സുരേഷ് ഉണ്ണിത്താൻ

Suresh Unnithan

മലയാളം സിനിമ, സീരിയൽ സംവിധായകൻ. 1956 ജൂലൈ 30ന് തിരുവനന്തപുരം ജില്ലയിലെ പണ്ടാലത്ത് ജനിച്ചു. ഭൂതനാഥൻ ഉണ്ണിത്താൻ എന്നായിരുന്നു യഥാർത്ഥ നാമം. അച്ഛൻ പരമേശ്വരൻ ഉണ്ണിത്താൻ, ഭാരതി ഉണ്ണിത്താൻ. പദ്മരാജന്റെ സിനിമകളിൽ സഹസംവിധായകനായിട്ടായിരുന്നു സിനിമയിൽ തുടക്കം കുറിച്ചത്. ഏട്ടോളം സിനിമകളിൽ സുരേഷ് ഉണ്ണിത്താൻ പത്മരാജനോടൊപ്പം സഹകരിച്ചു.

ചലച്ചിത്ര സംവിധാനത്തെക്കുറിച്ച് പത്മരാജനിൽനിന്നും ലഭിച്ച അറിവുകളുമായി സുരേഷ് ഉണ്ണിത്താൻ "ജാതകം" എന്ന സിനിമയിലൂടെ സ്വതന്ത്ര സംവിധായകനായി. 1989-ൽ റിലീസ് ചെയ്ത ജാതകം സാമ്പത്തികവിജയം നേടിയതോടൊപ്പം നിരൂപക പ്രശംസയും നേടിയെടുത്തു. ജാതകം സിനിമയിലൂടെ മികച്ച പുതുമുഖ സംവിധായകനുള്ള സംസ്ഥാന ചലച്ചിത്രപുരസ്ക്കാരം സുരേഷ് ഉണ്ണിത്താന് ലഭിച്ചു. തുടർന്ന് അദ്ദേഹം രാധാമാധവം,മുഖചിത്രം,ഉത്സവമേളം.. എന്നിവയടക്കം പന്ത്രണ്ടോളം ചിത്രങ്ങൾ സംവിധാനം ചെയ്തു. 1991-ൽ റിലീസ് ചെയ്ത മുഖചിത്രം എന്ന കോമഡിഫിലിം സുരേഷ് ഉണ്ണിത്താന്റെ സിനിമകളിൽ എറ്റവും വലിയ വിജയം നേടിയതാണ്.

സിനിമകളിൽ നിന്നുമാറി അദ്ദേഹം ടെലിവിഷൻ സീരിയൽ രംഗത്തും പ്രവർത്തിച്ചു. 2004-ൽ സുരേഷ് ഉണ്ണിത്താൻ സംവിധാനം ചെയ്ത സ്വാമി അയ്യപ്പൻ എന്ന സീരിയൽ മലയാള ടെലിവിഷൻ സീരിയലുകളിൽ ഏറ്റവും പ്രശസ്തമായതും റേറ്റിംഗിൽ ഒന്നാമതെത്തിയതുമായിരുന്നു. പത്തിലധികം സീരിയലുകൾ അദ്ദേഹം വിവിധ ചാനലുകൾക്ക് വേണ്ടി സംവിധാനം ചെയ്തിട്ടുണ്ട്. ധാരാളം സീരിയലുകൾ അദ്ദേഹം നിർമ്മിച്ചിട്ടുമുണ്ട്. പന്ത്രണ്ട് വർഷത്തെ ഇടവേളയ്ക്കുശേഷം സുരേഷ് ഉണ്ണിത്താൻ സംവിധാനം ചെയ്ത "അയാൾ" എന്ന സിനിമയുടെ സംവിധാനമികവിന് അദ്ദേഹം അവാർഡ് ജൂറിയിൽ നിന്നും പ്രത്യേക പരാമർശത്തിന് അർഹനായി.

സുരേഷ് ഉണ്ണിത്താന്റെ ഭാര്യ പത്മജ. മക്കൾ അഭിരാം സുരേഷ് ഉണ്ണിത്താൻ, സുരാജ് സുരേഷ് ഉണ്ണിത്താൻ. അഭിരാം സുരേഷ് ഉണ്ണിത്താൻ ചലച്ചിത്ര സംവിധായകനാണ്.