പുഴവക്കിൽ പുല്ലണിമേട്ടില്‍
പുഴവക്കില്‍ പുല്ലണിമേട്ടില്‍
പുള്ളിമാനിണ വന്നൂ
പൂവമ്പന്‍ താലോലിക്കും
പുള്ളിമാനിണ വന്നൂ
മെയ്യും മെയ്യുമുരുമ്മീ നീളേ
മേഞ്ഞുമേഞ്ഞു നടന്നു
കണ്ണും കണ്ണുമിടഞ്ഞു തമ്മില്‍
കാണെക്കാണെയൊരിമ്പം
ഒന്നിച്ചൊന്നിച്ചൊരുനിര്‍വൃതിയില്‍
നീന്തിനീന്തിയണഞ്ഞു
തുള്ളിത്തുള്ളി നടന്നു കറുക-
ത്തുമ്പികള്‍ പോലെ
പുഴവക്കില്‍ പുല്ലണിമേട്ടില്‍
പുള്ളിമാനിണ വന്നൂ
മന്നവനിന്‍ പുകള്‍ പാടാനല്ലോ
മന്നില്‍ പിറന്നു ഞങ്ങള്‍
നിന്‍ തിരുസന്നിധി കലയുടെ നദികള്‍ -
ക്കെന്നും പാല്‍ക്കടലല്ലോ
കാഴ്ചവെയ്ക്കാം ഞങ്ങള്‍ കാഴ്ചവയ്ക്കാം
കാശ്മീരകുങ്കുമം കാഴ്ചവയ്ക്കാം
കാവേരിമുത്തുകള്‍ കാഴ്ചവയ്ക്കാം
കാശിപ്പൂമ്പട്ടുകള്‍ കാഴ്ചവയ്ക്കാം
കതിരുകളാല്‍ തിരുമനസ്സിലിത്തിരി
മദിര പകര്‍ന്നോട്ടേ
ലയിച്ചിരിക്കും തിരുവുള്ളത്തിനു
ലഹരി പകര്‍ന്നോട്ടേ
തബലകള്‍ കൊട്ടിപ്പാടുമ്പോള്‍ - അവര്‍
തബലകള്‍ കൊട്ടിപ്പാടുമ്പോള്‍
കരയുവതെന്താണമ്മേ - ഇങ്ങനെ
കരയുവതെന്താണമ്മേ
ഉണ്ണീ ഉണ്ണീ പറയാം ഞാനീ
കണ്ണീരിന്‍ കഥപറയാം
രണ്ടു മാനുകള്‍ മേഞ്ഞുനടന്നു
പണ്ടൊരു കറുകക്കാട്ടില്‍
വില്ലുകുലച്ചൊരു മന്നന്‍ വന്നതി-
ലൊന്നിനെ..........
അയ്യോ പാവം !
പിടഞ്ഞുവീണൂ നിന്‍പ്രിയ താതന്‍
നടുങ്ങിടായ്കെന്നുണ്ണീ
ഉരിഞ്ഞെടുത്തൊരു പുള്ളിത്തോലാല്‍
പൊതിഞ്ഞു തബലകള്‍ തീര്‍ത്തു
അവര്‍ താളം കൊട്ടിപ്പാടുമ്പോള്‍ - നിൻ
താതനെയോര്‍ത്തിവള്‍ നില്പ്പൂ - നിൻ
പ്രിയതാതനെയോര്‍ത്തിവള്‍ കേഴുന്നു
മാന്‍ പേടയാളേ നിന്റെ ദുഃഖത്തിന്‍ തീജ്വാലയില്‍
മാനവാത്മാവില്‍ത്തിങ്ങും കൂരിരുള്‍ നടുങ്ങുന്നു
മാനിഷാദ എന്ന നാലക്ഷരം വീണ്ടും
ക്രൂരമാനവ ഹൃദയത്തില്‍ നിന്‍ കണ്ണീരെഴുതുന്നു