ശ്രീജ രവി

Sreeja Ravi

കണ്ണൂർ സ്വദേശി. മെക്കാനിക്കൽ എഞ്ചിനീയറായിരുന്നു അച്ഛൻ കുഞ്ഞുക്കുട്ടൻ, ഡബ്ബിംഗ് ആർട്ടിസ്റ്റ് ആയിരുന്ന അമ്മ നാരായണി സഹനടിയുമായിരുന്നു.  കുട്ടിക്കാലത്ത് തന്നെ നാടകവും പാട്ടുമായി കലാരംഗത്തുണ്ടായിരുന്നെങ്കിലും 1972ൽ അച്ഛന്റെ മരണത്തോടെ കണ്ണൂരിൽ നിന്ന് ചെന്നെയിലേക്കെത്തിച്ചേർന്നതോടെ ഡബ്ബിംഗ് ആർട്ടിസ്റ്റായി മാറുകയായിരുന്നു.  അരവിന്ദന്റെ "തമ്പ്" എന്ന ചിത്രത്തിൽ കുട്ടികൾക്ക് കലപില ശബ്ദങ്ങൾ നൽകിയാണ് തുടക്കം. പ്രധാനമായും അന്നത്തെ ബാലതാരങ്ങളായ ബേബി ശാലിനി,മാസ്റ്റർ വിമൽ, മാസ്റ്റർ പ്രശോഭ്, ബേബി അഞ്ജു , ബേബി ശ്യാമിലി എന്നിങ്ങനെ ആൺ പെൺ വ്യത്യാസമില്ലാതെ ബാലതാരങ്ങൾക്ക് ശബ്ദം നൽകി.

“ഇളനീർ” എന്ന ചിത്രത്തിനു വേണ്ടിയായിരുന്നു ആദ്യ നായികാ ശബ്ദം എങ്കിലും ചിത്രം ശ്രദ്ധിക്കപ്പെട്ടില്ല, കാറ്റത്തെ കിളിക്കൂടിൽ രേവതിക്കും മാസ്റ്റർ പ്രശോഭിനും ശബ്ദം നൽകിയതോടെയാണ് മലയാള ഡബ്ബിംഗ് രംഗത്ത് തിരക്കേറിയ താരമാവുന്നത്. കാതൽക്കോട്ടെയെന്ന തമിഴ് ചിത്രത്തിൽ ദേവയാനിക്ക് ശബ്ദം കൊടുത്തതോടെ തമിഴിലും തിരക്കായി. രഞ്ജിത, ഷർമിള, സുനിത, നയൻതാര, ഭാവന, കാവ്യാമാധവൻ, ലക്ഷ്മിറായ്, ശ്രേയ, റോമ, അമലാ പോൾ, ജൂഹി ചൗള എന്നിവർക്ക് ശബ്ദം നൽകിയത് ശ്രീജയാണ്. കാവ്യാ മാധവനു വേണ്ടി മുപ്പത്തഞ്ചിലധികം ചിത്രങ്ങളിൽ ശബ്ദം നൽകി. “അലൈ പായുതെ” എന്ന ചിത്രമൊഴിച്ച് ശാലിനിക്ക്  എല്ലാ ചിത്രങ്ങളിലും ശബ്ദം കൊടുത്തതും ശ്രീജ തന്നെയാണ്. 

1997ൽ അനിയത്തി പ്രാവിലെ ശാലിനിയുടെ ശബ്ദത്തിനും , 1998ൽ ഗോഡ് മാൻ (വാണി വിശ്വനാഥ് ), അച്ചാമ്മകുട്ടിയുടെ അച്ചായൻ (ചിപ്പി),ആകാശ ഗംഗ (ദിവ്യ ഉണ്ണി )എന്നിവർക്ക് ശബ്ദം നൽകിയതിനും  2008ൽ മിന്നാമിന്നിക്കൂട്ടത്തിൽ റോമക്കും കൊടുത്ത ശബ്ദത്തിനും 2013ൽ അയാൾ എന്ന ചിത്രത്തിൽ ഇനിയക്ക് ശബ്ദം നൽകിയതിനും സംസ്ഥാന സർക്കാരിന്റെ മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റിനുള്ള  അവാർഡ് കരസ്ഥമാക്കി. ഡബ്ബിംഗിനോടൊപ്പം തന്നെ ഏതാനും ചിത്രങ്ങളിൽ ചെറിയ വേഷങ്ങളും കൈകാര്യം ചെയ്തിട്ടുണ്ട് ശ്രീജ. “സേതുബന്ധനം”, “ഓർമ്മകൾ മരിക്കുമോ “, “രാത്രിയിലെ യാത്രക്കാർ” ,” ഈ യുഗം” എന്നീ സിനിമകൾ അതിൽ ഉൾപ്പെടുന്നു.

ബിബിഎം വിദ്യാർത്ഥിനിയായ മകൾ രവീണയും മലയാളത്തിലും തമിഴിലുമൊക്കെ യുവ നായികമാർക്ക് ശബ്ദം കൊടുക്കുന്ന ഡബ്ബിംഗ് ആർട്ടിസ്റ്റാണ്. ശ്രീജയുടെ സഹോദരൻ രസിക് ലാലും ഡബ്ബിംഗ് ആർട്ടിസ്റ്റാണ്. ഇളയ സഹോദരൻ ജ്യോതിഷ് കുമാറും ഡബ്ബിംഗ് രംഗത്ത് പ്രവർത്തിക്കുകയും പി എൻ മേനോന്റെ കടമ്പയിൽ ബാലതാരമായി അഭിനയിക്കുകയും ചെയ്തിരുന്നു. ശ്രീജയുടെ ഭർത്താവ് രവീന്ദ്രൻ ഗായകനാണ്. തമിഴ്,തെലുങ്ക് മൊഴിമാറ്റ ചിത്രങ്ങളിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.

ഏകദേശം അറുനൂറിലധികം പേർക്ക് മലയാള ചലച്ചിത്രത്തിലൂടെ ശബ്ദം നൽകി. മലയാളത്തിനു പുറമേ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലായി ആയിരത്തിലധികം ചിത്രങ്ങൾ ശ്രീജ പൂർത്തിയാക്കിയിട്ടുണ്ട്.

കൗതുകങ്ങൾ :-

  • ഒരേ ചിത്രത്തിൽ രണ്ട് നായികമാർക്ക് വ്യത്യസ്തമായ ശബ്ദം കൊടുത്തു – വടക്കും നാഥൻ എന്ന ചിത്രത്തിൽ കാവ്യ മാധാവനും പത്മപ്രിയക്കും ശബ്ദം കൊടുത്തു.
  • ശാലിനിക്ക് ബാലതാരമായും നായികയായും ശബ്ദം കൊടുത്തതും ശ്രീജയാണ്. ശാലിനിക്കു പുറമേ ശാലിനിയുടെ അനുജത്തി ബേബി ശ്യാമിലിക്കുമുള്ള ശബ്ദം ശ്രീജ തന്നെയായിരുന്നു കൊടുത്തിരുന്നത്.

അവലംബം:-  മാതൃഭൂമി ആർട്ടിക്കിൾ, മാധ്യമം ആർട്ടിക്കിൾ