ശ്യാം മോഹൻ

Shyam Mohan
Shyam Mohan
ഡോക്ടർ ശ്യാം മോഹൻ

     പ്രജാ സോഷ്യലിസ്റ്റ് പാർട്ടി നേതാവും, രണ്ടാം കേരള നിയമസഭയിൽ എം.എൽ.എ.യും ആയിരുന്ന പി.നാരായണൻ തമ്പിയുടെയും കെ.ആർ.ലീലയുടെയും മകൻ. നെയ്യാറ്റിൻകര സ്വദേശിയായ ഇദ്ദേഹം തൃശൂർ ഗവ:എഞ്ചിനീയറിംഗ് കോളേജിലേയും മദ്രാസ് IIT യിലെയും പഠനശേഷം ISROയിൽ ജോലിയിൽ പ്രവേശിച്ചു.. 
       കെ ജി ജോർജ്ജിൻ്റെ സംവിധാനത്തിൽ 1990 ൽ പുറത്തിറങ്ങിയ 'ഈ കണ്ണി കൂടി' എന്ന ചിത്രത്തിൽ ഹർഷൻ എന്ന ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് ശ്യാം മോഹനാണ്. കർണ്ണാടക സംഗീതവും ഹിന്ദുസ്ഥാനിയും ശാസ്ത്രീയമായി പഠിച്ചിട്ടുള്ള ഇദ്ദേഹം ആകാശവാണിയിലും ദൂരദർശനിലും ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. 
       
  ബഹിരാകാശ ഗവേഷണ രംഗത്തെ ഇന്ത്യൻ കുതിപ്പിലെ നാഴികക്കല്ലുകളായ ASLV, PSLV, GSLV, GSLV mk3 തുടങ്ങിയ ലോഞ്ചിംഗ് വെഹിക്കിളുകളുടെയെല്ലാം കൺട്രോളിംഗ് സിസ്റ്റം, പ്രൊപ്പൽഷൻ സിസ്റ്റം എന്നിവയുടെ ഡെവലപ്മെൻ്റിൽ ഡോ.ശ്യാം മോഹൻ്റെ സാന്നിധ്യവും സംഭാവനയുമുണ്ട്.
       ISROയുടെ RLV-TD എന്ന പദ്ധതിയുടെ പ്രൊജക്ട് ഡയറക്ടറായിരുന്നു.

  ബഹിരാകാശ ഗവേഷണരംഗത്ത് നൽകിയ സംഭാവനകൾക്ക് ഇദ്ദേഹത്തിന് എയ്റോനോട്ടിക്കൽ സോസൈറ്റി ഓഫ് ഇന്ത്യയുടെ പുരസ്കാരവും, ISROയുടെ എക്സലൻസ് അവാർഡുകളുമടക്കം നിരവധി ബഹുമതികൾ ലഭിച്ചിട്ടുണ്ട്. ആസ്ട്രോനോട്ടിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയിലെ ആജീവനാന്ത അംഗം കൂടിയായ ഇദ്ദേഹം ഇന്ത്യയിലെ വിവിധ യൂണിവേഴ്സിറ്റികളിലെയും ഇൻസ്റ്റിറ്റ്യൂട്ടുകളിലെയും വിദ്യാർത്ഥികളുമായി Space Research & Technology വിഷയത്തിൽ  പഠനക്ലാസ്സുകളിലൂടെയും, ചോദ്യോത്തര വേദികളിലൂടെയുമെല്ലാം സംവദിച്ചുകൊണ്ട് തൻ്റെ അറിവും അനുഭവസമ്പത്തും പുതുതലമുറയ്ക്കുകൂടി പകർന്നു കൊടുക്കുകയും അവർക്ക് പ്രചോദനം നൽകുകയും ചെയ്തു വരുന്നു..

    നിലവിൽ കുടുംബസമേതം ശാസ്തമംഗലത്ത് താമസിക്കുന്ന ഡോ.ശ്യാംമോഹൻ്റെ ഭാര്യ സീമ തിരുവനന്തപുരം സെൻ്റ് തോമസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻ്റ് ടെക്നോളജിയിൽ അസിസ്റ്റൻറ് പ്രൊഫസറാണ്.. സംഗീത്, സാരംഗി എന്നിവരാണ് മക്കൾ..