ജോജു ജോർജ്

Joju George
ജോജു മാള
Joseph George
ജോസഫ് ജോർജ്ജ്
ആലപിച്ച ഗാനങ്ങൾ: 3

മലയാള ചലച്ചിത്ര നടൻ. 1977 ഒക്റ്റോബറിൽ തൃശ്ശൂർ ജില്ലയിലെ മാളയിൽ ജോർജ്ജിന്റെയും റോസിയുടെയും മകനായി ജനിച്ചു. ജോജുവിന്റെ പ്രാഥമിക വിദ്യാഭ്യാസം കുഴൂർ ഗവണ്മെന്റ് ഹൈസ്കൂളിലായിരുന്നു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ നിന്നും ബിരുദം നേടി. 1995- ൽ മഴവിൽക്കൂടാരം എന്ന സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റായിട്ടാണ് ജോജു ജോർജ്ജ് ആദ്യമായി ചലച്ചിത്ര ലോകത്തേയ്ക്ക് പ്രവേശിയ്ക്കുന്നത്. തുടർന്ന് ജൂനിയർ ആർട്ടിസ്റ്റായി കുറച്ചു സിനിമകളിൽക്കൂടി ചെയ്തതിനുശേഷമാണ് സപ്പോർട്ടിംഗ് ആർട്ടിസ്റ്റായി അഭിനയിയ്ക്കാൻ കഴിഞ്ഞത്. 2014- ൽ മമ്മൂട്ടി നായകനായ രാജാധിരാജ- യിലെ ജോജു ചെയ്ത "അയ്യപ്പൻ" എന്ന കഥാപാത്രം ശ്രദ്ധിയ്ക്കപ്പെട്ടതോടെ അദ്ദേഹം മലയാള സിനിമയിലെ മുൻനിര നടന്മാരിലേയ്ക്ക് ഉയർന്നു. 2018- ലെ സൂപ്പർഹിറ്റ് ചിത്രമായ ജോസഫ്- ൽ നായകനായി. 2019- ൽ പൊറിഞ്ചു മറിയം ജോസ് എന്ന സിനിമയിൽ അദ്ദേഹം അവതരിപ്പിച്ച "കാട്ടാളൻ പൊറിഞ്ചു" എന്ന നായക കഥാപാത്രം പ്രേക്ഷക പ്രീതിനേടി. 

2015-ൽ ചാർലി എന്ന സിനിമ നിർമ്മിച്ചുകൊണ്ട് ജോജു നിർമ്മാതാവായി മാറി. ഉദാഹരണം സുജാത, ജോസഫ്, ചോല എന്നീ ചിത്രങ്ങളും അദ്ധേഹം നിർമ്മിച്ചവയാണ്. ജോസഫിലെ "പണ്ടു പാടവരമ്പത്തിലൂടെ.." എന്ന ഗാനം പാടിയ്ക്കൊണ്ട് അദ്ദേഹം ഒരു ഗായകനെന്ന നിലയിലും തന്റെ കഴിവു തെളിയിച്ചിട്ടുണ്ട്. ചോല എന്ന സിനിമയിലെ അഭിനയത്തിന് 2018- ലെ മികച്ച നടനുള്ള സംസ്ഥാന പുരസ്ക്കാരം ലഭിച്ചിട്ടുണ്ട്.

ജോജു ജോർജ്ജിന്റെ ഭാര്യ അബ്ബ. മൂന്ന് മക്കളാണ് അവർക്കുള്ളത്. അയാൻ, സാറ, ഇവാൻ.