സാജു നവോദയ
1977 ഒക്റ്റോബർ 14 ന് തങ്കപ്പന്റെയും മങ്കയുടെയും ഒൻപത് മക്കളിൽ ആറാമനായി എറണാംകുളം ജില്ലയിലെ പാപ്പനംകോട് ജനിച്ചു. എസ് എൻ ഡി പി എച്ച് എസ് എസിലയിരുന്നു സാജുവിന്റെ വിദ്യാഭ്യാസം. പഠിയ്കുന്ന കാലത്ത് സ്ക്കൂൾ യുവജനോത്സവങ്ങളിലെ വിവിധ കലാമത്സരങ്ങളിൽ അദ്ദേഹം പങ്കെടുത്തിരുന്നു അതോടൊപ്പം എറണാംകുളം ജില്ലാ സ്ക്കൂൾ യുവജനോത്സവങ്ങളിൽ സാജു സംവിധാനം ചെയ്ത നാടകങ്ങൾ പുരസ്ക്കാരങ്ങൾ നേടിയിരുന്നു..തൃപ്പൂണിത്തറ ശ്രീ രാമവർമ്മ ഗവണ്മെന്റ് സംസ്കൃത കോളേജിലായിരുന്നു സാജുവിന്റെ തുടർപഠനം. വിദ്യാഭ്യാസത്തിനുശേഷം തൃപ്പൂണിത്തറയിൽ സാജു നൃത്തം പഠിപ്പിയ്ക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിച്ചു. കായിക വിനോദങ്ങളോട് നല്ല താത്പര്യമുള്ള സാജു ക്രിക്കറ്റ്, ഫുട്ബോൾ ടീമുകളും, ക്ലബുകളും രൂപീകരിക്കുന്നതിൽ ഭാഗഭാക്കായിട്ടുണ്ട്. പ്രാദേശികമായി ക്രിക്കറ്റ്, ഫുട്ബോൾ മത്സരങ്ങൾ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചിട്ടുമുണ്ട്.
തന്റെ നാട്ടിലെ ക്ലബുകളിലും ഉത്സവവേദികളിലും മിമിക്രി അവതരിപ്പിച്ചുകൊണ്ടാണ് സാജു തന്റെ കലാപ്രവർത്തനത്തിന് തുടക്കം കുറിയ്ക്കുന്നത്. മിമിക്രി താരമായ മനോജ് ഗിന്നസ് തന്റെ ട്രൂപ്പായ നവോദയയിൽ സാജുവിനെ അംഗമാക്കിയതോടെയാണ് സാജു മിമിക്രിവേദികളിൽ ശ്രദ്ധിയ്ക്കപ്പെടുന്നത്. സാജു നവോദയ എന്ന പേരിലാണ് പിന്നീട് അദ്ദേഹം അറിയപ്പെട്ടത്. മിമിക്രി വേദികളിലെ അദ്ദേഹത്തിന്റെ പ്രകടനം ടെലിവിഷൻ ചാനലുകളിൽ പ്രോഗ്രാമുകൾ അവതരിപ്പിയ്ക്കാനുള്ള അവസരങ്ങൾ നേടിക്കൊടുത്തു. മഴവിൽ മനോരമയിലെ റിയാലിറ്റി കോമഡി പ്രോഗ്രാമിലൂടെ ശ്രദ്ധേയനായ സാജു നവോദയ. സാജുവിന്റെ പാഷാണം ഷാജി എന്ന കോമഡി കഥാപാത്രം വളരെയധികം ശ്രദ്ധിക്കപ്പെട്ടു. ഏഷ്യാനെറ്റിലെ കോമഡി പ്രോഗ്രമുകളിലും അദ്ദേഹം പങ്കെടുത്തിരുന്നു.
2014 ൽ മാന്നാർ മത്തായി സ്പീക്കിങ്ങ് 2 എന്ന സിനിമയിലൂടെയാണ് സാജു സിനിമാഭിനയരംഗത്തേക്കെത്തുന്നത്. തുടർന്ന് വെള്ളിമൂങ്ങ, അമർ അക്ബർ അന്തോണി, ആടുപുലിയാട്ടം.. എന്നിവയുൾപ്പെടെ അൻപതിലധികം സിനിമകളിൽ അഭിനയിച്ചു. ആടുപുലിയാട്ടത്തിൽ സാജു നവോദയ ഒരു ഗാനവും ആലപിച്ചിട്ടുണ്ട്. 2018 ൽ കരിങ്കണ്ണൻ എന്ന സിനിമയിൽ നായകവേഷത്തിൽ അദ്ദേഹം അഭിനയിച്ചു. 2019- ൽ വട്ടമേശസമ്മേളനം എന്ന ചിത്രം സാജു സംവിധാനം ചെയ്തു. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ബിഗ്ബോസ് സീസൺ 2 വിൽ അദ്ദേഹം മത്സരാർത്ഥിയായിരുന്നു.