നന്ദകുമാർ

Nandakumar G R
Nanadakumar-Dubbing Artist
ജി ആർ നന്ദകുമാർ
G R Nandakumar

ആകാശവാണിയിലൂടെ പ്രശസ്തരായ പി ഗംഗാധരൻ നായരുടേയും ടി പി രാധാമണിയുടെയും മൂന്ന് ആണ്മക്കളിലൊരുവനായി ജനനം. റേഡിയോ ലോകത്ത് വളരെ പ്രശസ്തനായ റേഡിയോ അമ്മാവൻ എന്ന പേരിലായിരുന്നു അച്ഛൻ പി ഗംഗാധരൻ നായർ അറിയപ്പെട്ടിരുന്നത്. അമ്മ ടി പി രാധാമണി ആകാശവാണിയിലെ ഡ്രാമാ ആർട്ടിസ്റ്റും ഡബ്ബിംഗ് ആർട്ടിസ്റ്റുമായിരുന്നു. അമ്മയോടൊപ്പമുള്ള സ്റ്റുഡിയോ യാത്രകളാണ് നന്ദകുമാറിന്റെ ചെറുപ്പകാലത്തെ ഡബ്ബിംഗ് പരിശീലനം.തിരുവനന്തപുരം മോഡൽ സ്കൂളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസവും എം ജി കോളേജിൽ നിന്ന് ബിരുദവും പൂർത്തിയാക്കി. കോളേജ് പഠനകാലത്ത് ടി കെ രാജീവ്കുമാർ , ജി ശ്രീറാം തുടങ്ങിയ സുഹൃത്തുക്കളോടൊത്ത് സൂപ്പർ മിമിക്സ് എന്ന ട്രൂപ്പ് രൂപപ്പെടുത്തി പല വേദികളിലും മിമിക്സ് പരേഡ് അവതരിപ്പിച്ചിരുന്നു. കോളേജ് വിദ്യാഭ്യാസത്തിനു ശേഷം ആകാശവാണിയിൽ കരാറടിസ്ഥാനത്തിൽ അനൗൺസെറായി ജോലി നോക്കുമ്പോഴാണ് അന്ന് ആകാശവാണിയിലെ ജോലിക്കാരനായിരുന്ന പത്മരാജൻ തന്റെ “പറന്ന് പറന്ന് പറന്ന്” എന്ന ചിത്രത്തിൽ റഹ്മാന് ശബ്ദം കൊടുക്കാൻ നന്ദകുമാറിനെ ക്ഷണിക്കുന്നത്. ഡബ്ബിംഗ് ജോലിയിൽ ശ്രദ്ധേയനായെങ്കിലും 1987ൽ എസ് ബി ടി ബാങ്കുദ്യോഗസ്ഥനായി സ്ഥിരജോലിയിൽ പ്രവേശിച്ചു.

നേർത്ത നനുത്ത ശബ്ദമുള്ള നന്ദകുമാർ കൂടുതലും മലയാള സിനിമയിലെ യുവനായകന്മാർക്കാണ് ശബ്ദം കൊടുത്തത്. പത്മരാജന്റെ അവസാന ചിത്രമായ ഞാൻ ഗന്ധർവ്വനിൽ നിതീഷ് ഭരദ്വാജിന്റെ ഗന്ധർവ്വന് ശബ്ദം കൊടുത്തത് നന്ദകുമാറിനെ ഏറെ ശ്രദ്ധേയനാക്കി മാറ്റി.  റഹ്മാൻ, വിനീത്, നഹാസ്, വിക്രം , മാധവൻ എന്നീ അഭിനേതാക്കൾക്ക് ശബ്ദം കൊടുത്തിരുന്നു. മലയാള സിനിമയിൽ 25 വർഷം പൂർത്തിയാക്കിയ നന്ദകുമാർ ടിവി രംഗത്തും ഡബ്ബിംഗ് മേഖലയിൽ തിരക്കുള്ള താരമാണ്. പുരാണ ടെലിഫിലിം സീരിയലുകളിലെ ക്രിസ്തു, മഹാവിഷ്ണു, ശ്രീകൃഷ്ണൻ തുടങ്ങിയ ദൈവികപുരുഷന്മാർക്കും ശബ്ദം കൊടുത്തു. 100ലധികം മലയാള സിനിമകൾ, 350തിലേറെ ടെലിഫിലിമുകൾ എന്നിവക്ക് ശബ്ദം കൊടുത്ത നന്ദകുമാർ കോളേജിൽ തന്റെ ജൂനിയറായിരുന്ന ലൗലിക്കുട്ടി പോളിനെയാണ് വിവാഹം കഴിച്ചത്. മകൻ അശ്വിൻ എഞ്ചിനീയറിംഗ് പഠനം പൂർത്തിയാക്കി. ഡബ്ബിംഗ് ആർട്ടിസ്റ്റായ ജേഷ്ടൻ ചന്ദ്രമോഹൻ മലയാള സിനിമയിൽ ശങ്കറിന്റെ സ്ഥിരം ശബ്ദമായിരുന്നു. മറ്റൊരു സഹോദരൻ കണ്ണൻ ദൂരദർശൻ ഉദ്യോഗസ്ഥനാണ്. കുട്ടിക്കാലം മുതൽ ചിത്രകലയിൽ താല്പര്യമുണ്ടായിരുന്ന നന്ദകുമാർ ഒരു മ്യൂറൽ ചിത്രകാരൻ കൂടിയാണ്.

അവലംബം : ഇന്ത്യൻ എക്സ്പ്രസ് ആർട്ടിക്കിൾ