കല്ലറ ഗോപൻ
തിരുവനന്തപുരം ജില്ലയിലെ കിളിമാനൂരിനടുത്ത് കല്ലറ എന്ന ഗ്രാമത്തില്‍ എ സുഭാഷിതന്‍ നായരുടെയും കെ ബി തങ്കമണി അമ്മയുടേയും മകനായി 1963 ജൂൺ മൂന്നിന് ജനനം. യഥാർത്ഥ നാമം ടി എസ് ഗോപകുമാർ. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം ഇലക്ട്രിക്കൽ എഞ്ചീനീയറിംഗ് ഡിപ്ളോമ പഠിച്ചു, തുടർന്ന് സ്വാതിതിരുനാൾ സംഗീത കോളേജിൽ ഗാനപ്രവീണ ബിരുദം പൂർത്തിയാക്കി. പഠനത്തിനൊപ്പം തന്നെ ഗാനമേളകൾക്കും നാടകങ്ങൾക്കും ഒക്കെ ഗാനങ്ങൾ പാടിയിരുന്നെങ്കിലും 1983 മുതൽ സജീവമായിത്തന്നെ പ്രൊഫഷണൽ ഗാനമേളകളിലും പ്രൊഫഷണൽ നാടകങ്ങളും പാടിത്തുടങ്ങി.
1987 ൽ പുറത്തിറങ്ങിയ “ഓർമ്മയിൽ ഒരു മണിനാദം” എന്ന ചിത്രത്തിലെ” ശോശന്ന പുഷ്പങ്ങൾ കോര്‍ത്ത” എന്ന ഗാനമാണ് ഗോപൻ ആദ്യമായി സിനിമയിൽ പാടിയത്. സംഗീതകോളേജിലെ സഹപാഠിയായിരുന്ന കൈതപ്രം വിശ്വനാഥൻ വഴി കൈതപ്രം ദാമോദരൻ നമ്പൂതിരിയേപ്പരിചയപ്പെട്ടത് സിനിമയിൽ കൂടുതൽ അവസരങ്ങൾക്ക് സഹായകമായി. ജയരാജ് സംവിധാനം ചെയ്ത “കളിയാട്ടം” എന്ന ചിത്രത്തിലെ “കതിവന്നൂർ വീരനെ” എന്ന ഗാനം സിനിമയിൽ കൂടുതൽ ശ്രദ്ധേയനാക്കി. മികച്ച സംഗീതസംവിധായകരായ ദേവരാജൻ, ദക്ഷിണാമൂർത്തി, അർജ്ജുനൻ മാസ്റ്റർ രാഘവന് മാസ്റ്റര്‍ എന്നിവരോട് ചേർന്ന് പ്രവർത്തിച്ച പരിചയം സംഗീത സംവിധാന രംഗത്തും തുടക്കമിടുവാൻ ഗോപന് സഹായമായി. ഇന്റർനെറ്റ് ബ്ലോഗിൽ സജീവമായ ഗോപൻ കവയത്രിയും ബ്ളോഗറുമായ ശ്രീജ ബലരാജിന്റെ കവിതകൾ സംഗീതം ചെയ്ത് “ഋതുഭംഗി” എന്ന ആൽബമായി പുറത്തിറക്കിയിരുന്നു.
1979ൽ സംഘശക്തി എന്ന നാടകട്രൂപ്പിന്റെ ഭാഗമായി പ്രൊഫഷണൽ രംഗത്തേക്ക് കടന്നു വന്ന ഗോപൻ മികച്ച നാടകഗായകനുള്ള സംസ്ഥാന അവാർഡ് എട്ട് പ്രാവശ്യം കരസ്ഥമാക്കി. സംഗീത നാടക അക്കാദമി അവാർഡും നേടിയിരുന്നു. ആകാശവാണിയിലെയും ദൂരദർശനിലെയും എ ഗ്രേഡ് ആർട്ടിസ്റ്റ് ആണ് അദ്ദേഹം. നിരവധി നാടകങ്ങൾക്കും സീരിയലുകൾക്കും സംഗീത പകർന്ന ഇദ്ദേഹം, കിണർ, വാക്ക് തുടങ്ങിയ ചിത്രങ്ങൾക്കും സംഗീതം നൽകി. എം എ മ്യൂസിക്ക് ബിരുദം നേടിയ, ഗായികയുമായ ഷർമിളയാണ് ഭാര്യ. മഹാദേവൻ, നാരായണി എന്നിവരാണ് മക്കൾ.
നിരവധി തവണ സംസ്ഥാന പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടി എത്തി
1994 - പ്രൊഫഷണൽ നാടക രംഗത്തെ മികച്ച ഗായകൻ (സൗപർണ്ണികയുടെ "തേവാരം")
1998 - പ്രൊഫഷണൽ നാടക രംഗത്തെ മികച്ച ഗായകൻ (സൗപർണ്ണികയുടെ “ദേവദൂത്”)
2000 - ലളിതഗാന ശാഖക്കുള്ള സമഗ്ര സംഭാവനകൾക്കായി കേരളം സംഗീത നാടക അക്കാദമിയുടെ അവാർഡ്.
2001 - പ്രൊഫഷണൽ നാടക രംഗത്തെ മികച്ച ഗായകൻ (സംഘചേതനയുടെ “മഹാകാവ്യം”)
2007 - പ്രൊഫഷണൽ നാടക രംഗത്തെ മികച്ച ഗായകൻ (കെ.പി.എ.സി യുടെ “നഗരവിശേഷം”)
2012 - പ്രൊഫഷണൽ നാടക രംഗത്തെ മികച്ച ഗായകൻ (സൗപർണികയുടെ “നിഴൽക്കൂത്ത്")
2014 - പ്രൊഫഷണൽ നാടക രംഗത്തെ മികച്ച ഗായകൻ (പ്രണയസാഗരം)
2015 - പ്രൊഫഷണൽ നാടക രംഗത്തെ മികച്ച ഗായകൻ
2017 - മികച്ച സംഗീത സംവിധായകൻ - കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് ( അമൃത ടിവിയിൽ വന്ന കാളി ഗണ്ഡകി)
2018 - പ്രൊഫഷണൽ നാടക രംഗത്തെ മികച്ച ഗായകൻ
മറ്റ് പുരസ്കാരങ്ങൾ
1997 - നാടക രംഗത്തെ മികച്ച ഗായകനുള്ള നാനാ അവാർഡ്
2011 - അടൂർ ഭാസി സാംസ്കാരിക കേന്ദ്രത്തിന്റെ മികച്ച സംഗീത സവിധായകനുള്ള (നാടകം) സ്പെഷ്യൽ ജൂറി പുരസ്കാരം
2012 - അടൂർ ഭാസി സാംസ്കാരിക കേന്ദ്രത്തിന്റെ മികച്ച ഗായകനുള്ള പുരസ്കാരം
2013 - തുഞ്ചൻ സ്മാരക സമിതി ഗായകരത്ന പുരസ്കാരം
2014 - നെടുമങ്ങാട് കലാക്ഷേത്ര പുരസ്കാരം
2017 - മികച്ച ഗായകനുള്ള കേരളം ഫിലിം ക്രിട്ടിക്സ് അവാർഡ് (ചിത്രം കിണർ)
2019 - സംഗീത ലോകത്തിനുള്ള സമഗ്ര സംഭാവനക്ക് കട്ടപ്പന തപസ്യ സാംസ്കാരിക വേദിയുടെ പുരസ്കാരം
കല്ലറ ഗോപനുമായുള്ള ഇന്റർവ്യൂകളും അദ്ദേഹമാലപിച്ച ചില ഗാനങ്ങളും കേൾക്കാം...