എൻ എൻ പിള്ള
പൂർണ്ണനാമം: എൻ നാരായണ പിള്ള. വില്ലേജ് ഓഫീസറായിരുന്ന ഉള്ളിലക്കീറുപറമ്പിൽ നാരായണപിള്ളയുടെയും തെക്കേതിൽ പാറുക്കുട്ടിയമ്മയുടെയും മകനായി 1918ൽ കോട്ടയം ജില്ലയിലെ വൈക്കത്ത് ജനിച്ചു. അച്ഛന്റെ സ്ഥലംമാറ്റം കാരണം കേരളത്തിലെ പല സ്ഥലങ്ങളിലായായിരുന്നു സ്കൂൾ പഠനം.
കോട്ടയം സി എം എസ് കോളേജിൽ പഠിക്കവെ ഇന്റർമീഡിയേറ്റിനു തോറ്റ് നാടുവിട്ട് മലേഷ്യയ്ക്ക് പോയി. അവിടെ ഒരു എസ്റ്റേറ്റ് മാനേജരായി ജോലി നോക്കി. രണ്ടാം ലോക യുദ്ധകാലത്ത് 1939 മുതൽ 1945 വരെ നേതാജിയുടെ ഐ എൻ എയിൽ പ്രവർത്തിച്ചു. ആ സമയത്താണ് അദ്ദേഹം തന്റെ ആദ്യ നാടകമായ താന്തിയ തോപ്പി എഴുതിയത്.
യുദ്ധത്തിനു ശേഷം നാട്ടിൽ തിരിച്ചെത്തിയ എൻ എൻ പിള്ള, 2 വർഷങ്ങൾക്ക് ശേഷം കുടുംബസമേതം വീണ്ടും മലേഷ്യക്ക് പോയി. പിന്നീട് തിരിച്ചെത്തി കുടുംബാംഗങ്ങളെ ഉൾക്കൊള്ളിച്ച് വിശ്വകേരള കലാസമിതി എന്ന നാടക ട്രൂപ്പ് സ്ഥാപിച്ചു.
28 നാടകങ്ങളും 21 ഏകാങ്കനാടകങ്ങളും രണ്ട് നാടക പഠനങ്ങളും ഞാൻ എന്ന ആത്മകഥയും അദ്ദേഹത്തിന്റെ രചനയിൽ പുറത്തുവന്നിട്ടുണ്ട്. മലയാളത്തിലെ എക്കാലത്തെയും മികച്ച ആത്മകഥകളിലൊന്നായി വാഴ്ത്തപ്പെടുന്ന കൃതിയാണ് ഞാൻ.
എൻ എൻ പിള്ളയുടെ പോട്ടർ കുഞ്ഞാലി, ക്രോസ് ബെൽറ്റ്, കാപാലിക തുടങ്ങിയ നാടകങ്ങൾ സിനിമയാക്കിയിട്ടുണ്ട്. കാപാലിക എന്ന നാടകത്തിൽ അദ്ദേഹം അഭിനയിച്ച വേഷം അത് സിനിമയായപ്പോൾ ചെയ്തത് അദ്ദേഹം തന്നെയാണ്.
1987 ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്ന് അഭിനയരംഗത്തു നിന്നും പിൻവാങ്ങിയ എൻ എൻ പിള്ള, അതിനു ശേഷം ഗോഡ്‌ഫാദർ, നാടോടി എന്നീ രണ്ട് മലയാള സിനിമകളിൽ അഭിനയിച്ചു. കൂടാതെ ഗോഡ്ഫാദറിന്റെ തമിഴ്-തെലുങ്ക് പതിപ്പുകളായ പെരിയവർ, പെദരിക്കം എന്നീ ചിത്രങ്ങളിലും മുഖം കാണിച്ചു.
അദ്ദേഹത്തിന്റെ സഹോദരി ഓമന നാടകങ്ങളിൽ അഭിനയിച്ചിരുന്നു.
ഭാര്യ: ചിന്നമ്മ
മക്കൾ: സുലോചന, രേണുക, വിജയരാഘവൻ (പ്രശസ്ത ചലച്ചിത്ര നടൻ)
നാടകലോകത്തിലെ സംഭാവനകൾക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും കേരള സാഹിത്യ അക്കാഡമിയുടെയും സംഗീത നാടക അക്കാഡമിയുടെയും അവാർഡുകൾ നേടിയിട്ടുണ്ട്.
1995 നവംബർ 15ന് ന്യുമോണിയ ബാധിച്ച് കോട്ടയം മെഡിക്കൽ കോളേജിൽ വെച്ച് അദ്ദേഹം അന്തരിച്ചു