ശശികല വി മേനോൻ

Sasikala V Menon
എഴുതിയ ഗാനങ്ങൾ: 24

ഡോ ബാലകൃഷ്ണൻ സംവിധാനം ചെയ്ത സിന്ദൂരം എന്ന ചിത്രത്തിലെ 'യദുകുലമാധവാ' എന്ന പാട്ടെഴുതിക്കൊണ്ട് പുതിയകാവ്  ഗവ ഹൈസ്‌കൂളിലെ വിദ്യാര്‍ഥിനി ചരിത്രത്തിലേക്ക് വലംകാല്‍വെച്ച് കയറി. എ വിന്‍സെന്റ് ശശികലയുടെ കവിതകളടങ്ങിയ നോട്ടുബുക്ക് കാണാനിടയായതോടെ മഞ്ഞിലാസിന്റെ അഗ്നിനക്ഷത്രത്തിലെ മുഴുവന്‍ പാട്ടുകളുമെഴുതാന്‍ മദ്രാസിലേക്ക് വിളിപ്പിച്ചു(സംഗീതം നൽകിയത് ജി ദേവരാജൻ), പിന്നീടു വിന്‍സെന്റ് തന്നെ സംവിധാനം ചെയ്ത വയനാടൻ തമ്പാനിൽ അഞ്ച് പാട്ടുകള്‍ക്കുംകൂടി ദേവരാജന്‍ മാഷും ശശികലയും ഒന്നിച്ചു.

വിദ്യാധരന്‍മാസ്റ്ററുടെ സംഗീത സംവിധാനത്തില്‍ വര്‍ണവൃന്ദാവനം, ശിവപഞ്ചാക്ഷരി, ദേവായനം, ദേവതീര്‍ഥം എന്നീ ആല്‍ബങ്ങളിലും ശരത് സംഗീതംചെയ്ത ഒമ്പത് നാടന്‍ പാട്ടുകളുടെ ഫ്യൂഷനായ 'സ്‌ട്രോബറി തെയ്യ'ത്തിലും എല്ലാ പാട്ടുകളും എഴുതിയത് ശശികലാമേനോനാണ്. ചില പ്രൊഫഷണല്‍ ട്രൂപ്പുകള്‍ക്കുവേണ്ടി നാടകഗാനങ്ങളും എഴുതിയിട്ടുണ്ട്.

എറണാകുളത്ത് കടവന്ത്രയിലെ ജി.സി.ഡി.എ.യുടെ ഗസ്റ്റ്ഹൗസില്‍ സംതൃപ്തമായ കുടുംബജീവിതം നയിക്കുകയാണ് ഇപ്പോള്‍ ശശികല. വിശാലകൊച്ചി വികസന അതോറിറ്റിയുടെ ചെയര്‍മാന്‍ കൂടിയായ ഭര്‍ത്താവ് വേണുഗോപാല്‍, തിരക്കുകള്‍ക്കിടയിലും ശശികലയുടെ മടങ്ങിവരവിന് കഴിയുന്ന പ്രോത്സാഹനം നല്‍കുന്നുണ്ട്. മക്കള്‍ ലക്ഷ്മി വേണുഗോപാലും വിഘ്‌നേശ് വേണുഗോപാലും.

 

അവലംബം : മാതൃഭൂമി