ്ട്. സീ കേരളം ചാനലിൽ സം പ്രേക്ഷണം ചെയ്യുന്ന വൈഫ് ഈസ് ബ്യൂട്ടിഫുൾ എന്ന സീരിയലിൽ വിനോദ് അവതരിപ്പിക്കുന്ന അപ്പുണ്ണി എന്ന കഥാപാത്രം പ്രേക്ഷക പ്രീതി നേടിയിട്ടുണ്ട്.

നന്ദൻ കാവിൽ സംവിധാനം ചെയ്ത മഴനൂൽക്കനവ് എന്ന സിനിമയിലൂടെയാണ് വിനോദ് കോവൂർ ചലച്ചിത്ര മേഖലയിൽ തുടക്കം കുറിയ്ക്കുന്നത്. തുടർന്ന് പരുന്ത്പുതിയ തീരങ്ങൾവർഷംഉസ്താദ് ഹോട്ടൽവല്ലാത്ത പഹയൻ!!! എന്നിവയൂൾപ്പെടെ അൻപതിലധികം സിനിമകളിൽ അദ്ധേഹം അഭിനയിച്ചിട്ടുണ്ട്. ചായം പൂശുന്നവർ, പച്ചപ്പ് തേടി എന്നീ സിനിമകളിൽ വിനോദ്  കോവൂർ നായകനായി അഭിനയിച്ചു. അഭിനയം കൂടാതെ നാല് സിനിമകളിൽ അദ്ധേഹം പിന്നണി പാടിയിട്ടുമുണ്ട്. നിരവധി ഷോർട്ട് ഫിലിമുകളിൽ അഭിനയിച്ചിട്ടുള്ള വിനോദ് നാല് ഷോർട്ട് ഫിലിമുകൾ ഡയറക്റ്റ് ചെയ്തിട്ടുണ്ട്. വിനോദ് കോവൂർ ആദ്യമായി രചനയും സംവിധാനവും നിർവ്വഹിച്ച ആകസ്മികം എന്ന ഷോർട്ട് ഫിലിമിലെ അദ്ധേഹം അവതരിപ്പിച്ച കഥാപാത്രത്തിന് പന്ത്രണ്ട് ബെസ്റ്റ് ആക്റ്റർ അവാർഡുകൾ ലഭിച്ചിരുന്നു. 2014 -ൽ അതേ കാരണത്താൽ എന്ന ഷോർട്ട് ഫിലിമിലെ അഭിനയത്തിന് ഒരു രാജ്യാന്തര ബഹുമതിയുൾപ്പെടെ നിരവധി പുരസ്ക്കാരങ്ങൾ അദ്ധേഹത്തിന് ലഭിച്ചിട്ടുണ്ട്. വിനോദ് കോവൂർ നായകനായ ആദ്യ ഹോംസിനിമയാണ് "ഇന്റെ പുള്ളിപ്പയ്യ് പോലൊരു പെണ്ണ് ". തുടർന്ന് മൂന്ന് വലിയ ഹോം സിനിമകളിൽ കൂടി അദ്ധേഹം നായകനായി അഭിനയിച്ചു. ഏഷ്യൻ പെയ്ന്റിന്റേതുൾപ്പെടെ നാൽപ്പതോളം പരസ്യചിത്രങ്ങളിലും വിനോദ് കോവൂർ അഭിനയിച്ചിട്ടുണ്ട്.

കലാകാരൻ എന്നതിലുപരിയായി ഒരു പരിശീലകൻ കൂടിയാണ് വിനോദ്. യുവജനോത്സവവേദികളിലെ മോണോആക്റ്റ് മത്സരങ്ങളിൽ എത്തുന്ന തീമുകൾ പലതും വിനോദിന്റെ സൃഷ്ടിയാണ്..മോണോആക്റ്റ്,കുട്ടികളുടെ വ്യക്തിത്വവികസനം,ആശയവിനിമയം,നേതൃത്വപാടവം തുടങ്ങി കുട്ടികൾക്കു വേണ്ടിയുള്ള സെമിനാറുകളിൽ മികച്ച പരിശീലകനായും അറിയപ്പെടുന്നു. ആറു വർഷം കേരള ഗവണ്മെന്റിന്റെ എയ്ഡ്സ് ബോധവത്ക്കരണപരിപാടിയിലും പ്രവർത്തിച്ചിട്ടുണ്ട്. ആദ്യമായി മോണോ ആക്ടിനെക്കുറിച്ച് ആധികാരികമായി പുസ്തകങ്ങൾ എഴുതിയത് വിനോദ് കോവൂരാണ്.  ഏകാഭിനയ സമാഹാരം, കലോത്സവ മോണോആക്റ്റ് എന്നീ പുസ്തകങ്ങളാണ് എഴുതി പ്രസിദ്ധീകരിച്ചത്. ഗൾഫിൽ ഉൾപ്പെടെ ഇന്ത്യക്കകത്തും പുറത്തുമായി നിരവധി വേദികളിൽ സ്റ്റാൻഡപ്പ് കോമഡിയും പാട്ടുകളും ഗെയിം ഷോയുമൊക്കയായി തനിച്ച് ഒരുമണിക്കൂർ പ്രോഗ്രാമുകൾ വിനോദ് കോവൂർ അവതരിപ്പിക്കാറുണ്ട്. നാടൻ പാട്ടുകളെ ഏറെ സ്നേഹിക്കുന്ന അദ്ധേഹം "ഗ്രാമീണം" എന്ന പേരിൽ ഒരു ഓഡിയോ സിഡി പുറത്തിറക്കിയിട്ടുണ്ട്. കേരളത്തിനകത്തും പുറത്തും നിരവധി കുടുംബ സംഗമങ്ങളുടെ അവതാരകൻ കൂടിയാണ് വിനോദ് കോവൂർ. കലാപ്രവർത്തനങ്ങൾക്ക് പുറമേ കോഴിക്കോട് മൂസാക്ക സീ ഫ്രഷ് എന്നൊരു മത്സ്യ വ്യാപാര കേന്ദ്രം തുടങ്ങിയിട്ടുണ്ട്. വിവാഹിതനായ വിനോദ് ഭാര്യ ദേവുവിനോടൊപ്പം എറണാകുളം ജില്ലയിലെ കലൂരിൽ താമസിക്കുന്നു.

 

വിനോദ് കോവൂരിന്റെ മികച്ച ചില കോമഡി പ്രകടനങ്ങൾ ഇവിടെ ലഭ്യമാണ്.

വിനോദ് കോവൂർ - Gmail, Facebook