പോർട്ടർ കുഞ്ഞാലി
അവശനായ കൊച്ചുരാമനു തന്റെ കൈവണ്ടിയും കുടുംബവുമേൽപ്പിച്ച് പട്ടാളത്തിൽ പോയ കുഞ്ഞാലിയുടെ സർവ്വതും അപഹരിച്ച് കൊച്ചുരാമൻ മുതലാളിയായി. വിടനായ ഇയാളുടെ നടപടിദൂഷ്യങ്ങൾക്ക് സഹായിയായി കേശവപിള്ളയുമുണ്ട്. ഭാര്യ ഡോക്റ്റർ ഭാനുമതിയ്ക്ക് നന്നേ വേദനയുണ്ട് ഇതിൽ. കൊച്ചുരാമനാൽ വഞ്ചിതയായ മാധവിയെ അയാൾ കൊല്ലിക്കാൻ വരെ ശ്രമിച്ചെങ്കിലും മാധവിയുടെ കുഞ്ഞായ ഗോപിയെ കൊച്ചുരാമൻ വളർത്താൻ സമ്മതിച്ചു. കുഞ്ഞാലിയുടെ ഭാര്യ കുഞ്ഞു പാത്തുമ്മയ്ക്ക് സഹായം പരീതാണ്. മകളായ ആമിനയെ കെട്ടാൻ അയാൾക്ക് താൽപ്പര്യവുമുണ്ട്. ആമിനയ്ക്ക് അയല്‌വാസിയായ ഡോക്ടർ സാലിയുമായി പ്രേമമാണെന്നറിഞ്ഞ് പരീതു തന്നെ മുൻ കയ്യെടുത്ത് കുഞ്ഞാലി പട്ടാളത്തിൽ നിന്നും തിരിച്ചെത്തിയപ്പോൾ സാലി-ആമിനമാരുടെ വിവാഹത്തിനു കുഞ്ഞാലിയെ പ്രേരിപ്പിക്കുകയും ചെയ്തു. കുഞ്ഞാലിയുടെ വീട്ടിലെത്തിയ മാധവിയെ കുഞ്ഞുപാത്തുമ്മ സംശയിക്കുന്നുണ്ടെങ്കിലും തെറ്റിദ്ധാരണ താമസിയാതെ നീങ്ങി. കുഞ്ഞാലി പോർട്ടർ ജോലി തന്നെ തുടരാൻ തീരുമാനിക്കുന്നു.