ബോംബെ രവി
സംഗീത സംവിധായകൻ.
1926 മാർച്ച് മൂന്നിന് ഹരിയാനയിലെ ഗുഡ്ഗാവിൽ ജനിച്ച രവിശങ്കർ ശർമ്മ എന്ന ബോംബെ രവി 2012 മാർച്ച് 7ന് വാർദ്ധക്യ സഹജമായ അസുഖങ്ങൾ നിമിത്തം അന്തരിച്ചു. ഹരിഹരന്റെ സിനിമകളിൽ മനോഹരങ്ങളായ ഗാനങ്ങളൊരുക്കിയാണ് മലയാളത്തിൽ രവി ബോംബേ ഏറെ ശ്രദ്ധേയനാകുന്നത്. 2005ൽ പുറത്തിറങ്ങിയ ഹരിഹരന്റെ തന്നെ "മയൂഖം" എന്ന ചിത്രത്തിനാണ് രവി മലയാളത്തിൽ അവസാനമായി സംഗീതം നൽകിയത്. സംഗീതം സൃഷ്ടിച്ചതിനു ശേഷം അതിനൊത്ത വരികകളെഴുതിക്കുക എന്നതിനു പകരം വരികൾക്ക് ഈണം കൊടുക്കുന്നതിൽ രവി പുലർത്തിയിരുന്ന നിഷ്ക്കർഷത കാവ്യ ഗുണങ്ങളേറിയ ഒട്ടേറെ ഗാനങ്ങൾ മലയാളത്തിനു സമ്മാനിക്കുന്നതിന് കാരണമായി.
ചെറുപ്പകാലത്ത് ശാസ്ത്രീയ സംഗീതത്തിൽ പ്രത്യേകമായ ശിക്ഷണം ലഭിച്ചിരുന്നില്ല എങ്കിലും പിതാവിന്റെ ഭജൻ ആലാപനം കുട്ടിയായ രവിയെ ആകർഷിച്ചു. ഒപ്പം അത് പരിശീലിക്കുകയും ചെയ്തു. ഹാർമ്മോണിയവും മറ്റ് സംഗീത ഉപകരണങ്ങളും കൈകാര്യം ചെയ്യാൻ സ്വയം പഠിച്ചു. കുടുംബഭാരം നിമിത്തം ആദ്യനാളുകളിൽ ഇലക്ട്രീഷ്യനായി ഉദ്യോഗം നോക്കി ഡൽഹിയിലെത്തിച്ചേർന്ന രവി, തനിക്ക് സംഗീതജ്ഞനും ഗായകനും ആകണമെന്നുള്ള അദമ്യമായ ആഗ്രഹപ്രകാരം ബോംബെയിലേക്ക് വണ്ടികയറി. ബോംബെയിലെ ആദ്യകാല ജീവിതത്തിൽ ഏറെ യാതനകൾ സഹിച്ച രവിക്ക് പലപ്പോഴും റെയിൽവേ സ്റ്റേഷനിലും മറ്റും അന്തിയുറങ്ങേണ്ടി വന്നു. പല ഗാനസദസ്സുകളിലും ഓർക്കസ്ട്രകളിലും ചെറിയ അവസരങ്ങൾ ലഭിച്ചുവെങ്കിലും മിക്കപ്പോഴും പ്രതിഫലമൊന്നും ലഭിക്കാതെ വഞ്ചിതനാകേണ്ടി വന്നു. ദിവസത്തിൽ പലപ്പോഴും ഒരു നേരം മാത്രം ഭക്ഷണം കഴിക്കുവാൻ പണമുണ്ടായിരുന്ന രവിക്ക് പിതാവ് അയച്ച് കൊടുത്തിരുന്ന രൂപ കൊണ്ട് മാത്രം അധിക കാലം ബോംബെയിൽ സംഗീതജീവിതം സ്വപ്നം കണ്ട് തുടരുവാൻ കഴിഞ്ഞിരുന്നില്ല. ഇലക്ട്രീഷ്യനായ രവി പലപ്പോഴും ഇലക്ട്രിക്കൽ ഉപകരണങ്ങൾ നന്നാക്കി കൊടുത്ത് ഉപജീവനം നയിച്ചിരുന്നു. ഭാര്യയും മകനും കൂടി ബോംബെയിൽ എത്തിയതോടെ ജീവിതം കൂടുതൽ ദുരിതപൂർണ്ണമായി.
ഇക്കാലയളവിൽ സംഗീതസംവിധായകൻ ഹേമന്ദ് കുമാറിനെ പരിചയപ്പെടാൻ കഴിഞ്ഞത് രവിയുടെ സംഗീതജീവിതത്തിലെ വഴിത്തിരിവായിരുന്നു. 1952ൽ ഹേമന്ദ് കുമാർ തന്റെ “വന്ദേമാതരം” എന്ന ചിത്രത്തിനു വേണ്ടി കോറസ് പാടാൻ രവിക്ക് അവസരം കൊടുത്തു. തുടർന്ന് ഹേമന്ദ് കുമാറിന്റെ സഹായിയായി തുടക്കത്തിൽ തബല വായിച്ചും ഉറുദു ലിറിക്സുകളിൽ സഹായിച്ചും പതിയെ സംഗീതസംവിധാനത്തിലും അവസരങ്ങൾ നേടുകയായിരുന്നു. രവി എന്ന പുതു സംഗീതജ്ഞന്റെ കഴിവുകളാണ് പിന്നീട് സംഗീതലോകം ദർശിച്ചത്. ഹേമന്ദ് കുമാറിനു ശേഷം ഗുരുദത്ത് മുഖേനയും സംഗീത സംവിധാന ജോലികളും ഒപ്പം നിരവധി പുരസ്ക്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. ആശാ ഭോസ്ലെ, മഹേന്ദ്രകപൂർ എന്നിവരെ ഉത്തരേന്ത്യയിലെ ജനപ്രീതിയുള്ള ഗായകരാക്കുന്നതിൽ രവി വഹിച്ച പങ്ക് ചെറുതല്ല.1970തിനു ശേഷം 82ൽ തിരിച്ചെത്തുന്നത് വരെയുള്ള കാലഘട്ടത്തിൽ പ്രൊഫഷണൽ സംഗീതമേഖലയിൽ നിന്ന് മാറിനിന്നു.
1982ൽ “നിക്കാഹ്” എന്ന ഹിന്ദി ചലച്ചിത്രത്തിന് സംഗീതം പകർന്നു കൊണ്ട് പ്രൊഫഷണൽ സംഗീത മേഖലയിലേക്ക് തിരിച്ചെത്തി. ഇടവേളക്കു ശേഷം തിരിച്ചെത്തിയത് “ബോംബെ രവി” എന്ന പേരിലാണ്. 1986ൽ മലയാളത്തിലെ പ്രഗൽഭനായ സംവിധായകൻ ഹരിഹരന്റെ "പഞ്ചാഗ്നി" എന്ന ചിത്രത്തിലെ ഗാനങ്ങളൊരുക്കി മലയാളത്തിൽ ശ്രദ്ധേയനായി. അതേ വർഷം തന്നെ ഹരിഹരനൊരുക്കിയ നഖക്ഷതങ്ങൾ എന്ന ചിത്രത്തിലെ ഗാനങ്ങൾക്കും സംഗീതം പകർന്നത് ബോംബെ രവി ആയിരുന്നു. നഖക്ഷതങ്ങൾക്ക് വേണ്ടി കെ എസ് ചിത്ര ആലപിച്ച “മഞ്ഞൾപ്രസാദവും” എന്ന ഗാനത്തിന് ചിത്രയെ മികച്ച പിന്നണിഗായികക്കുള്ള ദേശീയ അവാർഡിനർഹയാക്കി. 1989ൽ പുറത്തിറങ്ങിയ ഭരതന്റെ വൈശാലി എന്ന ചിത്രത്തിലും ബോബെ രവി സംഗീതം നൽകിയ “ഇന്ദുപുഷ്പം ചൂടി നിൽക്കുമെ”ന്ന ഗാനത്തിന് ചിത്രയെ ഒരിക്കൽ കൂടീ ദേശീയ അവാർഡിനർഹയാക്കിയിരുന്നു.
അവലംബം: ഡെക്കാൻ ക്രോണിക്കിൾ