പാടുന്നു വിഷുപ്പക്ഷികൾ
പാടുന്നു വിഷുപക്ഷികൾ മെല്ലെ
മേടസംക്രമ സന്ധ്യയിൽ
ഒന്നു പൂക്കാൻ മറന്നേ പോയൊരു
കൊന്നതൻ കുളിർച്ചില്ലമേൽ
കാറ്റു തൊട്ടുവിളിച്ചു മെല്ലെനിൻ
കാതിലോരോന്നു ചൊല്ലവേ
കേട്ടുവോ നിന്റെ ബാല്യകാലത്തിൻ
കാൽച്ചിലമ്പിലെ മർമ്മരം (2)
മാവുപൂത്ത തൊടികളും
മുറ്റത്താദ്യം പൂവിട്ട മുല്ലയും(2)
ആറ്റുതീരത്തിലഞ്ഞിക്കാവിലെ
ആർദ്രമാം ശംഖുനാദവും(2)
നന്മ തൊട്ടുവന്നെത്തും പാണന്റെ
നന്തുണിപ്പാട്ടിൻ ഈണവും
ഒറ്റത്താമര മാത്രം പൂവിടും
പുണ്യകാല പുലരിയും (2)
രാത്രിയിൽ മുളംകാട്ടിൽനിന്നാരോ
മൂളും ഹിന്ദോളരാഗവും (2)
സ്വപ്നത്തിൽ മാത്രം കണ്ട ഗന്ധർവ്വൻ
സത്യത്തിൽ മുന്നിൽ നിൽപ്പതും
ഏതോ ലജ്ജയാൽ നിൻമുഖം തുടുത്താകെ-
വാടിത്തളർന്നതും (2)
ഓർമ്മകൾ മഞ്ഞുപാളികൾ മാറ്റി
ഇന്നും നിന്നെ വിളിക്കവെ
സ്‌നേഹസാന്ദ്രമായ് പോകുന്നു നീയീ
പാഴ്‌തൊടിയിലെ കൊന്നപോൽ (2)
കണിക്കൊന്ന പോൽ...
കാണാക്കൊന്നപോൽ...