G Devarajan

G Devarajan-Music Director
Date of Birth: 
Tuesday, 27 September, 1927
Date of Death: 
Tuesday, 14 March, 2006
സംഗീതം നല്കിയ ഗാനങ്ങൾ: 248
ആലപിച്ച ഗാനങ്ങൾ: 1

നാടോടിപ്പാട്ടാണോ,ശാസ്ത്രീയസംഗീത ഗാനങ്ങളാണോ,ഹിന്ദുസ്ഥാനി ഗാനങ്ങളാണോ എന്തു തന്നെയായാലും താൻ ചെയ്ത് തീർത്ത ഗാനങ്ങളിലെ ഭാവ വൈവിധ്യത്തിന്റെ തമ്പുരാൻ.ജി ദേവരാജൻ മാസ്റ്റർ എന്ന അനശ്വരനായ സംഗീതജ്ഞൻ മലയാളഗാനശാ‍ഖക്ക് ആരായിരുന്നു എന്ന് ഇന്നും സംഗീതജ്ഞർക്ക് ഒരു ഗവേഷണത്തിനുള്ള വിഷയമാണ്.

 1927 സെപ്റ്റംബര്‍ 27 നു കൊല്ലം ജില്ലയിലെ പരവൂര്‍ കോട്ടപ്പുറത്ത്
പന്നക്കാടില്‍ മൃദംഗ വിദ്വാനായിരുന്ന കൊച്ചു ഗോവിന്ദനാശാന്റെയും കൊച്ചു
കുഞ്ഞിന്റെയും ആദ്യ മകനായിട്ടാണ് പരവൂര്‍ ഗോവിന്ദന്‍ ദേവരാജന്‍  എന്ന ജി
ദേവരാജന്‍ മാസ്റ്റര്‍ പിറന്നത്.വീട്ടില്‍ അധ്യ്യാപകനെ വരുത്തിയും തെക്കുംഭാഗം
ലോവര്‍ പ്രൈമറി സ്കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം നടത്തി.അതിനു ശേഷം
കോട്ടപ്പുറം ഹൈസ്കൂളില്‍ പഠിച്ചു.തിരുവനന്തപുരം ശ്രീ മൂലവിലാസം ഹൈസ്കൂളില്‍
നിന്നും ആണു ഇംഗ്ലീഷ് സ്കൂള്‍ ലീവിംഗ് സര്‍ട്ടിഫിക്കറ്റ് നേടിയത്.തുടര്‍ന്ന്
കോളെജ് വിദ്യാഭ്യാസവും തിരുവനന്തപുരത്തായിരുന്നു.

1946-48 കാലഘട്ടത്തില്‍ തിരുവനതപുരം യൂനിവേഴ്സിറ്റി കോളെജില്‍ നിന്നും
ഇന്റര്‍മീഡിയറ്റ് ഒന്നാം ക്ലാസ്സില്‍ പാസ്സായി.എഞ്ചിനീയറിംഗിനു പ്രവേശനം
ലഭിച്ചു എങ്കിലും അത് ഉപേക്ഷിച്ച് എം ജി കോളെജില്‍ സാമ്പത്തിക ശാസ്ത്രം ഐച്ഛിക
വിഷയമായി  എടുത്ത് പഠിച്ചു.

മൃദംഗ വിദ്വാന്‍ ആയിരുന്ന അച്ഛന് ആണു സംഗീതത്തിലെ ആദ്യത്തെയും അവസാനത്തെയും
ഗുരു.അതോടൊപ്പം നിരവധി ഗുരുക്കന്മാര്‍ വീണ,വായ്പ്പാട്ട് എന്നിവയും
അഭ്യസിപ്പിച്ചു.കാക്കേ കാക്കേ കൂടെവിടെ എന്ന ഗാനം വളരെച്ചെറുപ്പത്തില്‍ തന്നെ
തികച്ചും വ്യത്യസ്തമായ രീതിയില്‍ ചിട്ടപ്പെടുത്തിയ  മാസ്റ്റര്‍ 17 -അം
വയസ്സില്‍ വായ്പാട്ടില്‍ അരങ്ങേറി.അതേ തുടര്‍ന്നു തന്റെ സംഗീത സാമ്രാജ്യത്തിനു
അടിത്തറ നല്‍കിയ കച്ചേരികള്‍ അവതരിപ്പിച്ചു തുടങ്ങി.സ്വരസ്ഥാനങ്ങളുടെ കണിശതയും
സംഗീത ശാസ്ത്രത്തിലുള്ള വിജ്ഞാനവും പരവൂര്‍ ദേവരാജന്‍ എന്ന സംഗീതജ്ഞനെ
എല്ലാവര്‍ക്കും പ്രിയംകരനാക്കി.പ്രശസ്ത കവികളുടെ ഗാനങ്ങള്‍ വശ്യമായ ഈണത്തിലൂടെ
ദേവരാജന്‍ മാസ്റ്റര്‍ അവതരിപ്പിച്ചു കൊണ്ടിരുന്നു.

1951-52 ല്‍ കൊല്ലം എസ് എന്‍ കോളെജിലെ യൂണിയന്‍ യോഗത്തില്‍ "പൊന്നരിവാള്‍
അമ്പിളിയിലു " എന്ന ഒ എന്‍ വി കുറുപ്പിന്റെ കവിത ദേവരാജന്‍ മാസ്റ്റര്‍
ചിട്ടപ്പെടുത്തി അവതരിപ്പിച്ചത് ശ്രദ്ധേയമായി.മലയാള ലളിത ഗാന ശാഖയുടെ
വളര്‍ച്ചയ്ക്ക് മുതല്‍കൂട്ടായ നിരവധിഗാനങ്ങള്‍ ഇവര്‍ രണ്ടു പേരും ചേര്‍ന്ന്
വീണ്ടും സൃഷ്ടിച്ചു.ഈ ഗാനങ്ങളൊക്കെയും  കെ പി എ സി യുടെ നിരവധി നാടകങ്ങളിലൂടെ
മലയാളികളുടെ ചുണ്ടുകളിലുമെത്തി.ഇതോടനുബന്ധിച്ചാണു 1955 ല്‍ "കാലം മാറുന്നു "
എന്ന സിനിമയ്ക്ക് സംഗീത സംവിധാനം നിര്‍വഹിക്കാന്‍ അവസരം ലഭിക്കുന്നത്.ദേവരാജന്‍
മാസ്റ്ററുടെ ആദ്യ സിനിമാ സംഗീത സംവിധാനം . ഒ എന്‍ വി കുറുപ്പിന്റെ ആദ്യ സിനിമാ
ഗാന രചന എന്നിവ കൊണ്ടു ശ്രദ്ധെയമായി കാലം മാറുന്നു എന്ന സിനിമ

ഇതിനിടയില്‍ കെ പി എ സി യില്‍ നിന്നും വിട്ടു നിന്ന് " കാളിദാസ കലാകേന്ദ്രം "
എന്ന നാടക സമിതി രൂപീകരിച്ച് അദ്ധ്യക്ഷനായി പ്രവര്‍ത്തിക്കാനും മാസ്റ്റര്‍ സമയം
കണ്ടെത്തി.സിനിമയില്‍ തിരക്കേറിയതോടെ സംഗീതക്കച്ചേരികളില്‍ നിന്നും പിന്‍
വാങ്ങി.ദേവരാജ സംഗീതം നാടന്‍ ഈണങ്ങളുടെയും ശാസ്ത്രീയ സംഗീതാടിത്തറയൂടെയും
ഹിന്ദുസ്ഥാനി സംഗീതത്തിന്റെയും  മാധുര്യത്തിന്റെയും പാശ്ചാത്യ സംഗീതത്തിന്റെ
വൈവിധ്യത്തിന്റെയും സമ്മിശ്രമായിരുന്നു.അതു പോലെ ഗായകന്റെ/ഗായികയുടെ
ശബ്ദത്തിന്റെ കാര്യത്തില്‍ അക്ഷരസ്ഫുടത,വികാര പൂര്‍ണ്ണത, ഭാവം എന്നിവയ്ക്കും
മാസ്റ്റര്‍ പ്രാധാന്യം നല്‍കി.

മലയാള ചലച്ചിത്ര ഗാനശാഖയുടെ വളര്‍ച്ചയ്ക്ക് നിര്‍വചിക്കാനാകാത്ത സംഭാവനകള്‍
അദ്ദേഹം നല്‍കി.65 ഓളം ഗാന രചയിതാക്കള്‍.137 ല്‍ പരം ഗായകര്‍ എന്നിവരുമായി
സഹകരിച്ചു.350 ലേറെ മലയാളം തമിഴ് ചലച്ചിത്രങ്ങളില്‍ 3000 ലേറെ ഗാനങ്ങള്‍
സൃഷ്ടിച്ചു.അതില്‍ തന്നെ 130 ചിത്രങ്ങള്‍ക്കും പാട്ടെഴുതിയത് വയലാര്‍
രാമവര്‍മ്മ ആണു.ദേവരാജന്‍  മാസ്റ്ററുടെ സംഭാവനകള്‍ കണക്കുകള്‍ക്കും
അപ്പുറത്താണു.

1969 (കുമാര സംഭവം) ,1970 (ത്രിവേണി) ,1972,1985 (ചിദംബരം) എന്നീ  വര്‍ഷങ്ങളിലെ
മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ്   അദ്ദേഹത്തിനു ലഭിച്ചു..1991 ല്‍
മികച്ച പശ്ചാത്തല സംഗീതത്തിനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് അദ്ദേഹത്തിനു
ലഭിച്ചു.1999 ല്‍ സമഗ്ര സംഭാവനക്കുള്ള ജെ സി ഡാനിയേല്‍ അവാര്‍ഡ്,ഫിലിം ഫാന്‍സ്
അവാര്‍ഡ് ,പ്രേം നസീര്‍ അവാര്‍ഡ്,നവചേതനയുടെ ആര്‍ ജി മംഗലത്ത്
അവാര്‍ഡ്,വര്‍ക്കല ടി എ മജീദ് അവാര്‍ഡ്,പട്ടത്തുവിള കരുണാകരന്‍ സ്മാരക
അവാര്‍ഡ്,പേശും പടം അവാര്‍ഡ് എന്നിവയാണു നീണ്ട നാളിലെ സംഗീത തപസ്സിന്നിടയില്‍
ലഭിച്ച മറ്റു പുരസ്കാരങ്ങള്‍.ദേവഗീതികള്‍,സംഗീത ശാസ്ത്ര നവസുധ,ഷഡ്കാല പല്ലവി
എന്നീ ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്.

2006 മാര്‍ച്ച് 14 ആം തീയതി തന്റെ ലളിത രാഗ വൈവിദ്ധ്യ തീക്ഷ്ണത ഒരോ
മലയാളിയുടെയും മനസ്സില്‍ അവശേഷിപ്പിച്ച് കൊണ്ട് ദേവരാജന്‍ മാസ്റ്റര്‍ യാത്ര
പറഞ്ഞു.ജന്മദേശമായ പരവൂര്‍ തന്നെ അദ്ദേഹത്തെ ഏറ്റുവാങ്ങി.പരവൂര്‍ മുതല്‍
പരവൂര്‍ വരെ സഞ്ചരിക്കുന്നതിനിടയില്‍ ദേവരാജന്‍ മാസ്റ്റര്‍ കാട്ടിത്തന്ന സംഗീത
വിസ്മയം എന്നും കേരളത്തിനു മുതല്‍ക്കൂട്ടാണു.

ഭാര്യ : ലീലാമണി ദേവരാജന്‍
മക്കള്‍ ;ശര്‍മിള,രാജനന്ദ
മരുമക്കള്‍: അശോക് ബാലന്‍,നിഷ
സഹോദരങ്ങള്‍ : രവീന്ദ്രന്‍,ഗോമതി
വിലാസം: 53 ,കാംദാര്‍ നഗര്‍,നുങ്കമ്പാക്കം,മദ്രാസ്  34

അവലംബം : ദേവഗീതികള്‍