ഗൗതമി

Gautami Tadimalla

ഗൗതമി തടിമല്ല. തെന്നിന്ത്യൻ ചലച്ചിത്ര നടി. 1968 ജൂലൈ 2ന് ജനിച്ചു. തന്റെ പതിനേഴാം വയസ്സിലാണ് ഗൗതമി ചലച്ചിത്രരംഗത്തേയ്ക്ക് എത്തുന്നത്. ദയാമയുഡു എന്ന തെലുങ്കു ചിത്രത്തിലായിരുന്നു ആദ്യമായി അഭിനയച്ചത്. ഗൗതമിയുടെ ബന്ധുവായിരുന്നു ആ സിനിമയുടെ നിർമ്മാതാവ്. രജനികാന്ത്,പ്രഭു എന്നിവർ അഭിനയിച്ച "ഗുരു ശിഷ്യൻ" ആയിരുന്നു ഗൗതമിയുടെ ആദ്യ തമിഴ്ച്ചിത്രം. തുടർന്ന് നിരവധി തമിഴ് ചിത്രങ്ങളിൽ ഗൗതമി നായികയായി.  അപൂർവ്വ സഹോദരങ്ങൾ, രാജ ചിന്ന റോജ, തേവർ മകൻ, പണക്കാരൻ, ഇരുവർ..എന്നിവ ഗൗതമിയുടെ ശ്രദ്ധേയമായ ചില തമിഴ് ചിത്രങ്ങളാണ്. 1987 - 1998 കാലഘട്ടത്തിൽ തമിഴിലെ മുൻനിര നായികയായിരുന്നു ഗൗതമി.

ഗൗതമി 1990-ലാണ് മലയാള സിനിമയിൽ തുടക്കം കുറിയ്ക്കുന്നത്. മോഹൻലാൽ നായകനായ ഹിസ് ഹൈനസ് അബ്ദുള്ള എന്ന സിനിമയിൽ നായികയായാണ് മലയാളസിനിമയിലേയ്ക്കുള്ള പ്രവേശം. തുടർന്ന് പതിനഞ്ചിൽ അധികം മലയാളസിനിമകളിൽ അഭിനയിച്ചു. വിദ്യാരംഭം, ധ്രുവം, ചുക്കാൻ, സുകൃതം തുടങ്ങിയ ചിത്രങ്ങളിൽ ഗൗതമി ശ്രദ്ദേയമായ പ്രകടനം കാഴ്ച്ചവെച്ചു. ഗൗതമി മലയാളം,തമിഴ്,തെലുങ്കു,കന്നഡ, ഹിന്ദി എന്നീഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്. ജന്റിൽ മാൻ എന്ന സിനിമയിലെ "ചിക്ക് പുക്ക് റെയിലേ.. എന്ന ഗാനരംഗത്തിൽ പ്രഭുദേവയോടൊപ്പം അഭിനയിച്ചിട്ടുണ്ട്. സിനിമകൾ കൂടാതെ തമിഴ് ടെലിവിഷൻ സീരിയലുകളിലും ഗൗതമി അഭിനയിക്കുന്നുണ്ട്. “Life Again Foundation" എന്ന സംഘടന സ്ഥാപിച്ച് അതിലൂടെ സാമൂഹ്യസേവന പ്രവർത്തനങ്ങൾ ഗൗതമി നടത്തുന്നുണ്ട് .

ഗൗതമി 2005 മുതൽ നടൻ കമലഹാസനോടൊപ്പം ഒന്നിച്ചു ജീവിയ്ക്കുന്നു. ഗൗതമിയ്ക്ക് ഒരു മകളുണ്ട്. സുബ്ബലക്ഷ്മി ഭാട്ടിയ.

ഫേസ്ബുക്ക് പേജ്