മേജർ രവി

Major Ravi
Date of Birth: 
Friday, 13 June, 1958
മേജർ എ കെ രവീന്ദ്രൻ
എഴുതിയ ഗാനങ്ങൾ: 1
സംവിധാനം: 9
കഥ: 7
സംഭാഷണം: 6
തിരക്കഥ: 8

മലയാള ചലച്ചിത്ര സംവിധായകൻ, 1958 ജൂണിൽ കുട്ടിശ്ശങ്കരൻ നായരുടെയും സത്യഭാമയുടെയും മകനായി പാലക്കാട് ജില്ലയിലെ പട്ടാമ്പിയിൽ ജനിച്ചു. സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം സൈന്യത്തിൽ ചേർന്ന രവി,  Army Cadet College-ൽ ചേർന്ന് തുടർന്ന് പഠിയ്ക്കുകയും ബിരുദം നേടുകയും ചെയ്തു. 1984-ൽ അദ്ദേഹം സൈന്യത്തിൽ ഓഫീസറായി. പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ പിടിയ്ക്കുന്നതിനുള്ള മിഷൻ Operation One Eyed Jack to capture -റിന്റെ തലവനായി മേജർ രവി പ്രവർത്തിച്ചിട്ടുണ്ട്. രണ്ടു ദശാാബ്ദകാലത്തെ സൈനിക സേവനത്തിനുശേഷം അദ്ദേഹം സിനിമകൾക്കുവേണ്ട സൈനിക സംബന്ധമായ സഹായങ്ങൾ ചെയ്തുകൊടുക്കുന്ന പ്രവർത്തനങ്ങൾ തുടങ്ങി. പ്രിയദർശൻ, രാജ്കുമാർ സന്തോഷി, കമലഹാസൻ, മണിരത്നം എന്നിവരോടൊക്കെയൊപ്പം അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 

പ്രിയദർശൻ സംവിധാനം ചെയ്ത് 1999-ൽ ഇറങ്ങിയ മേഘം എന്ന ചിത്രത്തിലാണ് മേജർ രവി ആദ്യമായി അഭിനയിയ്ക്കുന്നത്. ഇരുപതോളം സിനിമകളിൽ വലുതും ചെറുതുമായ വേഷങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 2002-ലാണ് മേജർ രവി ആദ്യമായി സംവിധായകനാകുന്നത്. രാജേഷ് അമനക്കരയോടൊപ്പം അദ്ദേഹം സംവിധാനം ചെയ്ത ചിത്രമാണ് പുനർജനി. സിനിമയുടെ കഥ,തിരക്കഥ,സംഭാഷണം എന്നിവ നിർവഹിച്ചത് മേജർ രവിതന്നെയായിരുന്നു.  2006-ൽ മോഹൻലാലിനെ നായകനാക്കി സൈനിക പശ്ചാത്തലത്തിൽ കാശ്മീർ തീവ്രവാദത്തിന്റെ കഥ പറഞ്ഞ കീർത്തി ചക്ര എന്ന ചിത്രം അദ്ദേഹം സംവിധാനം ചെയ്തു. വലിയ വിജയം നേടിയ ഈ ചിത്രത്തിനു ശേഷം, 2001-ൽ മമ്മൂട്ടിയെ നായകനാക്കി മിഷൻ 90 ഡേയ്സ് ഒരുക്കി. പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ പിടിയ്ക്കുന്നതിനുള്ള മിഷനായിരുന്നു സിനിമയുടെ പ്രമേയം. 2008- ൽ കീർത്തിചക്രയുടെ തുടർച്ചയായി കാർഗിൽ യുദ്ധത്തിന്റെ കഥയുമായി കുരുക്ഷേത്ര എന്ന  ചിത്രം സംവിധാനം ചെയ്തു. പിന്നീട് നാല് സിനിമകൾ കൂടി മേജർ രവി സംവിധാനം ചെയ്തു. അദ്ദേഹത്തിന്റെ സിനിമകളിൽ രണ്ടെണ്ണമൊഴികെ എല്ലാം സൈനിക പശ്ചാത്തലത്തിലുള്ളവയായിരുന്നു. മേജർ രവി സംവിധാനം ചെയ്ത എല്ലാ സിനിമകളുടെയും കഥ,തിരക്കഥ,സംഭാഷണം രചിച്ചത് അദ്ദേഹം തന്നെയായിരുന്നു. കർമ്മയോദ്ധ എന്ന സിനിമയുടെ നിർമ്മാതാവുകൂടിയാണ് അദ്ദേഹം. അന്യർക്ക് പ്രവേശനമില്ല എന്ന സിനിമയ്ക്ക് വേണ്ടി ഒരു ഹിന്ദി ഗാനവും അദ്ധേഹം രചിച്ചിട്ടുണ്ട്.

മേജർ രവിയുടെ ഭാര്യ അനിത. ഒരു മകനാണുള്ളത്, പേര് അർജ്ജുൻ രവി.