അനിൽ മുരളി
മലയാള ചലച്ചിത്ര നടൻ. മുരളീധരൻ നായരുടെയും ശ്രീകുമാരിയമ്മയുടെയും മകനായി തിരുവനന്തപുരത്ത് ജനിച്ചു. 1993-ൽ കന്യാകുമാരിയിൽ ഒരു കവിത എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് അനിൽ മുരളി സിനിമയിലെത്തുന്നത്. വില്ലൻ വേഷങ്ങളിലൂടെയാണ് ഇദ്ദേഹം സിനിമയിൽ ഉയർന്നുവന്നത്. വാൽക്കണ്ണാടി- എന്ന കലാഭവൻ മണി സിനിമയിൽ അനിൽ മുരളി അവതരിപ്പിച്ച വില്ലൻ വേഷം അദ്ദേഹത്തെ പ്രശസ്തനാക്കി.
തുടർന്ന് നിരവധി സിനിമകളിൽ അനിൽ മുരളി വില്ലൻ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. വില്ലൻ വേഷങ്ങൾ കൂടാതെ സ്വഭാവ നടനായും അദ്ദേഹം വേഷമിട്ടു. നൂറിലധികം മലയാള ചലചിത്രങ്ങളിൽ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. മലയാളം കൂടാതെ തമിഴ്,തെലുങ്കു ചിത്രങ്ങളിലും, ടെലിവിഷൻ സീരിയലുകളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
ഭാര്യ സുമ. രണ്ട് കുട്ടികൾ, ആദിത്യ, അരുന്ധതി. 2020 ജൂലൈ 30 ന് അസുഖത്തെ തുടർന്ന് അനിൽ മുരളി അന്തരിച്ചു.