വിനീത്

Vineeth Radhakrishnan
Date of Birth: 
Saturday, 23 August, 1969
വിനീത് രാധാകൃഷ്ണൻ

വിനീത് ഒരു ക്ലാസിക്കൽ ഡാൻസറും,ചലച്ചിത്രനടനുമാണ്. 1969 ഓഗസ്റ്റ് 23ന് കണ്ണൂർ ജില്ലയിലെ തലശ്ശേരിയിൽ ജനിച്ചു. അച്ഛൻ കെ ടി രാധാകൃഷ്ണൻ, അമ്മ ഡോക്ടർ പി കെ ശാന്തകുമാരി. പ്രശസ്ത സിനിമാതാരം പത്മിനിയുടെ ഭർത്താവ് ഡോക്ടർ രാമചന്ദ്രന്റെ സഹോദരീപുത്രനാണ് വിനീത്. വിനീതിന്റെ പ്രാഥമിക വിദ്യാഭ്യാസം Good Shepherd International School, Ooty and St Joseph's Higher Secondary School, Thalassery. എന്നിവിടങ്ങളിൽ നിന്നായിരുന്നു. ദ ന്യൂ കോളെജിൽ നിന്നും അദ്ദേഹം കോമേഴ്സിൽ ബിരുദവും കരസ്ഥമാക്കി.

ആറാം വയസ്സുമുതൽ വിനീത് ഭരതനാട്യം പഠിയ്ക്കാൻ തുടങ്ങി. സ്കൂൾ, കോളേജ് പഠനത്തോടൊപ്പം വിനീത് ക്ലാസിക്കൽ നൃത്ത പഠനവും തുടർന്നു പോന്നു. സ്കൂൾ പഠനകാലത്ത് വിനീത് നൃത്ത മത്സരങ്ങളിൽ നിരവധിതവണ സമ്മാനങ്ങൾ കരസ്ഥമാക്കി. കേരളസംസ്ഥാന സ്കൂൾ കലോത്സവത്തിൽ തുടർച്ചയായി നാലു തവണ വിജയിയായി. 1986- ലെ കലോത്സവത്തിൽ വിനീത് കലാപ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ടു.

1985-ൽ ഐ വി ശശി സംവിധാനം ചെയ്ത ഇടനിലങ്ങൾ എന്ന സിനിമയിലഭിനയിച്ചു കൊണ്ടാണ് വിനീത് തന്റെ സിനിമാഭിനയത്തിന് തുടക്കം കുറിയ്ക്കുന്നത്. എന്നാൽ ആ വർഷം തന്നെ റിലീസ് ആയ എം ടി - ഹരിഹരൻ സിനിമയായ നഖക്ഷതങ്ങളിലെ നായകവേഷമാണ് വിനീതിന്റെ കരിയറിൽ ഒരു വഴിത്തിരിവായത്. വൻ വിജയമായിത്തീർന്ന നഖക്ഷതങ്ങൾ വിനീതിനെ പ്രശസ്തനാക്കിമാറ്റി. വിനീത് തന്റെ നൃത്തപാടവം നിരവധി സിനിമകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. നഖക്ഷതങ്ങൾ, കമലദളം,സർഗ്ഗം, ഗസൽ.. തുടങ്ങിയ സിനിമകളിൽ വിനീത് മികച്ചപ്രകടനം കാഴ്ച്ചവെച്ചു.  മലയാളം,തമിഴ്,തെലുങ്ക്,കന്നഡ എന്നീ ദക്ഷിണേന്ത്യൻ ഭാഷകളിലെ സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. സിനിമാഭിനയത്തേക്കാൾ നൃത്തത്തിന് പ്രാധാന്യം കൊടുക്കുന്ന വിനീത് നിരവധി ഡാൻസ് പ്രോഗ്രാമുകൾ ഇന്ത്യയിലും വിദേശത്തുമായി നിരവധി വേദികളിൽ അവതരിപ്പിച്ചിട്ടുണ്ട്. 

വിനീത് 2004-ൽ വിവാഹിതനായി. ഭാര്യ - പ്രസില്ല മേനോൻ. ഒരു മകൾ - അവന്തി.

ഫേസ്ബുക്ക് 
വെബ്സൈറ്റ്