വിജയൻ

Vijayan Thirur
Date of Birth: 
Wednesday, 17 May, 1944
Date of Death: 
Saturday, 22 September, 2007
തിരൂർ വിജയൻ
ശംഖുപുഷ്പം വിജയൻ
മീശ വിജയൻ
എഴുതിയ ഗാനങ്ങൾ: 14
കഥ: 9
സംഭാഷണം: 9
തിരക്കഥ: 8

മലപ്പുറം തിരൂർ സ്വദേശി. ആർമിയിൽ ഡോക്ടറായിരുന്ന മേജർ സി എസ് മേനോന്റെയും കല്യാണിക്കുട്ടിയമ്മയുടേയും മകനായി തിരൂർ കേളനല്ലൂർ വീട്ടിൽ ജനനം. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും പൂർത്തിയാക്കിയ ശേഷം പാരലൽ കോളേജ് അധ്യാപകനായി ജോലി ചെയ്തു. ഒപ്പം  നാടകരചനയും അഭിനയവുമായി കലാജീവിതവും തുടർന്നു. പിന്നീട് സിൻഡിക്കേറ്റ് ബാങ്കിൽ ഉദ്യോഗസ്ഥനായി കുറച്ചു നാൾ ജോലി നോക്കി. പത്രപ്രവർത്തനമാണ് തന്റെ ആത്യന്തികലക്ഷ്യമെന്ന് മനസിലാക്കിയ വിജയൻ സച്ചിദാനന്ദന്റെയും ആറ്റൂർ രവിവർമ്മയുടേയും ശുപാർശയോടെ, തൃശൂരിൽ നിന്നും പി കെ റഹീമിന്റെ പത്രാധിപത്യത്തിൽ പുറത്തിറങ്ങിയ 'ജ്വാല'യിൽ പത്രപ്രവർത്തകനായി തുടക്കമിട്ടു. കവിയും സാഹിത്യകാരനും സാംസ്കാരിക പ്രവർത്തകനുമായിരുന്ന എം ഗോവിന്ദൻ പത്രാധിപരായിരുന്ന 'സമീക്ഷ'യിൽ ജോലി ചെയ്തിരുന്ന കാലത്ത് എം ഗോവിന്ദന്റെ ശുപാർശയോടെയാണ് വിജയൻ സിനിമയിലേക്കെത്തുന്നത്. അരവിന്ദന്റെ ഉത്തരായനത്തിൽ തൊഴിലാളിവിരുദ്ധനായ തൊഴിലാളി നേതാവായി വിജയൻ വേഷമിട്ടു ശ്രദ്ധേയനായി. തുടർന്ന് രാമു കാര്യാട്ടിനോടൊപ്പം അൽപ്പകാലം ചിലവിട്ടുവെങ്കിലും കാര്യാട്ടിന് പടമൊന്നും ഇക്കാലയളവിൽ ഇല്ലാതിരുന്നതിനാൽ അവിടം വിട്ടു. സംവിധായകൻ ബേബിയെ പരിചയപ്പെടുന്നതോടെയാണ് വിജയൻ സിനിമാരംഗത്തെ കഥാകാരനുമായിത്തീർന്നത്. തന്റെ പുതിയ ചിത്രത്തിന് കഥ തിരക്കി നടന്നിരുന്ന ബേബിക്ക് വിജയന്റെ കഥ ഇഷ്ടമാവുകയും ശംഖുപുഷ്പം എന്ന സിനിമ രൂപം കൊള്ളുകയും ചെയ്തു. വിജയനേത്തന്നെ നായകനായി കാസ്റ്റ് ചെയ്തിരുന്നുവെങ്കിലും മഞ്ഞപ്പിത്തം മൂലം വിജയനതിൽ അഭിനയിക്കാൻ സാധിച്ചില്ല.അഭിനയിക്കാൻ വേണ്ടി കോടമ്പാക്കത്തെത്തുകയും അവസരമൊന്നുമില്ലാതെ മടങ്ങാൻ തയ്യാറെടുത്തിരുന്ന നടൻ സുകുമാരനാണ് ആ ഭാഗ്യം സിദ്ധിച്ചത്. ശംഖുപുഷ്പത്തിലൂടെ സുകുമാരൻ നായകനടനായി മാറി. ശംഖുപുഷ്പത്തിന്റെ കഥ എഴുതി സുരാസുവിനൊപ്പം തിരക്കഥയിലും പങ്കാളിയായ വിജയൻ തുടർന്ന് ലിസ, കാത്തിരുന്ന നിമിഷം, സൂര്യകാന്തി, വാടകവീട്, അമ്മയ്ക്കൊരുമ്മ തുടങ്ങി 25ഓളം മലയാള സിനിമകൾക്ക് തിരക്കഥയൊരുക്കി.

ചെന്നൈയിൽ മഹാലിംഗപുരത്ത് സംവിധായകൻ ബേബിയോടൊത്ത് താമസിക്കുമ്പോഴാണ് ക്യാമറാമാൻ ശ്രീ നിവാസ് വഴി തമിഴ് സിനിമയിൽ കാര്യമായ മാറ്റങ്ങൾ സൃഷ്ടിച്ച ഭാരതിരാജയെ പരിചയപ്പെടുന്നത്. ഭാരതിരാജയുടെ “കിഴക്കെ പോകും റെയിൽ” എന്ന സിനിമയിൽ സംവിധാന സഹായിയായി ചേർന്നെങ്കിലും  വിജയനിലെ നടനെ മനസിലാക്കിയ ഭാരതിരാജ ചിത്രത്തിൽ പ്രധാന റോൾ നൽകുകയായിരുന്നു. ഒപ്പം തന്റെ അടുത്ത ചിത്രമായ “നിറം മാറാത്ത പൂക്കൾ” എന്ന സിനിമയിലെ നായകനായും വിജയനെ കരാർ ചെയ്തു. ആദ്യ വേഷങ്ങൾ കൊണ്ട് തന്നെ പെട്ടെന്ന് ശ്രദ്ധേയനായ വിജയൻ തുടർന്ന് പശി, ഉതിരിപ്പൂക്കൾ, മൺവാസനൈ, പാലവനണ്ടറോജാക്കൾ, വേലി താണ്ടിയ വെള്ളാട്, മലർകളേ മലരുങ്കൾ, നായകൻ, റൺ, ആയുധം സെയ്വോം തുടങ്ങി നൂറിലേറെ തമിഴ് സിനിമകളിൽ വേഷമിട്ടു.  1980ൽ ഏകദേശം 28-ഓളം ചിത്രങ്ങളിൽ നായകനായോ തത്തുല്യമായ പ്രധാന റോളുകളിലോ അഭിനയിച്ച് റെക്കോർഡ് സൃഷ്ടിച്ചു.  

മലയാളചിത്രമായ കള്ളിച്ചെല്ലമ്മയുടെ തമിഴ് റീമേക്കായ പനിമരത്തിന്റെ ചിത്രീകരണത്തിനിടയിലെ അപകടമാണ് വിജയന്റെ താരപദവിയിൽ വില്ലനായി മാറിയത്. കാലൊടിഞ്ഞ് ആറുമാസത്തോളം കിടക്കയിലാണ്ടതോടെ ഏകദേശം 22-ഓളം ചിത്രങ്ങൾ മുടങ്ങി.വിജയന്റെ ആകാര സവിശേഷതയും പേരുമുണ്ടായിരുന്ന നടൻ വിജയകാന്തിനാണ് വിജയനു വേണ്ടി വയ്ക്കപ്പെട്ട റോളുകൾ അഭിനയിക്കാൻ ഭാഗ്യമുണ്ടായത്. വിജയന്റെ കരിയറിൽ അതൊരു തിരിച്ചടിയായി, വിജയന് ഒരിക്കലും പഴയ പ്രതാപത്തിലേക്ക് കരകയറുവാൻ സാധിച്ചില്ല. വർഷങ്ങൾക്ക് തിരികെ വരാൻ ശ്രമം നടത്തിയെങ്കിലും വില്ലൻ വേഷങ്ങളിലും ചെറിയ വേഷങ്ങളിലുമായി അതൊടുങ്ങി. രമണ, ഫൈവ്സ്റ്റാർ, റൺ, വല്ലവൻ, കാശ്മീർ, ജനനം, വികടൻ, പാലൈ വനൈ തെൻട്രല് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. മലയാളത്തില് സുവീരന്റെ 'സൗണ്ട് മെഷീൻ'' എന്ന ടെലിഫിലിമിലാണ് അവസാനമായി അഭിനയിച്ചത്. ഗാണ്ഡീവം, ഇവൻ രാജാവ്, ഗോവ, ആഗസ്റ്റ് 1 എന്നീ സിനിമകളിലാണ് രണ്ടാം വരവിൽ വിജയൻ വേഷമിട്ട മലയാള സിനിമകൾ. കൊച്ചിരാജാവാണ് അവസാനത്തെ മലയാള സിനിമ. തമിഴിൽ സുന്ദർ സിയുടെ ആയുധം സെയ്‌വോം ആയിരുന്നു അഭിനയിച്ചുകൊണ്ടിരുന്ന അവസാനത്തെ സിനിമ. ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് പോകുമ്പോൾ ഹൃദയസ്തംഭനം അനുഭവപ്പെടുകയും തുടർന്ന് ചെന്നൈയിൽ സ്വകാര്യ ആശുപത്രിയിൽ മരണപ്പെടുകയുമായിരുന്നു. 

മുൻ കേരളാ മുഖ്യമന്ത്രിയായയിരുന്ന ഇ കെ നായനാരുടെ സഹോദരൻ ഇ രാഘവൻ നായരുടെ മകൾ മഞ്ജുളയാണ് വിജയന്റെ ഭാര്യ. മകൾ ജ്വാല.

കൗതുകങ്ങൾ 

പികെ ശ്രീനിവാസന്റെ കോടമ്പാക്കം ബ്ലാക്ക് & വൈറ്റ് പുസ്തകത്തിൽ നിന്ന് :- “ എം ജി ആറിനു ശേഷം തമിഴകം ഏറ്റവും ആരാധിച്ച നടൻ വിജയൻ ആയിരുന്നു”. തമിഴ് സിനിമ ഭാരതിരാജയിലൂടെ എല്ലാ അർത്ഥത്തിലും നവഭാവുകത്വത്തിന് വഴി തെളിയിക്കപ്പെട്ടപ്പോൾ ഭാരതിരാജക്ക് കിട്ടിയ ഏറ്റവും നല്ല അസംസ്കൃത വസ്തുവായിരുന്നു വിജയൻ.ഒരു പക്ഷേ നല്ലസിനിമയേക്കുറിച്ച് ഭാരതീരാജയേക്കാൾ ബോധ്യമുണ്ടായിരുന്ന ആൾ. തുടർച്ചയായി തമിഴ് സിനിമകളിൽ നായകനായിത്തിളങ്ങിയതോടെ മൗണ്ട് റോഡിലും തമിഴകത്തെ തെരുവോരങ്ങളിലും ആകാശം മുട്ടെ വിജയന്റെ വൻ കട്ടൗട്ടുകൾ ഉയർന്നു. അച്ചടിമാധ്യമങ്ങൾ വിജയന്റെ മുഖം കവർചിത്രമാക്കാൻ മത്സരിച്ചു. വിജയന്റെ ഡേറ്റുകൾക്ക് വേണ്ടി നിർമ്മാതാക്കൾ നെട്ടോട്ടമോടി. എം ജി ആർ പോലും തലകുലുക്കി സമ്മതിച്ചു “ ഇവൻ എന്നുടയ അടുത്ത വാരിശ്ശിതാൻ..! ( ഇവനെന്റെ അവകാശി തന്നെ). ഒരിക്കൽ വിജയൻ ചെറിയൊരപകടത്തിൽ കൈവിരലിനു പരിക്കേറ്റ് ചെന്നൈയിലെ ആശുപത്രിയിലായപ്പോൾ പതിനായിരങ്ങൾ ഗ്രാമങ്ങളിൽ നിന്ന് തീവണ്ടിയിലും ലോറിയിലും കാളവണ്ടിയിലുമൊക്കെ കയറി നഗരത്തിലെത്തി റോഡുകൾ ഉപരോധിച്ച സംഭവം സംഗീതസംവിധായകൻ കെ രാഘവൻ മാഷ് പണ്ട് അത്ഭുതത്തോടെ ഒരിക്കൽ എന്നോട് പറഞ്ഞിട്ടുണ്ട്. അന്ന് മാഷ് ലിബർട്ടി തിയറ്ററിനു സമീപമായിരുന്നു താമസിച്ചിരുന്നത്. വിജയൻ ആശുപത്രിയിൽ നിന്ന് ഇറങ്ങാതെ അവർ മടങ്ങിയില്ല.വിജയൻ അവരുടെ കൺ കണ്ട ദൈവമായി. ആ മീശക്കാരന്റെ ചില്ലിട്ട ചിത്രങ്ങൾ അവർ വീട്ടിലെ പൂജാമുറിയിൽ ദൈവത്തിന്റെ സമീപത്ത് വച്ച് ആരാധിച്ചു”.

ഹിന്ദു പത്രത്തിൽ നിന്നുള്ള അവലംബത്തിൽ നിന്ന് : - മദ്രാസിൽ വിജയന്റെ കൂടെ താമസിച്ചിരുന്ന സിനിമാ സംവിധായകൻ ടിവി ചന്ദ്രന്റെ ഓർമ്മ ഇപ്രകാരം – കവി സച്ചിദാനന്ദന്റെ അടുത്ത സുഹൃത്തായിരുന്നു വിജയൻ.സാഹിത്യവാസനയുണ്ടായിരുന്ന,തിരൂർ വിജയൻ എന്ന പേരിൽ നിരവധി കഥകളെഴുതിയിരുന്ന,പിന്നീട് ജനപ്രിയ താരമായിരുന്ന വിജയന് ഒരു ദീപാവലി സീസണിൽ നാലിലധികം സിനിമകൾ തന്റേതായി റിലീസുകൾ  ചെയ്യപ്പെട്ട സംഭവമുണ്ടായിരുന്നു.തമിഴിൽ പോപ്പുലറായ വിജയൻ ഒരിക്കൽ മധുര റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയപ്പോൾ അതേ ട്രെയിനിലുണ്ടായിരുന്ന ശിവാജി ഗണേശനേപ്പോലും അവഗണിച്ച് വിജയനെ കാണാൻ ആളുകൾ കൂട്ടം കൂടിയ സംഭവം ശിവാജി ഗണേശനെ ആരാധിച്ചിരുന്ന വിജയനേപ്പോലും വേദനിപ്പിച്ചിരുന്നത് വിജയൻ തന്നെ പറഞ്ഞ്  ചന്ദ്രൻ ഓർക്കുന്നു. ശാന്തി എന്ന നർത്തകിക്ക് സീമയെന്ന ശ്രദ്ധേയമായ പേരിട്ട് കൊടുത്തതും വിജയൻ ആയിരുന്നു എന്ന കൗതുകം ഐവി ശശിയും പങ്ക് വയ്ക്കുന്നു.

എം3ഡിബി ഫോറത്തിൽ നിന്നുള്ള ചർച്ചയിൽ നിന്ന് :- മദിരാശി ദേശം : പ്രേംനസീർ ഷൂട്ടിങ്ങിനായി സ്വന്തം വീട്ടിൽ നിന്നും ഇറങ്ങി.നസീറിന്റെ കാർ കുറച്ചു മുന്നോട്ടെടുത്തപ്പോൾ റോഡിലെ ആൾക്കൂട്ടം മൂലം മുന്നോട്ടു പോവാൻ കഴിയാതെയായി. ഒടുവിൽ ആ ആൾക്കൂട്ടത്തിനു കാരണക്കാരനായ നടൻ തന്നെ വരേണ്ടി വന്നു എല്ലാവരെയും പിരിച്ചു വിടുവിച്ചു നസീറിന്റെ കാറിനു വഴികൊടുക്കാൻ.കാരണം ആ നടന്റെ വീടിന്റെ മുൻപിലാണ് തമിഴ് ആരാധകർ ഇരച്ചെത്തിയത്. നടനെ ഒരു നോക്ക് കാണാൻ വേണ്ടിയാണ് കൊച്ചു വെളുപ്പാൻ കാലത്ത് തന്നെ അവരെത്തിയത് .നസീർ സാറിന്റെ മുൻപിൽ വിനീതനായി നിന്ന പുള്ളിക്കാരനെ നോക്കി നസീർ പറഞ്ഞ വാക്കുകൾ ആ നടന്റെ ജനപ്രീതി വെളിവാക്കുന്നു "മലയാളിയായ വിജയൻ നമുക്കെല്ലാം അഭിമാനമാണ് "

തമിഴിലെ സൂപ്പർസ്റ്റാറായി മാറിയ വിജയകാന്ത് വിജയന്റെയും രജനീകാന്തിന്റെയും പേരുകളാണ് വിജയകാന്ത് എന്നാക്കിമാറ്റിയത്.

അവലംബങ്ങൾ :