സാബു സിറിൾ

Sabu Cyril

സാബു സിറിൽ

കലാ സംവിധായകൻ,Production Designer എന്നീ പദവികളിൽ ഇന്ത്യൻ സിനിമകളിൽ പ്രവർത്തിക്കുന്നു. 

ആദ്യകാലജീവിതം

കോഴിക്കോടുകാരായ സിറിൽ ആർതറിന്റെയും സ്ലാൻസയുടേയും മകനായി 1962 ജനുവരി 27ന്‌ തമിഴ്‌നാട്ടിലെ പൊള്ളാച്ചിക്കടുത്ത്‌ വാൽപാറയിൽ സാബു സിറിൽ ജനിച്ചു. സിറിൽ ആർതർ അവിടെ തേയിലത്തോട്ടത്തിൽ സൂപ്പർ വൈസറായിരുന്നു. പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ എ വിൻസന്റിന്റെ അനുജത്തിയാണ്‌ അമ്മ സ്ലാൻസ. അതിനാലാവണം വിൻസന്റ്‌ സിറിൽ എന്നായിരുന്നു സാബുവിന്‌ ആദ്യം നൽകിയ പേര്‌. പേരുമാറ്റി പിന്നീട്‌ സാബു സിറിലായി. 

പ്രാഥമിക വിദ്യാഭ്യാസം വാൽപാറയിലായിരുന്നു. മെക്കാനിക്കായിരുന്ന കുടുംബ സുഹൃത്ത്‌ ജേക്കബിനൊപ്പം കൊല്ലത്ത്‌ തങ്കശേരിയിലെത്തിയ സാബു സിറിൽ അവിടെ ട്രിനിറ്റി ലൈസിയം സ്കൂളിലായിരുന്നു ഏഴാം ക്ലാസ്‌ പഠനം.തുടർന്ന് കോയമ്പത്തൂരിലേക്ക്‌ മാറി. അവിടെ സ്കൂൾ വിദ്യാർത്ഥിയായിയിരിക്കേ ടെക്സ്റ്റെയിൽ റിസർച്ച്‌ സെന്ററിൽ ആർട്ട്‌ വർക്കുകൾ ചെയ്തുകൊടുക്കുമായിരുന്നു. അവിടുത്തെ ഉദ്യോഗസ്ഥരിൽ ചിലരാണ് കലാപ്രവർത്തനം ബിരുദവിഷയമാക്കാൻ നിർദ്ദേശിച്ചത്‌. 
അച്ഛൻ പണം നൽകാൻ വിസമ്മതിച്ചതിനെത്തുടർന്ന് 1981ൽ മദ്രാസ്‌ ആർട്ട്‌ ആൻഡ്‌ ക്രാഫ്റ്റ്‌ സ്കൂളിൽ ചേർന്നശേഷം സ്വതന്ത്രമായി ഗ്രാഫിക്‌ ഡിസൈൻ ജോലികൾ ചെയ്ത്‌ സാബു പഠിക്കാൻ പണം കണ്ടെത്തി. 1985ൽ വിഷ്വൽ കമ്യൂണിക്കേഷനിൽ ബിരുദം സമ്പാദിച്ചു. അപ്പോഴേക്ക്‌‌ ചെന്നൈയിലെ വിവിധ ഹോട്ടൽ ഗ്രൂപ്പുകൾക്കും ഫാർമ്മസ്യൂട്ടിക്കൽ,ടെക്സ്റ്റൈൽ കമ്പനികൾക്കും ഗ്രാഫിക്‌ ഡിസൈനറായി സാബു സിറിൽ മാറിയിരുന്നു. 1986ൽ അമ്മാവൻ എ വിൻസെന്റിന്റെ മകൾ സ്നേഹലതയെ പ്രണയവിവാഹം ചെയ്തു. 

സിനിമാപ്രവേശം

1988ൽ പരസ്യചിത്രങ്ങൾക്കായി ഡിസൈൻ വർക്കുകൾ ചെയ്യാൻ ആരംഭിച്ചു.1989ൽ രാജീവ്‌ അഞ്ചൽ പിന്മാറിയതിനെത്തുടർന്ന് ഏതാനും ദിവസത്തേക്ക്‌ ആർട്ട്‌ ജോലികൾ ചെയ്യാനായി "അയ്യർ ദി ഗ്രേറ്റ്‌" എന്ന സിനിമയിലേക്ക്‌ സാബുവിനെ ഭദ്രൻ ക്ഷണിച്ചു. അതിലെ "ട്രയിനപകടരംഗം" സൃഷ്ടിച്ച സാബുവിന്റെ കലാവൈഭവം ശ്രദ്ധേയമായി. 1991ൽ "അങ്കിൾ ബൺ" എന്ന ഭദ്രന്റെ അടുത്ത ചിത്രത്തിൽ തടിയനായ മോഹൻലാലിന്റെ പ്രത്യേക വേഷം രൂപകൽപനചെയ്യാൻ വീണ്ടും സാബു നിയോഗിക്കപ്പെട്ടു. അതേത്തുടർന്ന് "അമരം" എന്ന ചിത്രത്തിനായി റക്സിനും മറ്റും ഉപയോഗിച്ച്‌ ഒരു വലിയ സ്രാവിനെ ചെയ്തുകൊടുക്കാൻ സംവിധായകൻ ഭരതന്റെ മരുമകനും കലാസംവിധായകനുമായ അശോക്‌ ആവശ്യപ്പെട്ടു. ആ സൃഷ്ടിയുടെ പൂർണ്ണതയിൽ തൃപ്തനായ ഭരതനാണ്‌ അമരത്തിൽ "കലാസംവിധായകൻ" എന്ന മുഴുനീള വേഷം സ്വീകരിക്കാൻ സാബു സിറിലിനെ സ്വാഗതം ചെയ്തത്‌. 

"പ്രിയദർശൻ-സാബു സിറിൽ"

1991ൽ പ്രിയദർശൻ-മോഹൻലാൽ ടീമിന്റെ "അദ്വൈതം" എന്ന ചിത്രത്തിൽ സാബു സിറിൽ കലാസംവിധായകനായി. അതിൽ കോഴിക്കോട് വളയനാട് ക്ഷേത്രത്തിനുമുന്നിലായി സാബു സിറിൽ തീർത്ത വലിയ നടപ്പന്തലും ക്ഷേത്രവും താൽകാലിക കലാസൃഷ്ടിയാണെന്ന് നേരിട്ടുകണ്ടവരും പ്രേക്ഷകരും തിരിച്ചറിയാത്തവണ്ണം യഥാതഥമായിരുന്നു. കാലോചിതമായി സാങ്കേതിക വിദ്യയിലെ മാറ്റങ്ങൾ സിനിമയുടെ പുരോഗതിക്കായി എന്നും സ്വീകരിച്ചിട്ടുള്ള പ്രിയദർശന്‌ സാബു സിറിൽ അതോടെ മികച്ച കൂട്ടുകെട്ടായി. പ്രിയദർശന്റെ  "തേന്മാവിൻ കൊമ്പത്തി‌"ലും "കാലാപാനി"യിലും ബോളിവുഡ്‌ സിനിമകളിലും സാബു സിറിലിന്റെ കയ്യൊപ്പുകാണാം. പ്രിയദർശൻ-സാബു സിറിൽ കൂട്ടുകെട്ടിൽ പിറന്ന മറ്റു മലയാളചിത്രങ്ങൾ മിന്നാരം,ചന്ദ്രലേഖ,മേഘം,രാക്കുയിൽപ്പാട്ട്‌,കാക്കക്കുയിൽ,കിളിച്ചുണ്ടൻ മാമ്പഴം,ഒരു മരുഭൂമിക്കഥ,മരയ്ക്കാർ:അറബിക്കടലിന്റെ സിംഹം എന്നിവയാണ്‌. 

റ്റി കെ രാജീവ്‌ കുമാർ സംവിധാനം ചെയ്ത മഹാനഗരം,പവിത്രം,കണ്ണെഴുതി പൊട്ടും തൊട്ട്‌,കോളാമ്പി; ജോഷിയുടെ ധ്രുവം,സൈന്യം; തമ്പി കണ്ണന്താനത്തിന്റെ മാന്ത്രികം; കെ പി കുമാരന്റെ ആകാശഗോപുരം എന്നിവയാണ്‌ സാബു സിറിൽ കലാസംവിധാനം നിർവ്വഹിച്ച മറ്റു പ്രധാന മലയാള സിനിമകൾ. 

മറ്റു ഭാഷാചിത്രങ്ങൾ

തമിഴ്‌,തെലുഗു,ഹിന്ദി ഭാഷകളിലെല്ലാം കലാപരമായും സാങ്കേതികമായും ശ്രദ്ധിക്കപ്പെട്ട ഒട്ടേറെ സിനിമകളിൽ സാബു സിറിൽ ഭാഗമായി.1992ൽ പ്രിയന്റെ ഹിന്ദി ചിത്രമായ "മുസ്കുരാഹത്‌" സാബു സിറിലിന്‌ ബോളിവുഡിലേക്കും ഗിരീഷ്‌ കർണ്ണാടിന്റെ "ചെലുവി" കന്നഡയിലേക്കും വഴി തുറന്നു. 1993ലെ കമൽ ഹാസൻ ചിത്രമായ "കലൈഞ്ജനി"ലൂടെ തമിഴിലും 1994ലെ പ്രിയൻ ചിത്രമായ "ഗാണ്ഡീവ"ത്തിലൂടെ തെലുഗുവിലും തുടക്കമായി. ഇന്ത്യയൊട്ടുക്ക്‌ ശ്രദ്ധിക്കപ്പെട്ട പ്രിയദർശന്റെ 1996ലെ "കാലാപാനി" എന്ന ചിത്രം സാബു സിറിലിന്റെ സിനിമാരംഗത്തെ വളർച്ചയിൽ വലിയൊരു വഴിത്തിരിവായി. ലോകസിനിമയിലെ സാങ്കേതികമാറ്റങ്ങൾ സ്വീകരിക്കാനും ഉചിതമായി ഉപയോഗിക്കാനും സാബു സിറിൽ ശ്രദ്ധിച്ചു. 2000ൽ "ഹേ റാം",2003ൽ നവോദയ നിർമ്മിച്ച്‌ ജോസ്‌ പുന്നൂസ്‌ സംവിധാനം ചെയ്ത്‌ ഇന്ത്യയൊട്ടാകെ റിലീസ്‌ ചെയ്ത‌ 3D ചിത്രമായ "മാജിക്‌ മാജിക്‌",2005ലെ "അന്യൻ","യുവ",2007ലെ "ഗുരു", "ഓം ശാന്തി ഓം",2008ലെ "കാഞ്ചീവരം",2010ലെ "എന്തിരൻ",2011ലെ "റാ-വൺ",2013ലെ "കൃഷ്‌ 3",2015ലും 2017ലുമായി "ബാഹുബലി" രണ്ടു ഭാഗങ്ങൾ തുടങ്ങിയവയാണ്‌ ഇന്ത്യയൊട്ടുക്കും സാബു സിറിലിനെ ശ്രദ്ധേയനാക്കിയ സിനിമകൾ. അൻപതിലധികം ഹിന്ദി സിനിമകൾക്കും ഇരുപതോളം തമിഴ്‌ ചിത്രങ്ങൾക്കും അഞ്ച്‌ തെലുഗു ചിത്രങ്ങൾക്കും രണ്ട്‌ കന്നഡ ചിത്രങ്ങൾക്കും ഇതിനോടകം സാബു സിറിൽ കലാസംവിധാനം നിർവ്വഹിച്ചിട്ടുണ്ട്‌. 

പുരസ്കാരങ്ങൾ

 • 1994ൽ "തേന്മാവിൻ കൊമ്പത്ത്‌",1995ൽ "കാലാപാനി",2007ൽ "ഓം ശാന്തി ഓം", 2010ൽ "എന്തിരൻ" എന്നീ സിനിമകളിലായി നാലുവട്ടം മികച്ച പ്രൊഡക്ഷൻ ഡിസൈനർക്കുള്ള ദേശീയപുരസ്കാരം സാബു സിറിലിനു ലഭിച്ചിട്ടുണ്ട്‌. 
 • 1994ൽ "തേന്മാവിൻ കൊമ്പത്ത്‌",1995ൽ "കാലാപാനി"എന്നീ സിനിമകൾക്ക്‌ കേരള സംസ്ഥാന സിനിമാ അവാർഡും 2002ൽ "കന്നത്തിൽ മുത്തമിട്ടാൽ" എന്ന സിനിമയ്ക്ക്‌ തമിഴ്‌ന്നാട്‌ സംസ്ഥാന സിനിമാ അവാർഡും കലാസംവിധാനത്തിന്‌ ലഭിച്ചു. 
 • നന്തി അവാർഡ്‌, ഫിലിം ഫെയർ അവാർഡ്‌,വിജയ്‌ അവാർഡ്‌,ഏഷ്യാനെറ്റ്‌ അവാർഡ്‌ തുടങ്ങി ധാരാളം പുരസ്കാരങ്ങൾ വേറെയും കിട്ടിയിട്ടുണ്ട്‌. 

പ്രത്യേകതകൾ

 • 2500ലധികം പരസ്യചിത്രങ്ങളിലും 3 ടെലിവിഷൻ പരിപാടികളിലും 115 സിനിമകളിലും സാബു സിറിൽ പ്രവർത്തിച്ചിട്ടുണ്ട്‌. 
 • 1996ലെ "മിസ്‌. വേൾഡ്‌" മത്സരവേദി യുടെ ഡിസൈനർ സാബു സിറിലായിരുന്നു. 
 • കലാസംവിധാനം കേവലം ദൃശ്യഭംഗിക്കായി മാത്രമല്ലെന്നും നടീനടന്മാരുടെ പ്രകടനം മെച്ചപ്പെടുത്താനുതകുന്ന മറ്റു ഘടകങ്ങളും സംയോജിപ്പിക്കാമെന്നും സാബു സിറിൽ തെളിയിച്ചിട്ടുണ്ട്‌‌. 1994ൽ റ്റി കെ രാജീവ്‌ കുമാർ-മോഹൻ ലാൽ-സന്തോഷ്‌ ശിവൻ ടീമിനൊപ്പം സാബു ചെയ്ത "പവിത്രം" എന്ന സിനിമയിൽ ഒരു കല്യാണമണ്ഡപം ഹോസ്പിറ്റലായി രൂപം മാറ്റിയപ്പോൾ ഫിനൈലും സ്പിരിറ്റും കൊണ്ട്‌ ആശുപത്രിയുടെ മണവും അദ്ദേഹം നൽകി. അഭിനയിക്കുമ്പോൾ ശരിക്കും ആശുപത്രിയായി അനുഭവപ്പെട്ടുവെന്ന് മോഹൻലാൽ അഭിപ്രായപ്പെട്ടിരുന്നു. 
 • 2004ൽ "അന്യൻ" എന്ന ചിത്രത്തിനായി തഞ്ചാവൂരിനടുത്ത തിരുവയ്യാറിൽ നടക്കുന്ന ത്യാഗരാജ ആരാധനയുടെ വേദി സാബു സിറിൽ ചെന്നൈയിൽ സെറ്റിട്ടതു കണ്ട്‌ അത്ഭുതപ്പെട്ടുപോയ ലോകപ്രസിദ്ധ വയലിനിസ്റ്റായിരുന്ന കുന്നക്കുടി വൈദ്യനാഥൻ സാബു സിറിലിനെ വിളിച്ചു വരുത്തി അഭിനന്ദിച്ചിരുന്നു. 
 • "ബാഹുബലി" എന്ന ചിത്രത്തിനായി അഞ്ചുവർഷം ഹൈദരാബാദിൽ സാബു സിറിൽ ജോലി ചെയ്തു. മഹിഷ്മതി സാമ്രാജ്യത്തിന്റെ വലിയ സെറ്റിൽ ഷൂട്ട് ചെയ്യേണ്ടിയിരുന്ന രണ്ടുസിനിമകളിലെ ഭാഗങ്ങളും ഒരുമിച്ച് എടുക്കുകയായിരുന്നു. 
 • കലാസംവിധായകൻ എന്നതിനപ്പുറം ഒന്നിലധികം കലാസംവിധായകർ ഉൾപ്പെടുന്ന ടീമിന്‌ നേതൃത്വം നൽകുന്ന "പ്രൊഡക്ഷൻ ഡിസൈനർ" എന്ന കൂടുതൽ ബൃഹത്തായ പദവിയാണ്‌ സാബു സിറിൽ സിനിമകളിൽ ഇപ്പോൾ വഹിക്കുന്നത്‌.
 • "അയ്യർ ദി ഗ്രേറ്റ്‌" എന്ന സിനിമയുടെ രണ്ടാം യൂണിറ്റ്‌ സംവിധായകനായും സാബു സിറിൽ പ്രവർത്തിച്ചു. 
 • രജനീകാന്തിന്റെ "എന്തിരൻ" എന്ന സിനിമയിൽ സാബു സിറിൽ അഭിനയിച്ചിട്ടുണ്ട്‌. 
 • "പൂക്കാലം വരവായി" എന്ന ചിത്രത്തിന്റെ ടൈറ്റിൽ ഗ്രാഫിക്സ്‌ ചെയ്തത്‌ സാബു സിറിലാണ്‌. 

കുടുംബം

സാബു സിറിലിനും സ്നേഹലത മേരിയ്ക്കും രണ്ടു മക്കൾ. ഷ്വേതയും സൗമ്യയും.

 ഷ്വേത സാബു സിറിൽ തമിഴിൽ നയൻതാര നിർമ്മിച്ച്‌ വിജയ്‌ സേതുപതി നായകനായെത്തുന്ന  "കാത്തു വായ്ക്കുള രണ്ട്‌ കാതൽ" എന്ന ചിത്രത്തിലൂടെ സ്വതന്ത്ര കലാസംവിധായികയാവുന്നു. 

സംവിധായകനും ഛായാഗ്രാഹകനുമായ എ. വിൻസെന്റും ചില്ല്, സാവിത്രി തുടങ്ങിയ സിനിമകളിൽ നായകനായിരുന്ന റോണി വിൻസെന്റും സാബുവിന്റെ അമ്മാവൻമാരാണ്. 

പ്രശസ്ത ഛായാഗ്രാഹകന്മാരായ ജയാനൻ വിൻസെന്റും അജയൻ വിൻസെന്റും ഭാര്യാസഹോദരന്മാരാണ്‌. 

ഛായാഗ്രാഹകനായ ശേഖർ വി. ജോസഫും പുതിയ തലമുറയിലെ അഭിനേതാവായ റോൺസൺ വിൻസെന്റും അമ്മാവന്റെ മക്കളാണ്‌.