കാനം ഇ ജെ

Kanam EJ
AttachmentSize
Image icon കാനം ഇ ജെ 8.61 KB
എഴുതിയ ഗാനങ്ങൾ: 21
കഥ: 24
സംഭാഷണം: 20
തിരക്കഥ: 19

1926 ൽ നേത്രരോഗവിദഗ്ദ്ധൻ കാനം പടിഞ്ഞാറ്റുപകുതിയിലെ ഫീലിപ്പോസ് ആശാന്റെ കൊച്ചു മകനായി കാനം ഇ.ജെ. എന്ന ഇലവുങ്കൽ ജോസഫ്‌ ഫിലിപ്പ് കോട്ടയത്ത്‌ ജനിച്ചു.

കങ്ങഴ ഹൈസ്കൂളിൽ നിന്നും മലയാളം ഹയ്യർ പാസ്സായ ശേഷം ഇദ്ദേഹം പട്ടാളത്തിൽ ചേർന്നു. പട്ടാളസേവനം നിർത്തി വരുമ്പോൾ ബി ക്ളാസ്സ് മെഡിക്കൽ പ്രാക്റ്റീഷണറാകാൻ യോഗ്യത നേടിയിരുന്നു.

എന്നാൽ സാഹിത്യവാസന ഉണ്ടായിരുന്നതിനാൽ ഇദ്ദേഹം കാനം സി.എം.എസ്സ് മിഡിൽ സ്കൂളിൽ അദ്ധ്യാപകനായി ചേർന്നു. തുടർന്ന് മുണ്ടക്കയം/ കുമ്പളാംപൊയ്ക/കോട്ടയം എന്നിവിടങ്ങളിലെ സി.എം എസ്സ്. സ്കൂളുകളിൽ ജോലി നോക്കിയ ഇദ്ദേഹം അദ്ധ്യാപികയായിരുന്ന ശോശാമ്മയെ വിവാഹം കഴിച്ചു.

പൈങ്കിളി സാഹിത്യംകൊണ്ട് അറുപതുകളിലെ കൗമരപ്രായക്കരായ മലയാളികളിൽ വായനാശീലം വളർത്തിയവരിൽ ഒരാളായ ഇദ്ദേഹത്തിന്റെ ആദ്യ കൃതി ബാഷ്പോദകം എന്ന കവിതാസമാഹാരം ആയിരുന്നു അതിലെ കുടിയിറക്ക് എന്ന കവിത സ്കൂൾ യുവജനോത്സവങ്ങളിൽ കഥാപ്രസംഗമായും ടാബ്ളോയുമായി നിരവധി വേദികളിൽ അക്കാലങ്ങളിൽ കളിച്ചിരുന്നു.

ജീവിതം ആരംഭിക്കുന്നു എന്ന നോവലാണ് ഇദ്ദേഹത്തിന്റെ ആദ്യം നോവൽ എന്നാൽ മനോരമ വാരികയിൽ വന്ന ഈ അരയേക്കർ നിന്റേതാണ്/പമ്പാനദി പാഞ്ഞൊഴുകുന്നു എന്നീ നോവലുകളിലൂടെയാണ് ഇദ്ദേഹം പ്രസിദ്ധനാവുന്നത്. തുടർന്ന് മനോരമയിൽ ചേർന്ന അദ്ദേഹം 1967 ൽ സ്വന്തമായി മനോരാജ്യം എന്ന വാരിക തുടങ്ങി. അതിലെ കാട്ടുമങ്ക/ഹൈറേഞ്ച് തുടങ്ങിയ നോവലുകൾ ഏറെ വായനക്കാരെ ഇദ്ദേഹത്തിന് നേടികൊടുത്തു.

തിരുവല്ലയിലെ അമ്മാളുകുട്ടി കൊലക്കേസ്സ് ആധാരമാക്കി എഴുതിയ ഭാര്യ എന്ന നോവൽ ഏറെ ജനപ്രീതി നേടിയിരുന്നു. തുടർന്ന് 1962 ൽ കുഞ്ചാക്കോ ഇത് ചലച്ചിത്രമാക്കിയപ്പോൾ ഇതിന്റെ തിരക്കഥ തയാറാക്കിയത് ഇദ്ദേഹമായിരുന്നു. തുടർന്ന് 23 ഓളം ചിത്രങ്ങൾക്ക് കഥ/തിരക്കഥ/സംഭാഷണം എന്നിവ എഴുതുകയുണ്ടായി.

1973 ൽ എം കൃഷ്ണൻ നായർ സംവിധാനം ചെയ്ത യാമിനി എന്ന ചിത്രത്തിൽ ഗാനങ്ങൾ എഴുതി ആദ്യമായി ചലച്ചിത്രഗാനരചയിതാവായി. തുടർന്ന് 6 ഓളം ചിത്രങ്ങളിൽ 20 ഓളം ഗാനങ്ങൾ എഴുതിയ ഇദ്ദേഹം 7 നാടകങ്ങളും 2 കവിതാ സമാഹാരങ്ങളും 100 ലധികം നോവലുകളും എഴുതിയീട്ടുണ്ട്.

1982 ജൂൺ 13 ആം തിയതി ഇദ്ദേഹം അന്തരിച്ചു.