ജെയിംസ് പാറക്കൽ

James Parackal

മലയാള ചലച്ചിത്ര - നാടക നടൻ. കാഞ്ഞൂർ  ചെങ്ങലിലെ  പാറയ്ക്കക്കൽ കുടുംബാംഗമായ ജെയിംസ‌്  എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ  അഭിനയിച്ചു തുടങ്ങിയതാണ‌്. പ്രീഡിഗ്രി കഴിഞ്ഞപ്പോൾ  നാട്ടിലുള്ള ചെറുപ്പക്കാരെ സംഘടിപ്പിച്ച് നാടകങ്ങൾ അവതരിപ്പിച്ചുതുടങ്ങി. 1984 ൽ ആലുവ കൈരളി  നാടകസമിതി രൂപം കൊണ്ടപ്പോൾ  ഉപനായകന്റെ വേഷത്തിലേക്ക്  ക്ഷണം ലഭിച്ചു. ഒരാഴ്ച കഴിഞ്ഞപ്പോൾ ജെയിംസ് നാടകത്തിൽ നായകനായി മാറി.  ശ്രീമൂലനഗരം മോഹൻ രചന നിർവഹിച്ച് നെല്ലിക്കോട് ഭാസ്കരൻ സംവിധാനം ചെയ്ത ‘അഴിമുഖം’  നാടകത്തിൽ വേണു എന്ന കഥാപാത്രത്തെ ജെയിംസ് ഉജ്ജലമാക്കി. ഉത്സവപ്പറമ്പുകളെ ഇളക്കിമറിച്ച അഴിമുഖം മൂന്ന് വർഷം തുടർച്ചയായി കേരളത്തിൽ അവതരിപ്പിച്ചു. എറണാകുളം ഫൈൻ ആർട‌്സ‌് സൊസൈറ്റിയിൽ 28 തവണ അഴിമുഖം അവതരിപ്പിച്ചത‌് ചരിത്രമായി.  

 സംവിധായകൻ ബിജു വർക്കിയെ പരിചയപ്പെട്ടത‌് സിനിമയിലേക്ക‌് വഴിതെളിച്ചു. 1990 ൽ റിലീസ് ചെയ്ത ബ്രഹ്മരക്ഷസ് ആയിരുന്നു ജെയിംസിന്റെ ആദ്യ ചിത്രം. തുടർന്ന് നൂറിൽപരം സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ‌്തു.  ദൃശ്യത്തിലെ വക്കച്ചൻ, രാജമാണിക്ക്യത്തിലെ രജിസ്ട്രാർ  എന്നീ കഥാപാത്രങ്ങൾ ശ്രദ്ധേയമായി.