മനുഷ്യബന്ധങ്ങൾ
ചെറുപ്പത്തിലേ മാതാപിതാക്കൾ നഷ്ടപ്പെട്ട ധനികനായ ശേഖരൻ തന്റെ ഏക സഹോദരി സുധയെ പൊന്നുപോലെ വളർത്തുന്നു. ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്ന അവൾ അന്യജാതിയിൽപ്പെട്ട ഒരു പയ്യനുമായി പ്രണയത്തിലാവുന്നു. വിവരമറിയുന്ന ശേഖരൻ ആ പയ്യനെക്കണ്ട് അവനു തന്റെ സഹോദരിയെ വിവാഹം കഴിക്കാൻ ഇഷ്ടമാണോ എന്ന് ചോദിക്കുമ്പോൾ ഇഷ്ടമല്ലെന്നവൻ പറയുന്നു. അതോടെ സുധയുടെ പഠിത്തം നിർത്തലാക്കി തന്റെ ആത്മമിത്രമായ മാധവൻകുട്ടിക്ക് സുധയെ വിവാഹം ചെയ്തു കൊടുക്കുന്നു. ജീവിതം സന്തോഷകരമായി മുന്നോട്ട് പോയിക്കൊണ്ടിരിക്കുമ്പോൾ സുധ തന്റെ പഴയ കാമുകനെ യാദൃശ്ചികമായി കണ്ടുമുട്ടുന്നു. ആ കണ്ടുമുട്ടൽ വെറും കണ്ടുമുട്ടൽ തന്നെ ആയിരുന്നുവോ, അതോ അതൊരു കൊടുങ്കാറ്റായി മാറി അവരുടെ ജീവിതം തന്നെ മാറ്റി മറിക്കുന്നുവോ?
Actors & Characters
Actors | Character |
---|---|
ശേഖരൻ | |
മാധവൻകുട്ടി | |
സുധ | |
നിർമ്മല | |
കുമാർ | |
മാധവൻകുട്ടിയുടെ അമ്മാവൻ | |
രാജൻ | |
നാണു നായർ | |
മിനി | |
വർഗീസ് | |
Main Crew
കഥ സംഗ്രഹം
ശേഖരൻ (പ്രേംനസീർ) പ്രശസ്തനായൊരു അഭിഭാഷകനും, എസ്റ്റേറ്റ് ഉടമയുമാണ്. മാതാപിതാക്കളില്ലാത്ത ശേഖരന് കൂടപ്പിറപ്പായുള്ളത് അനുജത്തി സുധ (ഷീല) മാത്രമാണ്. സുധ മദ്രാസിൽ താമസിച്ചു പഠിക്കുകയാണ്. സാധുവായ മാധവൻകുട്ടിയെ (മധു) ശേഖരൻ തന്റെ കൂടെ നിർബന്ധിച്ചു താമസിപ്പിച്ചിരിക്കുകയാണ്. ശേഖരനും മാധവൻകുട്ടിയും തമ്മിലുള്ള സുഹൃത്ബന്ധം കോളേജ് പഠനകാലത്ത് നിന്നും തുടങ്ങിയതാണ്. ശേഖരൻ മാധവൻകുട്ടിയെ സ്വന്തം സഹോദരനെപ്പോലെയാണ് കരുതുന്നത്. മാധവൻകുട്ടിയുടെ അമ്മ മരിച്ചതും അച്ഛൻ രണ്ടാംവിവാഹം കഴിച്ചപ്പോൾ മാധവൻകുട്ടിയെ അമ്മാവൻ അദ്ദേഹത്തിന്റെ കൂടെ കൊണ്ടുപോയി സംരക്ഷിക്കുന്നു. മാധവൻകുട്ടിയുടെ അമ്മാവന് ഒരേ ഒരു മകളാണുള്ളത്. അവൾ അന്ധയാണ്. മാധവൻകുട്ടിക്ക് അമ്മാവനോട് തന്നെ വളർത്തി ആളാക്കിയതിന്റെ കടപ്പാടുണ്ട്.
ശേഖരൻ പതിവുപോലെ ജോലി കഴിഞ്ഞു മടങ്ങി ഭൃത്യനായ നാണു നായരോട് (എസ്.പി.പിള്ള) മാധവൻകുട്ടിയെ അന്വേഷിക്കുമ്പോൾ, മാധവൻകുട്ടി അകത്തുണ്ടെന്നും ഏതോ യാത്രയ്ക്കുള്ള ഒരുക്കത്തിലാണെന്നും നാണു നായർ പറഞ്ഞു കേട്ട് ആശ്ചര്യത്തോടെയും, ദേഷ്യത്തോടെയും ശേഖരൻ മാധവൻകുട്ടിയുടെ മുറിയിലേക്ക് പോകുന്നു. ശേഖരൻ അരിശത്തോടെ മാധവൻകുട്ടിയോട് യാത്രയുടെ ഉദ്ദേശം ചോദിക്കുമ്പോൾ, എത്രകാലം ഇവിടെ നിന്റെ ഔദാര്യത്തിൽ ഒരു ജോലിയുമില്ലാതെ കഴിഞ്ഞുകൂടാൻ കഴിയുമെന്നും, അതുകൊണ്ട് ജോലി അന്വേഷിച്ച് ബോംബെ വരെ പോകാൻ ഉദ്ദേശിക്കുന്നുവെന്നും, തന്നെ വളർത്തി ആളാക്കിയ അമ്മാവനെ നോക്കേണ്ട ചുമതല തനിക്കുണ്ടെന്നും മാധവൻകുട്ടി പറയുന്നു. അതുകേട്ട്, ശേഖരൻ മാധവൻകുട്ടിയോട് ദേഷ്യപ്പെടുകയും, കുറെ ഉപദേശിക്കുകയും, ജോലി അന്വേഷിച്ച് എവിടെയും പോവേണ്ടെന്നും പറയുന്നു. പിന്നീട്, മാധവൻകുട്ടിയെ തന്റെ എസ്റ്റേറ്റിലെ സൂപ്രണ്ട് ആയിട്ട് നിയമിക്കുകയും ചെയ്യുന്നു. എന്നാൽ, നമ്മൾ തമ്മിലുള്ള സുഹൃത്ബന്ധത്തിന് ഈ ജോലി ഒരു ഇടങ്കോലാവും എന്ന കാരണം പറഞ്ഞ് മാധവൻകുട്ടി ആ ജോലി നിരസിക്കുന്നു.
ആ നേരത്ത് സുധ സ്കൂട്ടറിൽ നിന്നും വീണ് അപകടം പറ്റിയെന്നും, അവളെ ആശുപതിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും പറഞ്ഞ് മദ്രാസിൽ നിന്നും ഫോൺ വരുന്നു. ആയതിനാൽ ശേഖരൻ ഉടൻ തന്നെ മദ്രാസിലേക്ക് പറക്കുന്നു. മദ്രാസിലെത്തിയതും ശേഖരനെ സുധയുടെ ഗാർഡിയനായ മിസ്റ്റർ മേനോൻ ഹോട്ടൽ മുറിയിൽ വന്നു കാണുന്നു. അദ്ദേഹത്തിൽ നിന്നും സുധ രാജൻ (ഗിരീഷ് കുമാർ) എന്ന ക്രിസ്ത്യാനി യുവാവുമായി പ്രണയത്തിലാണെന്നും, രാജനുമൊത്ത് സ്കൂട്ടറിൽ യാത്ര ചെയ്യുമ്പോഴാണ് അപകടം നടന്നതെന്നും, അപകടത്തിൽ രണ്ടാൾക്കും അധികം പരിക്കൊന്നും പറ്റിയിട്ടില്ലെന്നും ശേഖരൻ മനസ്സിലാക്കുന്നു. സുധ പ്രണയത്തിലാണെന്ന കാര്യം ശേഖരനെ വല്ലാതെ അലോസരപ്പെടുത്തുന്നു. ശേഖരൻ സുധയെ ആശുപത്രിയിൽ ചെന്നു കാണാതെ ഡിസ്ചാർജ് ആയിട്ട് വരുന്നത് വരെ കാത്തിരിക്കുന്നു.
ഡിസ്ചാർജ് ആയ സുധയെ മേനോൻ ശേഖരൻ താമസിക്കുന്ന ഹോട്ടൽ മുറിയിൽ കൊണ്ടാക്കി തിരിച്ചു പോവുന്നു. ശേഖരൻ സുധയോട് അവൾ സ്കൂട്ടറിൽ ഒന്നിച്ച് യാത്ര ചെയ്ത പയ്യനെക്കുറിച്ച് അന്വേഷിക്കുമ്പോൾ, അവൻ തന്റെ കാമുകനാണെന്നും, പഠിത്തം കഴിഞ്ഞതും ഞങ്ങൾ വിവാഹം കഴിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും സുധ പറയുമ്പോൾ ശേഖരൻ പകച്ചു പോവുന്നു. നിന്റെ വിവാഹക്കാര്യം തീരുമാനിക്കുന്നതിൽ സഹോദരനായ തനിക്ക് ഒരു സ്ഥാനവുമില്ല എന്ന് ശേഖരൻ വിഷമത്തോടെ ചോദിക്കുമ്പോൾ, തീർച്ചയായും ഉണ്ടെന്നും, ഞങ്ങൾ തീരുമാനിച്ച വിവാഹം ചേട്ടൻ നടത്തിത്തരണമെന്നും സുധ വളരെ കൂളായി പറയുന്നത് കേട്ട് ശേഖരൻ വീണ്ടും ഞെട്ടുന്നു. പിന്നീട്, നിന്റെ കാമുകനെ തനിക്ക് കാണണം എന്നും, താൻ ചെന്ന് കണ്ട് തിരിച്ചു വന്ന ശേഷം നീ ഹോസ്റ്റലിലേക്ക് പോയാൽ മതിയെന്നും പറഞ്ഞ് ശേഖരൻ രാജനെ കാണാൻ പോകുന്നു.
ശേഖരൻ രാജനെ അവന്റെ വീട്ടിൽ ചെന്ന് കണ്ട് താനാരാണെന്ന് പരിചയപ്പെടുത്തിയ ശേഷം രാജനോട് സുധയെ വിവാഹം ചെയ്യാൻ പോവുന്നുണ്ടോ എന്ന് ചോദിക്കുന്നു. അതിന്, ഇല്ലെന്നും, സുധ തന്റെ വെറുമൊരു ഗേൾ ഫ്രണ്ട് മാത്രമാണെന്നും, തന്റെ അച്ഛൻ ഉറച്ച ഒരു മത വിശ്വാസിയായത് കൊണ്ട് അന്യ ജാതിയിൽപ്പെട്ട ഒരു പെൺകുട്ടിയെ വിവാഹം കഴിക്കാൻ ഒരിക്കലും സമ്മതിക്കില്ലെന്നും പറയുന്നു. ശേഖരൻ അവിടെ നിന്നും ഇറങ്ങുമ്പോൾ രാജനും ശേഖരന്റെ കൂടെ ഹോട്ടൽ മുറിയിലേക്ക് വരുന്നു.
ഹോട്ടൽ മുറിയിൽ സുധയുള്ള കാര്യം രാജന് അറിയില്ലായിരുന്നു, അതുകൊണ്ട് സുധയെക്കണ്ടതും രാജൻ ഒന്ന് പരുങ്ങുന്നു. രാജനെ അവിടെക്കണ്ടതും സന്തോഷവതിയായ സുധ, നമ്മുടെ വിവാഹക്കാര്യം ചേട്ടനെ അറിയിക്കാൻ ഒരു അവസരം കിട്ടിയല്ലോ എന്ന് പറയുമ്പോൾ, അത് നടക്കില്ലെന്നും, അച്ഛൻ ഈ വിവാഹത്തിന് ഒരിക്കലും സമ്മതിക്കില്ലെന്നും തീർത്തു പറയുമ്പോൾ, ശേഖരനോടൊപ്പം ഞെട്ടുന്നത് സുധയും കൂടിയാണ്. രാജന്റെ തീരുമാനം അറിഞ്ഞതും ശേഖരൻ അരിശം മൂത്ത് സുധയുടെ കരണത്തടിക്കുന്നു. ഇതൊട്ടും പ്രതീക്ഷിക്കാത്ത രാജൻ ഇരുന്നു പരുങ്ങുമ്പോൾ, കുപിതനായ ശേഖരൻ അവനോട് അവിടുന്നും ഇറങ്ങിപ്പോവാൻ പറയുന്നു. തുടർന്ന് ശേഖരൻ സുധയുടെ പഠിത്തം അവസാനിപ്പിച്ച് അവളെയും കൂട്ടി നാട്ടിലേക്ക് തിരിക്കുന്നു.
തിരിച്ചെത്തിയ ശേഖരനോടൊപ്പം സുധയെയും കാണുന്ന മാധവൻകുട്ടി കാരണം അന്വേഷിക്കുമ്പോൾ, അവൾക്കല്പം വിശ്രമം ആവശ്യമുള്ളത് കൊണ്ടാണെന്നും മാത്രം പറഞ്ഞ് തന്റെ മുറിയിലേക്ക് പോവുന്നു. തുടർന്ന്, തന്നെ മനസ്സിലായില്ലേ, താൻ ശേഖരന്റെ ഉറ്റ മിത്രമാണെന്ന് മാധവൻകുട്ടി സുധയോട് പറയുമ്പോൾ, അവൾ ഉത്തരമൊന്നും പറയാതെ നീരസത്തോടെ മുഖം തിരിച്ച് നാണു നായരോട് തന്റെ മുറിയേതാണെന്ന് ചോദിച്ച് അവിടുന്നും അകത്തേക്ക് പോകുന്നു. വിഷമിച്ചിരുന്ന ശേഖരനോട് കാര്യമെന്തെന്ന് മാധവൻകുട്ടി ചോദിക്കുമ്പോൾ സുധ മദ്രാസിൽ വളരെ വഷളായി ജീവിച്ചിരുന്നുവെന്നും, അവൾ രാജനെ എന്ന യുവാവുമായി പ്രണയത്തിലായിരുന്നുവെന്നും ശേഖരൻ പറയുന്നു. തുടർന്ന് ഇരുവരും സംസാരിക്കുന്നതിനിടയിൽ പിഴച്ചുപോയ തന്റെ പെങ്ങളെ കെട്ടാൻ നിനക്ക് സമ്മതമാണോ എന്ന് ശേഖരൻ മാധവൻകുട്ടിയോട് ചോദിക്കുമ്പോൾ, സുധയ്ക്കും തന്റെ അമ്മാവനും സമ്മതമാണെങ്കിൽ എന്ന രണ്ടു വ്യവസ്ഥകളിൻ പേരിൽ സമ്മതമാണെന്ന് മാധവൻകുട്ടി പറയുന്നു.
സുധയോട് ശേഖരൻ മാധവൻകുട്ടിയുമായുള്ള വിവാഹ കാര്യം പറയുമ്പോൾ അവൾ ആദ്യം ഒഴിഞ്ഞു മാറുന്നു. എന്നാൽ ശേഖരൻ അവളെ ഗുണദോഷിക്കുകയും, വിവാഹ ശേഷം എസ്റ്റേറ്റ് ചുമതല മുഴുവൻ നിങ്ങൾ ഏറ്റെടുത്ത് അവിടത്തെ ബംഗ്ലാവിൽ താമസിച്ചോളു എന്ന് പറയുമ്പോൾ സുധ ഒന്നും പറയാതെ പോവുന്നു. പക്ഷേ സുധ മാധവൻകുട്ടിയെക്കണ്ട് താൻ ഒരാളെ പ്രേമിച്ചിരുന്ന കാര്യം പറയുന്നു. അതുകേട്ട്, എല്ലാം തനിക്കറിയാമെന്നും, എങ്കിലും നീ തന്നെ തുറന്നു പറഞ്ഞത് കൊണ്ട് എനിക്ക് നിന്നോടുള്ള ഇഷ്ടം കൂടുകയാണുണ്ടായതെന്നും, നിനക്ക് എന്നെ വിവാഹം കഴിക്കാൻ സമ്മതമാണോ എന്നും ചോദിക്കുമ്പോൾ സുധ സമ്മതമാണെന്ന് പറയുന്നു. ശേഖരനും മാധവൻകുട്ടിയും ചേർന്ന് മാധവൻകുട്ടിയുടെ അമ്മാവനെ (പി.ജെ.ആന്റണി) ചെന്നുകണ്ട് അദ്ദേഹത്തിന്റെ അനുവാദം ചോദിക്കുന്നു. അദ്ദേഹം മാധവൻകുട്ടിക്ക് സമ്മതമാണെങ്കിൽ തനിക്ക് വിരോധമില്ലെന്ന് പറയുമ്പോൾ മാധവൻകുട്ടി തനിക്ക് സമ്മതമാണെന്ന് പറയുന്നു. അപ്പോൾ, നീ ഈ വീടുവിട്ടു പോവരുതെന്നും, തനിക്കെന്തെങ്കിലും സംഭവിച്ചാൽ കാഴ്ചയില്ലാത്ത തന്റെ മകൾ നിർമ്മലയെ (ജയഭാരതി) നോക്കേണ്ട ചുമതല നീ ഏറ്റെടുക്കണമെന്നും അമ്മാവൻ പറയുന്നു. അതിന്, അത് തന്റെ കടമയാണെന്ന് മാധവൻകുട്ടി പറയുന്നു. മാധവൻകുട്ടിയും സുധയും തമ്മിലുള്ള വിവാഹം നടക്കുന്നു.
വിവാഹ ശേഷം മാധവൻകുട്ടിയുടെ അമ്മാവനും നിർമ്മലവും മാധവൻകുട്ടിയെയും സുധയെയും അവരുടെ വീട്ടിലേക്ക് കൊണ്ടുപോവാൻ വരുമ്പോൾ ശേഖരൻ അവർ മധുവിധുവിലേക്ക് പോവുകയാണെന്ന് പറയുന്നു. അപ്പോൾ, മധുവിധു കഴിഞ്ഞ് മടങ്ങി വന്നതും നിങ്ങൾ രണ്ടുപേരും അങ്ങോട്ടു വരൂ എന്ന് പറഞ്ഞ് വിട വാങ്ങുന്നു. എന്നാൽ, മാധവൻകുട്ടിയും സുധയും മധുവിധുവിന് പോയ സമയത്ത് അമ്മാവൻ അപ്രതീക്ഷിതമായി മരിച്ചുപോവുന്നു. വിവരം അറിയുന്ന ശേഖരൻ അമ്മാവന് വേണ്ട അന്ത്യകർമ്മങ്ങളെല്ലാം നടത്തി അനാഥയാക്കപ്പെട്ട നിർമ്മലയെയും തന്റെ കൂടെ കൊണ്ടുവരുന്നു. വീട്ടിൽ വന്ന ശേഷം അച്ഛന് വല്ല വിഷമവും ഉണ്ടായിരുന്നുവോ എന്ന് നിർമ്മലയോട് ചോദിക്കുമ്പോൾ, തന്നെ മാധവൻകുട്ടിക്ക് വിവാഹം ചെയ്തു കൊടുക്കണമെന്ന് അച്ഛൻ ആഗ്രഹിച്ചിരുന്നുവെന്ന് അവൾ പറയുന്നു. അപ്പോൾ, നീയും മാധവൻകുട്ടിയെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നുവോ എന്ന് ശേഖരൻ ചോദിക്കുമ്പോൾ, ഇല്ലെന്നും, താൻ കണ്ണുപൊട്ടിയായത് കൊണ്ട് അങ്ങിനെയൊന്നും ആഗ്രഹിച്ചിരുന്നില്ലെന്നും അവൾ പറയുന്നു. എല്ലാം കേട്ട് ശേഖരൻ വിഷമിക്കുന്നു.
മധുവിധു കഴിഞ്ഞ് തിരിച്ചെത്തുന്ന മാധവൻകുട്ടി അമ്മാവൻ മരിച്ചു പോയ വിവരം അറിഞ്ഞ് ദുഃഖിക്കുന്നു, നിർമ്മലയെ ആശ്വസിപ്പിക്കുകയും ചെയ്യുന്നു. പിന്നീട് എല്ലാവരും കൂടി എസ്റ്റേറ്റ് ബംഗ്ലാവിലേക്ക് താമസിക്കാൻ പോവുന്നു. അവിടെവെച്ച് ശേഖരൻ മാധവൻകുട്ടിയോട് അമ്മാവൻ നിർമ്മലയെ നിനക്ക് വിവാഹം ചെയ്തു തരാൻ ആഗ്രഹിച്ചിരുന്ന കാര്യം അറിയിക്കുകയും, നിർമ്മലയും നിന്നെ മൂകയായി പ്രേമിച്ചിരുന്നുവെന്നും, എന്നാൽ ഇപ്പോൾ നിന്റെ വിവാഹം കഴിഞ്ഞ സ്ഥിതിക്ക് അവൾ നിന്നെ സഹോദരനായിട്ടാണ് കാണുന്നതെന്നും പറയുമ്പോൾ മാധവൻകുട്ടി ഞെട്ടുന്നു. തുടർന്ന് ശേഖരൻ നിർമ്മലയെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന കാര്യം മാധവൻകുട്ടിയെ അറിയിക്കുന്നു. ഇരുവരും ചേർന്ന് നിർമ്മലയെക്കണ്ട് അവൾക്ക് ശേഖരനെ വിവാഹം കഴിക്കാൻ ഇഷ്ടമാണോ എന്ന് ചോദിക്കുമ്പോൾ അവൾക്ക് സമ്മതമാണെന്ന് പറയുന്നു. അങ്ങിനെ ശേഖരനും നിർമ്മലയും തമ്മിലുള്ള വിവാഹം ഉടൻ തന്നെ നടത്താം എന്നവർ തീരുമാനിക്കുന്നു.
സുധ മാധവൻകുട്ടിയെ ഓഫീസിലേക്ക് കൊണ്ടുവിടാൻ വേണ്ടി കാറിൽ പോയിക്കൊണ്ടിരിക്കുമ്പോൾ വഴിയിൽ വെച്ച് പഴയ കൂട്ടുകാരി മിനിയെ (സുജാത) കണ്ടുമുട്ടുന്നു. വിവാഹ ശേഷം താനിപ്പോൾ ഇവിടെയാണ് താമസമെന്നും, വീട്ടിലേക്ക് വരൂ എന്നും മിനി സുധയെ ക്ഷണിക്കുന്നു. മാധവൻകുട്ടിയെ ഓഫീസിൽ കൊണ്ടാക്കിയ ശേഷം താൻ വരാമെന്ന് സുധ പറയുന്നു. ഇരുവരും പിരിഞ്ഞു പോവുന്നു.
മാധവൻകുട്ടിയെ ഓഫീസിലാക്കി സുധ തിരിച്ചു കാറോടിച്ചു പോവുമ്പോൾ ടയർ പഞ്ചർ ആവുന്നത് കാരണം വഴിയിൽ നിർത്തേണ്ടി വരുന്നു. ടയർ മാറ്റിയിടാൻ ആരുടെയെങ്കിലും സഹായത്തിനായി പരതുമ്പോൾ അടുത്തൊരു ബംഗ്ലാവ് കാണുന്നത് കൊണ്ട് അവിടേക്ക് പോയി ഡോർ ബെൽ അടിക്കുന്നു. ഡോർ ബെൽ കുറെ നേരമടിച്ചിട്ടും ആരും പുറത്തു വരാത്തത് കൊണ്ട് വാതിൽ തുറന്നിരിക്കുന്നതിനാൽ അകത്തേക്ക് കടക്കുന്നു. അവിടെയും ആരെയും കാണാത്തത് കാരണം ചുമച്ചു നോക്കുമ്പോൾ ഒരാൾ അകത്തു നിന്നും തിരശ്ശീല മാറ്റി പുറത്തേക്ക് വരുന്നു - അത് മറ്റാരുമല്ല, രാജനാണ്. ഇരുവരും പ്രതീക്ഷിക്കാത്ത സംഗമമായതിനാൽ ആദ്യം ഇരുവരും ഒന്ന് ഞെട്ടുന്നു. പിന്നീട് രാജൻ സുധയോട് ഇവിടെയെങ്ങിനെയെന്ന് ചോദിക്കുമ്പോൾ, താൻ ഭർത്താവുമായി ഇവിടെ ഒരു ബംഗ്ലാവിൽ താമസിക്കുമായാണെന്നും, കാറിൽ യാത്ര ചെയ്യുമ്പോൾ ടയർ പഞ്ചർ ആയെന്നും, ടയർ മാറ്റിയിടാൻ തനിക്കറിയാത്തത് കൊണ്ട് സഹായത്തിനായി ആളെ അന്വേഷിച്ച് ഇവിടെ കയറിയതാണെന്നും, നിങ്ങളാണ് ഇവിടെ താമസിക്കുന്നത് എന്നറിയാമായിരുന്നെങ്കിൽ ഇവിടേക്ക് വരില്ലായിരുന്നുവെന്നും പറഞ്ഞ് സുധ പുറത്തേക്ക് പോകാൻ ഒരുങ്ങുന്നു. അപ്പോൾ, താനൊരു നീചനും ഹൃദയമില്ലാത്തവനാണെന്ന് കരുതരുതെന്ന് പറഞ്ഞ് രാജൻ സുധയെ തടഞ്ഞു നിര്ത്തുന്നു. അതുകേട്ട്, തനിക്കൊരു ധാരണയുമില്ലെന്ന് സുധ പറയുമ്പോൾ, രാജൻ സുധയെ ഇരിക്കാൻ പറയുകയും, തന്റെ ഡ്രൈവറെ അയച്ച് ടയർ മാറ്റിത്തരാമെന്ന് പറയുകയും ചെയ്യുന്നു. അപ്പോൾ, അതു വേണ്ടെന്നും, താൻ വേറാരോടെങ്കിലും സഹായം ചോദിച്ചോളാമെന്നും സുധ പറയുമ്പോൾ, രാജൻ വീണ്ടും സുധയെ നിർബന്ധിക്കുകയും, സുധയിൽ നിന്നും കാറിന്റെ ചാവി വാങ്ങിച്ച് ഭൃത്യന്റെ കൈയ്യിൽ കൊടുത്ത്, ഡ്രൈവറോട് പറഞ്ഞ് ടയർ മാറ്റിയിടാൻ പറഞ്ഞയക്കുകയും ചെയ്യുന്നു.
പിന്നീട്, സുധയെ ഇരിക്കാൻ പറഞ്ഞിട്ട്, സുധ തന്നെ വല്ലാതെ തെറ്റിദ്ധരിച്ചിരിക്കുകയാണെന്നും, അന്ന് സുധയുടെ ചേട്ടൻ വിവാഹക്കാര്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ, കാര്യമായിട്ട് ചോദിച്ചതായിരിക്കില്ലെന്ന് കരുതിയാണ് താൻ അങ്ങിനെ പറഞ്ഞതെന്നും, അടുത്ത ദിവസം നിങ്ങളെക്കുറിച്ചന്വേഷിച്ചപ്പോൾ നിങ്ങൾ അവിടം വിട്ടു പോയി എന്നാണ് അറിയാൻ കഴിഞ്ഞതെന്നും രാജൻ പറയുമ്പോൾ, അതിനെക്കുറിച്ചൊന്നും തന്നോട് ഒന്നും പറയേണ്ടെന്ന് സുധ നീരസത്തോടെ പറയുന്നു. അതുകേട്ട് താൻ സത്യം പറഞ്ഞെന്നേയുള്ളുവെന്ന് രാജൻ പറയുന്നു. തുടർന്ന്, നാരങ്ങാവെള്ളം കുടിക്കുന്നതിൽ വിരോധമില്ലല്ലോ എന്നു പറഞ്ഞ് രാജൻ അകത്തേക്ക് പോവുന്നു.
അകത്തു ചെന്ന രാജൻ കുറച്ചു മദ്യം അകത്താക്കി, ഒരു ഗ്ലാസിൽ നാരങ്ങാവെള്ളം തയ്യാറാക്കി അതിൽ കുറച്ചു മദ്യവും ചേർത്ത് സുധയ്ക്ക് കുടിക്കാൻ കൊടുക്കുന്നു. തുടർന്ന്, സുധ തന്നെ പിരിഞ്ഞ ദുഃഖം സഹിക്കാൻ കഴിയാഞ്ഞിട്ടാണ് താൻ മദ്രാസിൽ നിന്നും ഇവിടേക്ക് പോന്നത് എന്നു പറയുമ്പോൾ, സുധ വീണ്ടും തനിക്ക് അതൊന്നും കേൾക്കേണ്ടെന്ന് പറഞ്ഞ് നാരങ്ങാവെള്ളം കുടിച്ചു തുടങ്ങുന്നു. കുടിച്ചു കഴിഞ്ഞതും സുധയ്ക്ക് തല കറങ്ങുന്നത് പോലെ തോന്നുന്നു, അതന്വേഷിക്കുന്ന രാജനോട് തനിക്കെന്തോ പോലെ തോന്നുന്നുവെന്നും, കുടിക്കാൻ വെള്ളം വേണമെന്നും സുധ പറയുമ്പോൾ രാജൻ വീണ്ടും അകത്തേക്ക് പോവുന്നു. തിരിച്ചു വരുന്ന രാജൻ വീണ്ടും സുധയ്ക്ക് മദ്യം കലർത്തിയ വെള്ളം കൊടുക്കുന്നു. അതു കുടിച്ച സുധയ്ക്ക് തലകറക്കം കൂടുന്നു. അപ്പോൾ, സുധ കല്യാണം കഴിച്ച് സുഖമായി ജീവിക്കുന്നു, പക്ഷേ തന്റെ മരണം വരെ താൻ മറ്റൊരു സ്ത്രീയെ സ്നേഹിക്കുകില്ലെന്ന് രാജൻ പറയുമ്പോൾ, അർദ്ധബോധാവസ്ഥയിൽ അതിനെക്കുറിച്ചൊന്നും ഓർമ്മിപ്പിക്കരുതെന്ന് സുധ പറയുന്നു. സുധ അങ്ങിനെ പറയുന്നെങ്കിലും, സുധയുടെ മനസ്സിൽ രാജനുമായി ഉല്ലസിച്ചു നടന്ന ദിവസങ്ങൾ മിന്നി മറയുന്നു. അപ്പോൾ സുധ എണീറ്റ് നടക്കാൻ ശ്രമിക്കുമ്പോൾ കുഴഞ്ഞു വീഴാൻ പോവുന്ന അവളെ രാജൻ താങ്ങിപ്പിടിക്കുകയും, അവളെ പതുക്കെ തന്റെ കിടപ്പുമുറിയിലേക്ക് കൊണ്ടുപോവുകയും ചെയ്യുന്നു. അവിടെവെച്ച് രാജൻ സുധയുടെ ചാരിത്ര്യം കവർന്നെടുക്കുന്നു. സുധയ്ക്ക് ബോധം വരുമ്പോഴേക്കും സൂര്യൻ അസ്തമിച്ചിരുന്നു. ആ നേരത്ത് രാജന്റെ ഡ്രൈവർ വർഗീസ് (പറവൂർ ഭരതൻ) സുധയുടെ കാറുമായി വന്ന് കാറിന്റെ ചാവി രാജനെ ഏൽപ്പിച്ച് മടങ്ങുന്നു. അകത്തു വരുന്ന രാജൻ പൊട്ടിക്കരഞ്ഞുകൊണ്ട് നിൽക്കുന്ന സുധയോട്, നിന്നെ ഞാൻ ഒരിക്കലും മറക്കില്ലെന്ന് പറഞ്ഞ് കാറിന്റെ ചാവി സുധയുടെ കൈകളിൽ ഏൽപ്പിക്കുന്നു. വിങ്ങിക്കൊണ്ടേ സുധ കാറോടിച്ചു പോവുന്നു.
വീട്ടിലെത്തിയതും സുധയോട്, എന്തുകൊണ്ടാണ് ഇത്രയും വൈകിയത്, ഞങ്ങളെല്ലാവരും വിഷമിച്ചിരിക്കുകയായിരുന്നു, കൂട്ടുകാരിയോട് ഇത്രയേറെ സംസാരിക്കാൻ എന്തുണ്ടായിരുന്നു, നാളെയും പോകാമായിരുന്നില്ലേ എന്ന് നിർമ്മല ചോദിക്കുമ്പോൾ സുധ മറുപടിയൊന്നും പറയാതെ അകത്തേക്ക് പോവുന്നു. അകത്തേക്ക് ചെല്ലുന്ന സുധയോട്, താൻ കുറെ നേരം ഓഫീസിൽ കാത്തിരുന്നു എന്നും, സുധ അവിടെ വരാത്തത് കൊണ്ട് വീട്ടിൽ പോയിക്കാണുമെന്ന് കരുതി എന്നും, കൂട്ടുകാരിയോട് എല്ലാ സ്വകാര്യ കാര്യങ്ങളും പറഞ്ഞു തീർത്തുവല്ലേ എന്നും അവളെ കാത്തിരിക്കുന്ന മാധവൻകുട്ടി ചോദിക്കുമ്പോൾ അവിടെയും സുധ മൗനം പാലിക്കുന്നു. അവളുടെ മുഖത്തെ അവശത ശ്രദ്ധിക്കുന്ന മാധവൻകുട്ടി കാരണം ചോദിക്കുമ്പോൾ ഒന്നുമില്ലെന്ന് സുധ മുഖം നോക്കാതെ പറയുന്നു. അതുകേട്ട്, താൻ മിനിയുടെ വീട്ടിൽ വരാത്തതിന്റെ പരിഭവമായിരിക്കുമല്ലേ എന്നും, വരണം എന്ന് നീ പറഞ്ഞില്ലല്ലോ എന്നും പറയുമ്പോൾ, ഒന്നുമില്ലെന്ന് വീണ്ടും പറഞ്ഞ് സുധ കിടക്കയിൽ മുഖം താഴ്ത്തി ഇരിക്കുന്നു. അപ്പോൾ മാധവൻകുട്ടി അവളെ ആഹാരം കഴിക്കാൻ വിളിക്കുന്നു. അതിന് തനിക്ക് വേണ്ടെന്ന് സുധ പറയുമ്പോൾ, കൂട്ടുകാരി നല്ലപോലെ സൽക്കരിച്ചിട്ടുണ്ടാവുമല്ലേ എന്ന് കളിയാക്കി, എന്നാലും വന്ന് വല്ലതും കഴിക്കെന്ന് മാധവൻകുട്ടി പറയുമ്പോൾ, തനിക്ക് വിശപ്പില്ലെന്ന് സുധ പറയുന്നു. അപ്പോൾ, താൻ ഭക്ഷണം കഴിച്ചേച്ചു വരാമെന്ന് പറഞ്ഞ് ആഹാരം കഴിക്കാൻ പോവുന്നു. ആഹാരം കഴിച്ചു മടങ്ങുമ്പോൾ സുധ കട്ടിൽ മാറ്റിയിട്ട് ഒറ്റയ്ക്ക് കിടക്കുന്നത് കാണുന്ന മാധവൻകുട്ടി കാരണം തിരക്കുമ്പോൾ, ഇത്രയും നാൾ ഒന്നിച്ചു കിടന്നതല്ലേ, ഇനി അകന്നു കിടക്കാം, തനിക്ക് ഒറ്റയ്ക്ക് കിടന്നുറങ്ങണം എന്ന് സുധ പറയുന്നു. അതുകേട്ട്, ഇത്രയ്ക്കും പരിഭവിക്കാൻ എന്തുണ്ടായി എന്ന് ചോദിക്കുമ്പോൾ, തനിച്ചുറങ്ങണം എന്ന് മാത്രം സുധ പറയുന്നു. അപ്പോൾ, ഓഹോ വാശിയായിരിക്കും, എന്നാൽ ആരാ ജയിക്കുന്നത് എന്നറിയാല്ലോ എന്നു പറയുമ്പോൾ, സ്ത്രീയും പുരുഷനും തമ്മിൽ മത്സരിച്ചാൽ എപ്പോഴും തോൽക്കുന്നത് സ്ത്രീയായിരിക്കും എന്ന് സുധ പറയുന്നു. ഇരുവരും തനിച്ച് കിടന്നുറങ്ങുന്നു.
അടുത്ത ദിവസം രാവിലെ മണി പത്ത് കഴിഞ്ഞിട്ടും സുധ എഴുന്നേൽക്കാതെ കിടക്കുന്നത് കാണുന്ന മാധവൻകുട്ടി അവളോട് ഇത്രയും നേരമായിട്ടും എന്തേ എണീൽക്കാത്തത്, സുഖമില്ലേ എന്ന് ചോദിക്കുമ്പോൾ, തനിക്ക് കിടക്കണം എന്നു മാത്രം സുധ പറയുന്നു. അപ്പോൾ, തന്നെ ഓഫീസിൽ കൊണ്ടുവിടാൻ വരുന്നില്ലേ എന്ന് മാധവൻകുട്ടി ചോദിക്കുമ്പോൾ, തനിച്ചു പൊയ്ക്കൊള്ളു എന്ന് സുധ പറയുന്നു. അതുകേട്ട്, താൻ ഉച്ചയ്ക്ക് വരാമെന്ന് പറഞ്ഞ് ഓഫീസിലേക്ക് പോവുന്നു.
Audio & Recording
ചമയം
സംഗീത വിഭാഗം
നൃത്തം
Production & Controlling Units
ഈ ചിത്രത്തിലെ ഗാനങ്ങൾ
Contributors | Contribution |
---|---|
പോസ്റ്റർ |