കെ കെ സുധാകരൻ

K K Sudhakaran

ആലപ്പുഴ ജില്ലയിലെ കായംകുളം സ്വദേശി. പരേതരായ കൊച്ചുവെളുമ്പൻ-കുട്ടിയാമ്മ ദമ്പതികളുടെ ആറാമത്തെ പുത്രനായി ജനിച്ചു. സ്കൂൾ കാലഘട്ടം മുതൽ തന്നെ യുവജനോത്സവവേദികളിൽ നാടകരംഗത്ത് ശ്രദ്ധേയനായിരുന്നു. കൊല്ലം എസ് എൻ പോളിടെക്നിക്കിലെ നാടകമത്സരത്തിൽ തുടർച്ചയായി മൂന്നു തവണ മികച്ച നടനായി. 1968ൽ കോട്ടയത്ത് വച്ച് നടന്ന അഖില കേരള പോളിടെക്നിക്ക് നാടകമത്സരത്തിൽ അവതരിപ്പിച്ച പതിനെട്ടു നാടകങ്ങളിൽ നിന്ന് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. കൊട്ടിയം സംഘം തിയറ്റേഴ്സിലൂടെ പ്രൊഫഷണൽ നാടകവേദിയിൽ തുടക്കമിട്ടെങ്കിലും സിവിൽ എഞ്ചിനീയറിംഗ് ഡിപ്ലോമ കഴിഞ്ഞ്  ഉദ്യോഗാർത്ഥം ബോംബെയിലെത്തി. ഘാട്ട്കോപ്പർ മലയാളി സമാജവുമായി ചേർന്ന് മുംബൈയിലും നാടകപ്രവർത്തനം നടത്തി. 1971ൽ അബുദബിയിലെത്തി ജോലിക്കൊപ്പം നാടകപ്രവർത്തനവും പുനരാരംഭിച്ചു. യു എ ഇയിൽ  കലാസാംസ്ക്കാരിക രംഗത്ത് നിറഞ്ഞു നിന്ന സുധാകരൻ മികച്ച നടനുള്ള സ്വർണ്ണമെഡലും നേടിയെടുത്തു. തുടർന്ന് ഉദ്യോഗാർത്ഥം ഖത്തറിലെത്തി നാടകപ്രവർത്തനത്തിനും പിന്നീട് പ്രവാസി ദോഹ എന്ന കലാസാംസ്ക്കാരിക വേദിക്ക് തുടക്കവുമിട്ടു.  ഏറെ നാൾ പ്രവാസി ദോഹയുടെ ചെയർമാനായി പ്രവർത്തിച്ചു. നിരവധി നാടകങ്ങൾ സംവിധാനം ചെയ്തു പുറത്തിറക്കി, അമ്പതിലേറെ നാടകങ്ങളിൽ പ്രധാനവേഷങ്ങൾ അവതരിപ്പിച്ചു.

പത്മരാജന്റെ "ഇന്നലെ" എന്ന സിനിമയിലൂടെയാണ്  മലയാള സിനിമാ രംഗത്ത് തുടക്കമിടുന്നത്. ഇന്നലെയുടെ നിർമ്മാതാവ് അഷ്രഫാണ് പത്മരാജന്, പുതിയ വില്ലൻ ടച്ചുള്ള കഥാപാത്രമായി സുധാകരനെ നിർദ്ദേശിച്ചത്. ഇന്നലെയിലെ “സാമുവൽ അച്ചായൻ” എന്ന നെഗറ്റീവ് കഥാപാത്രം ശ്രദ്ധേയമായെങ്കിലും പത്മരാജന്റെ അകാല വിയോഗവും പ്രവാസ ജീവിതവും സുധാകരന്റെ സിനിമാ സ്വപ്നങ്ങൾക്ക് തടസ്സമായി. അവധിക്ക് നാട്ടിലെത്തുമ്പോൾ ലഭിക്കുന്ന അവസരങ്ങളിലൂടെ ജോഷിയുടെ "ധ്രുവം", സുരേഷ് ഉണ്ണിത്താന്റെ “ആർദ്രം” ,“ഭാഗ്യവാൻ”, രാജീവ് കുമാറിന്റെ "ഇവർ" തുടങ്ങി ആറോളം ചലച്ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തു. ശ്യാമപ്രസാദിന്റെ "മണൽ നഗരം" എന്ന ടെലിഫിലിമിലെ വേഷം ശ്രദ്ധേയമായിരുന്നു. "ലൗലാന്റ് "എന്ന ചിത്രമാണ് ഏറ്റവുമൊടുവിൽ അഭിനയിച്ചത്. കേരള സംഗീത നാടക അക്കാദമിയുടെ 2014ലെ ഗൾഫ് കലാശ്രീ പുരസ്ക്കാരം നേടി. ദോഹ കോറസിന്റെ “നാടക പ്രതിഭ” പുരസ്ക്കാരം, "പ്രവാസി പ്രതിഭ", തിരുമുറ്റം എക്സലൻസ് തുടങ്ങിയ പുരസ്ക്കാരങ്ങൾക്കും അർഹനായി.

ദോഹ ഖത്തറിലെ "ലോട്ടസ് ട്രേഡിംഗ് & കോണ്ട്രാക്റ്റിംഗ്" എന്ന കമ്പനിയിൽ കോൺട്രാക്റ്റ് അഡ്മിനിസ്ട്രേറ്റർ ആയി ജോലി നോക്കുന്നു. ഭാര്യ സീതാലക്ഷ്മി (മരണമടഞ്ഞു). മക്കൾ അഡ്വക്കേറ്റ് സുധാലക്ഷ്മി , സുധീർ.