സി എ ബാലൻ

C A Balan

എഴുത്തുകാരനും രാഷ്ട്രീയപ്രവർത്തകനും നടനുമായിരുന്ന സി എ ബാലൻ എന്ന ബാലകൃഷ്ണമേനോൻ 1919 മെയ് രണ്ടിന് തൃപ്പൂണിത്തുറയിൽ ചേളായിൽ തറവാട്ടിൽ ജനിച്ചു. അച്ഛൻ കേശവമേനോൻ. അമ്മ കല്യാണിയമ്മ.  സംസ്കൃതം വിഷയമാക്കി  തൃപ്പൂണിത്തറയിൽ തന്നെയായിരുന്നു ഇദ്ദേഹത്തിന്റെ വിദ്യാഭ്യാസവും. കാവ്യഭൂഷണം പരീക്ഷ പാസായ ബാലകൃഷ്ണമേനോൻ പഠനകാലത്തുതന്നെ രാഷ്ട്രീയത്തിലും തൽപരനായിരുന്നു.
  കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനായിരുന്ന  ഇദ്ദേഹം 1941 മുതൽ കോയമ്പത്തൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ തുടങ്ങി. തൊഴിലാളി സംഘടനകൾ ആയിരുന്നു പ്രധാന പ്രവർത്തനമേഖല. രാഷ്ട്രീയ കൊലപാതത്തിന്റെ പേരിൽ 1948ൽ അറസ്റ്റ് ചെയ്യപ്പെടുകയും 1951 ഏപ്രിലിൽ സെഷൻസ് കോടതി ഇദ്ദേഹത്തെ വധശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു. മേൽക്കോടതികൾ വിധി ശരിവച്ചെങ്കിലും പ്രസിഡന്റിന് നൽകിയ ദയാഹർജി പരിഗണിക്കപ്പെട്ട് 1952 ജൂലായിൽ വധശിക്ഷ ജീവപര്യന്തം തടവാക്കി മാറ്റി. വിചാരണത്തടവടക്കം 15 വർഷകാലം നീണ്ട ജയിൽവാസത്തിനു ശേഷം 1963 മെയ് 2 ന് ജയിൽ മോചിതനായ ഇദ്ദേഹം കുറച്ചുകാലം കൂടി രാഷ്ട്രീയ പ്രവർത്തനം നടത്തിയശേഷം 1967ഓടെ എഴുത്തിലും അഭിനയത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.       

 പി.ഭാസ്കരന്റെ സംവിധാനത്തിൽ 1967ൽ ഇറങ്ങിയ പരീക്ഷ എന്ന ചിത്രത്തിൽ വേലു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് സിനിമയിലെത്തിയ സി.എ. ബാലൻ പിന്നീട് വിരുതൻ ശങ്കു, തുറക്കാത്ത വാതിൽ, വീണ്ടും പ്രഭാതം, കരകാണാക്കടൽ, പൊന്നി തുടങ്ങി അൻപതോളം ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങളിൽ അഭിനയിച്ചു. 
     തമിഴ്ഭാഷയിൽ പാണ്ഡിത്യവും സ്വാധീനവുമുണ്ടായിരുന്ന ഇദ്ദേഹം ഏതാനും തമിഴ് കൃതികൾ രചിച്ചിട്ടുണ്ട്.. ഇതിനു പുറമേ തമിഴിലെ ചില പ്രധാന കൃതികൾ മലയാളത്തിലേക്കും മലയാള കൃതികൾ തമിഴിലേക്കും വിവർത്തനം ചെയ്തിട്ടുമുണ്ട്. പി.കേശവദേവിന്റെ ഭ്രാന്താലയം, തകഴിയുടെ ഏണിപ്പടികൾ, കയർ, എം.ടി യുടെ 'മഞ്ഞ്, നാലുകെട്ട് തുടങ്ങിയ നോവലുകൾ തമിഴിലേക്ക് പരിഭാഷപ്പെടുത്തിയ സി.എ.ബാലൻ ജയകാന്തന്റെ 'സില നേരങ്കളിൽ സില മനിതർകൾ', 'പാവം ഇവൾ ഒരു പാപ്പാത്തി' , അഖിലന്റെ 'ചിത്തിരപ്പാവൈ, 'പൊന്മലർ' തുടങ്ങിയ തമിഴ് കൃതികൾ മലയാളത്തിലാക്കിയിട്ടുമുണ്ട്.  മരണത്തെ മുന്നിൽക്കണ്ട് ജീവിച്ചകാലത്തെ ജയിലനുഭവങ്ങളെ മുൻനിർത്തി തൂക്കുമരത്തിന്റെ നിഴലിൽ എന്നൊരു പുസ്തകവും രചിച്ചിട്ടുണ്ട്.
     തങ്കമ്മയാണ് ഇദ്ദേഹത്തിന്റെ ഭാര്യ. 1994 ഡിസംബർ രണ്ടിന് സി.എ. ബാലൻ അന്തരിച്ചു.