സുരേഷ് ഗോപി

Suresh Gopi
ആലപിച്ച ഗാനങ്ങൾ: 7

 

മലയാള ചലച്ചിത്ര താരം.  1959 ജൂൺ 26ന് കൊല്ലം ജില്ലയിൽ ജ്ഞാനലക്ഷ്മിയുടേയും ഗോപിനാഥൻ പിള്ളയുടേയും മകനായി സുരേഷ് ഗോപിനാഥൻ നായർ എന്ന സുരേഷ് ഗോപി ജനിച്ചു. അച്ഛൻ ഗോപിനാഥൻ പിള്ള സിനിമാ വിതരണക്കമ്പനി നടത്തിയിരുന്നു. 1965-ൽ  കെ എസ് സേതുമാധവൻ സംവിധാനം ചെയ്ത "ഓടയിൽ നിന്ന്" എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചു.  തങ്കശ്ശേരി ഇൻഫന്റ് ജീസസ് ആംഗ്ലോ ഇന്ത്യൻ ഹൈസ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം. കൊല്ലം ഫാത്തിമാമാതാ നാഷണൽ കോളേജിൽ നിന്നും സുവോളജിയിൽ ബിരുദവും, ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. വിദ്യാഭ്യാസം പൂർത്തിയാക്കിയതിനുശേഷമാണ് സുരേഷ്ഗോപി വീണ്ടും സിനിമാഭിനയം ആരംഭിയ്ക്കുന്നത്.

1984-ൽ "നിരപരാധി" എന്ന തമിൾ സിനിമയിൽ ഒരു ചെറിയ വേഷത്തിൽ അഭിനയിച്ചുകൊണ്ടാണ് തന്റെ അഭിനയജീവിതത്തിന് സുരേഷ്ഗോപി തുടക്കമിടുന്നത്. 85-ൽ "വേഷം" എന്ന തമിൾ സിനിമയിലും അദ്ദേഹം അഭിനയിച്ചു.1986-ൽ "ടി പി ബാലഗോപാലൻ എം എ" എന്ന സിനിമയിൽ ഒരു ചെറിയ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് മലയാളസിനിമയിലേയ്ക്ക് സുരേഷ്ഗോപിയുടെ പ്രവേശം. ആ വർഷം റിലീസ് ചെയ്ത മോഹൻലാൽ നായകനായ "രാജാവിന്റെ മകൻ" എന്ന സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് സുരേഷ്ഗോപി ശ്രദ്ധനേടി. 86-ൽ റിലീസ് ചെയ്ത മമ്മൂട്ടി നായകനായ "സായം സന്ധ്യ" എന്ന സിനിമയിൽ  സുരേഷ്ഗോപി ചെയ്ത വില്ലൻ വേഷവും പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി. 1987-ൽ ഇറങ്ങിയ "ഇരുപതാം നൂറ്റാണ്ട്" എന്ന സിനിമയിലെ വില്ലൻ വേഷം സുരേഷ് ഗോപിയുടെ അഭിനയജീവിതത്തിലെ ഒരു വഴിത്തിരിവായി.

  1980-തുകളിൽ ജനുവരി ഒരോർമ്മ,ന്യൂഡൽഹി,ഭൂമിയിലെരാജാക്കന്മാർ,അനുരാഗി,ആലിലക്കുരുവികൾ,മൂന്നാം മുറ,ഒരു വടക്കൻ വീരഗാഥ,1921,ദൗത്യം... എന്നിങ്ങനെ നിരവധി സിനിമകളിൽ വില്ലനായും ഉപനായകനായും മറ്റും അഭിനയിച്ചുകൊണ്ട് അദ്ദേഹം മലയാള ചലച്ചിത്രരംഗത്ത് സജീവമായി. 1990-കളുടെ തുടക്കം മുതലാണ് സുരേഷ് ഗോപി നായകനായി അഭിനയിക്കാൻ തുറ്റങ്ങിയത്. രഞ്ജി പണിക്കർ തിരക്കഥ എഴുതി ഷാജി കൈലാസ് സംവിധാനം ചെയ്ത് സുരേഷ് ഗോപി നായകനായി 1992-ൽ റിലീസായ "തലസ്ഥാനം" എന്ന സിനിമ വൻവിജയം നേടിയതോടെയാണ് സുരേഷ് ഗോപി നായകപദവിയിലേയ്ക്കുയർന്നത്.  ഷാജികൈലാസ് - രഞ്ജി പണിക്കർ - സുരേഷ് ഗോപി കൂട്ടുകെട്ടിൽ പിറന്ന സിനിമകളെല്ലാം സൂപ്പർ ഹിറ്റുകളായിരുന്നു. ഏകലവ്യൻ,മാഫിയ,കമ്മീഷണർ എന്നിവ ഈ കൂട്ടുകെട്ടിൽ പിറന്ന സിനിമകളിൽ വൻ വിജയം നേടിയവയാണ്. കമ്മീഷണർ സിനിമയുടെ വൻ വിജയത്തോടെ സുരേഷ്ഗോപി "സൂപ്പർതാര" പദവിയിലേയ്ക്കുയർന്നു. മമ്മൂട്ടി,മോഹൻലാൽ എന്നിവർക്കുശേഷം ആ വിശേഷണം ലഭിയ്ക്കുന്ന താരമായി സുരേഷ്ഗോപി.

  പോലീസ് വേഷങ്ങളിലെ സുരേഷ്ഗോപിയുടെ ഉജ്ജ്വല പ്രകടനമായിരുന്നു അദ്ദേഹത്തിനെ പ്രശസ്ഥനാക്കിയതിൽ ഒരു ഘടകം. ആക്ഷൻ സിനിമകളാണ് കൂടുതൽ ചെയ്തതെങ്കിലും മറ്റു സിനിമകളിലും അദ്ദേഹം നല്ല അഭിനയം കാഴ്ച്ചവെച്ചു. 1998ൽ ജയരാജ് സംവിധാനം ചെയ്ത "കളിയാട്ട"ത്തിലെ “പെരുമലയൻ“ എന്ന കഥാപാത്രത്തിന് അഭിനയത്തിന് മികച്ച നടനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കി. അതേ വർഷം തന്നെ മികച്ച നടനുള്ള സംസ്ഥാന അവാർഡും നേടിയിരുന്നു. മലയാളത്തിലും, തമിഴിലും, തെലുങ്കിലുമായി 250-ഓളം സിനിമകളിൽ സുരേഷ്ഗോപി അഭിനയിച്ചിട്ടുണ്ട്. നല്ലൊരു ഗായകൻ കൂടിയാണ് അദ്ദേഹം. ഏഷ്യാനെറ്റിൽ നിങ്ങൾക്കുമാകാം കോടീശ്വരൻ പ്രോഗാമിന്റെ അവതാരകനായും അദ്ദേഹം പ്രവർത്തിച്ചിരുന്നു.

 സിനിമകളിൽ നിന്ന് മാറി രാഷ്ട്രീയത്തിൽ ഇറങ്ങിയ സുരേഷ്ഗോപി ഭാരതീയ ജനതാ പാർട്ടിയിൽ അംഗമാവുകയും 2016 ഏപ്രിലിൽ ബി ജെ പി യുടെ രാജ്യ സഭാ എം പിയാവുകയും ചെയ്തു. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ തത്പരനാണ് സുരേഷ്ഗോപി. ശാരീരിക, സാമ്പത്തിക പ്രശ്നങ്ങൾ അനുഭവിയ്ക്കുന്നവർക്ക് കഴിയുന്ന രീതിയിൽ അദ്ദേഹം സഹായ സഹകരണങ്ങൾ ചെയ്തുവരുന്നു.

ചലച്ചിത്രതാരം ആറന്മുള പൊന്നമ്മയുടെ ചെറുമകളും ഗായികയുമായ രാധികയാണ് ഭാര്യ. നാലുമക്കളും ഭാര്യയുമൊപ്പം തിരുവനന്തപുരത്തെ ശാസ്തമംഗലത്ത് താമസിക്കുന്നു. മൂത്തമകൻ ഗോകുൽ സുരേഷ് സിനിമാതാരമാണ്.

പ്രൊഫൈൽ ഫോട്ടോ ഇലസ്ട്രേഷൻ നന്ദൻ