കെ വി കോശി

K V Koshy

മലയാള സിനിമയുടെ വിതരണ മേഖലയിലെ പ്രഥമസ്ഥാനീയൻ. കോശിയാണ് മലയാളത്തിലെ ആദ്യ വിതരണക്കമ്പനിയായ ഫിലിം ഡിസ്ട്രിബ്യൂഷൻ കമ്പനിയെന്ന ഫിലിംകോ രൂപവത്കരിക്കുന്നത്. വിതരണ മേഖലക്ക് കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങളും നടപ്പു വശങ്ങളുമൊക്കെ രൂപപ്പെടുത്തിയതും വിതരണക്കാരനും നിർമ്മാതാവുമായ കെ വി കോശി തന്നെയാണ്.  തിരുവിതാങ്കൂർ- കൊച്ചി- മലബാർ മേഘലകളിൽ നിന്ന് ഏകദേശം ഇരുപതോളം പ്രദർശനശാലകളെ തന്റെ ഫിലിംകോയിൽ അണിനിരത്തിയാണ് ആദ്യ ശബ്ദ ചിത്രമായ ബാലൻ വിതരണം നടത്തിയത്. വിതരണക്കമ്പനിയിലുപരിയായി സിനിമയുടെ പിന്നണിയിലേക്ക് വരുന്നവർക്ക് ഒരു പരിശീലനക്കളരി പോലുമായും ഫിലിംകോ പ്രവർത്തിച്ചിരുന്നു. കെ വി ജോർജ്ജ് ( മകനേ നിനക്കു വേണ്ടി-നിർമ്മാതാവ്), ടി ജെ കോട്ടൂർ (വാർത്ത,ചിത്രകൗമുദി തുടങ്ങിയ മാഗസിനുകളുടെ ചീഫ് എഡിറ്റർ), എം ഡി ജോർജ്ജ് (ഏഞ്ചൽ ഫിലിംസ്) തുടങ്ങിയ പ്രമുഖരൊക്കെ ഫിലിംകോയിൽ ഫിലിം റെപ്രസന്ററ്റീവുകളായിരുന്നു.

തിരുവല്ലയിലെ വള്ളംകുളത്തെ കണ്ടത്തിൽ കുടുംബത്തിൽ (മാമ്മൻ മാപ്പിള,വർഗീസ് മാപ്പിള തുടങ്ങിയവരുടെ മലയാള മനോരമക്കുടുംബം) ജനിച്ച കെ വി കോശി നിയമത്തിൽ ബിരുദമെടുത്ത ശേഷം ഏകദേശം 2 വർഷക്കാലം കോട്ടയത്ത് വക്കീലായി പ്രാക്റ്റീസ് നടത്തി.തുടർന്ന് കൊച്ചിയിൽ ട്രാവങ്കൂർ&കൊയിലോൺ ബാങ്കിൽ ബ്രാഞ്ച് മാനേജരായി ജോലിയിൽ പ്രവേശിച്ചു. ഇക്കാലയളവിലാണ് സിനിമാമേഖലയുമായി അടുത്ത് പരിചയിക്കുന്നതും ഫിലിംകോ എന്ന സംരംഭം തുടങ്ങാനുമുള്ള പ്രവർത്തനങ്ങൾ തുടങ്ങി വയ്ക്കുന്നതും. അക്കാലത്ത് പുറത്തിറങ്ങിയ "സിനിമ" എന്ന പേരിലുള്ള ഒരു സിനിമാ മാഗസിന്റെയും പിന്നിൽ കോശിയായിരുന്നു. വൻ വിജയമായിരുന്ന സിനിമാ മാഗസിന്റെ പ്രവർത്തനം ഇടക്കു വച്ച് നിർത്തിയിരുന്നു. തുടർന്ന് കുഞ്ചാക്കോയുമായി ചേർന്ന് കെ&കെ പ്രൊഡക്ഷൻസ് എന്ന സിനിമാ നിർമ്മാണക്കമ്പനി തുടങ്ങി. "നല്ലതങ്ക"യായിരുന്നു കെ&കെ പ്രൊഡക്ഷൻസിന്റെ ആദ്യ നിർമ്മാണ സംരംഭം. സിനിമയുടെ വൻ വിജയത്തേത്തുടർന്ന് "ജീവിതനൗക", "വിശപ്പിന്റെ വിളി" എന്ന സിനിമകളും നിർമ്മിച്ചു. "വിശപ്പിന്റെ വിളി"യുടെ നിർമ്മാണത്തിനിടെ കുഞ്ചാക്കോയുമായി തെറ്റിപ്പിരിഞ്ഞ കോശി തുടർന്ന് ഫിലിംകോയുടെ ബാനറിലും കുഞ്ചാക്കോ എക്സൽ എന്ന ബാനറിലും ചിത്രങ്ങൾ നിർമ്മിക്കാൻ തുടങ്ങിയിരുന്നു. കെ&കെ എന്ന മലയാളത്തിലെ ആദ്യത്തെ നിർമ്മാണക്കമ്പനിയുടെ ചരിത്രവും ഇവർക്ക് അവകാശപ്പെട്ടതാണ്. നിർമ്മാണവും അതിലേറെ വിതരണത്തിലും ശ്രദ്ധിച്ച കെ വി കോശി കേരള ഫിലിം ചേമ്പർ അസോസിയേഷന്റെ സ്ഥാപക പ്രസിഡന്റുമായിരുന്നു. 1969 ജൂൺ 19ന് അദ്ദേഹം മരണമടഞ്ഞു.

കൗതുകങ്ങൾ :-  

  • മലയാളമനോരമയിൽ ഏറെ പ്രശസ്തമായ കുഞ്ചുക്കുറുപ്പെന്ന കാർട്ടൂൺ കഥാപാത്രത്തിന്റെ രൂപം കിട്ടിയത് കെ വി കോശിയിൽ നിന്നായിരുന്നു. മലയാളമനോരമയുടെ കെ എം മാത്യുവും കാർട്ടൂണിസ്റ്റ് യേശുദാസുമായുള്ള കാർട്ടൂണിന്റെ ചർച്ചകളിൽ അടുത്ത ടേബിളിലിരുന്ന ബന്ധുക്കാരനായിരുന്ന കെ വി കോശിയെ കാണിച്ച് അത് പോലെ വരക്കാൻ ആവശ്യപ്പെടുകയായിരുന്നു എന്നതായിരുന്നു വാർത്തയായ കൗതുകം.
  • കേരളത്തിലെ ആദ്യത്തെ അലൂമിനിയം ഫാബ്രിക്കേഷൻ കമ്പനി സ്ഥാപിച്ചത് കെ വി കോശിയായിരുന്നു. 

വിവരങ്ങൾക്ക് കടപ്പാട് : സാബു ജോസഫ് ചാണ്ടി , രാജേഷ് മോഹനത്തിന്റെ ഫേസ്ബുക്ക് ചോദ്യം , ഹിന്ദു ദിനപത്രം