കൊല്ലം തുളസി

Kollam Thulasi

കൊല്ലം തുളസിയെന്ന എസ് തുളസീധരൻ നായർ 1949 മേയ് 29തിന് കൊല്ലം ജില്ലയിലെ കാഞ്ഞാവെളിയിൽ കുറ്റിലഴികത്ത് വീട്ടിൽ, സംസ്കൃത അധ്യാപകനായിരുന്ന ശാസ്ത്രി പി എസ് നായരുടേയും ഭാരതിയമ്മയൂടേയും ആറുമക്കളിൽ രണ്ടാമനായി ജനിച്ചു.

 പ്രാക്കുളം എൻ എസ് എസ് കോളേജ്, കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജ്,  മൈസൂർ യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം നടത്തി. ചരിത്രത്തിൽ ബിരുദാനന്തര ബിരുദവും ജേർണലിസത്തിൽ ഡിപ്ലോമയും പൂർത്തിയാക്കി. പ്രീഡിഗ്രിക്കു ശേഷം വീട് വിട്ട് ബംഗളൂരും മംഗലാപുരത്തുമൊക്കെ ജോലി ചെയ്തെങ്കിലും 1970ൽ കേരള മുനിസിപ്പൽ സർവീസിൽ ജോലിയിൽ പ്രവേശിക്കുകയായിരുന്നു. 2004ൽ തിരുവനന്തപുരം നഗരസഭയിൽ നിന്നും ഡെപ്യൂട്ടി സെക്രട്ടറിയായി വിരമിച്ചു.

സ്കൂൾ കാലഘട്ടം മുതൽ തന്നെ നാടകാഭിനയത്തിനു തുടക്കമിട്ട തുളസി 1979ൽ ഹരികുമാറിന്റെ “ആമ്പൽപ്പൂവ്” എന്ന സിനിമയിലൂടെയാണ് സിനിമാ രംഗത്തേക്ക് കടന്നു വരുന്നത്. തുടർന്ന് നിരവധി ചിത്രങ്ങളിൽ വേഷമിട്ടു. 200ലധികം സിനിമകൾ, 300ൽ കൂടുതൽ റേഡിയോ നാടകങ്ങൾ, 200ലധികം ടെലി-സീരിയലുകൾ എന്നിവയിൽ പങ്കാളിയായി. 2006ൽ ജോഷിയുടെ ലേലം എന്ന ചിത്രത്തിൽ മികച്ച രണ്ടാമത്തെ നടനുള്ള കേരള ക്രിട്ടിക്സ് അവാർഡ് നേടിയെടുത്തു.  

വർഷങ്ങളായി എഴുത്തിന്റെ ലോകത്തും തുടരുന്ന തുളസിയുടേതായി “തുളസിയുടെ കഥകൾ, തുളസിയുടെ കവിതകൾ, തുളസിയുടെ തമാശകൾ, എട്ടുകാലി (ചെറുകഥാ സമാഹാരം), അമൃതഗീതങ്ങൾ (കവിതാസമാഹാരം) എന്നിവ പുസ്തകങ്ങളായി പുറത്തിറക്കിയിട്ടുണ്ട്. സാമൂഹിക പ്രവർത്തന രംഗത്തും തുളസി സജീവമാണ്.. കണ്ണൂർ അടിസ്ഥാനമായി പ്രവർത്തിക്കുന്ന ഹെൽത്ത് ഓറിയന്റഡ് പ്രോഗ്രാംസ് എസ്റ്റാബ്‌ളിഷ്മെന്റ് എന്ന സംഘടനയുടെ സൗത്ത് കേരള റീജണൽ ചെയർമാനും പത്തനാപുരം ഗാന്ധിഭവന്റെ ജനസുരക്ഷാ പദ്ധതിയുടെ സംസ്ഥാന പ്രസിഡന്റുമായും പ്രവർത്തനം കാഴ്ച വച്ചു. ഇതിനോടൊപ്പം തന്നെ തിരുവനന്തപുരം ജില്ലയിലെ മിക്ക ചാരിറ്റി സംഘടനകളിലും സജീവ പങ്കാളിത്തവുമുണ്ട്  തുളസിക്ക്..

ഈയിടെ കാൻസറിനെ അതീജീവിച്ച് സിനിമയിലേക്ക് മടങ്ങിയെത്തിയത് വാർത്തയായിരുന്നു.

അവലംബങ്ങൾ